
കായംകുളം: വാടകവീട്ടിൽ സ്ത്രീയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാപ്പിൽമേക്ക് ശ്രീനിലയം വീട്ടിൽ ശ്രീവത്സൻ പിള്ള(58)യാണ് അറസ്റ്റിലായത്. ഇയാളെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
കൃഷ്ണപുരം പുള്ളിക്കണക്ക് പത്മവിലാസം വീട്ടിൽ രാജേശ്വരിയമ്മയെയാണ് (48) കഴിഞ്ഞദിവസം അടുക്കളയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട്, വിശദമായ അന്വേഷണത്തിൽ രാജേശ്വരിയമ്മയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തുകയായിരുന്നു
ഇവർക്ക് സാമ്പത്തികബാധ്യതയുള്ളതിനാൽ രണ്ടുപേരുംകൂടി ആത്മഹത്യചെയ്യാമെന്ന് തീരുമാനിച്ചു. രാജേശ്വരിയമ്മ മരിച്ചശേഷം താനും മരിക്കാമെന്ന് അവരെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇരുവരും വാടകയ്ക്കു താമസിക്കുന്ന പുള്ളിക്കണക്കിലെ വീടിന്റെ അടുക്കളയുടെ മേൽക്കൂരയിൽ സാരിയുടെ ഒരറ്റംകെട്ടി ഇയാൾ കുരുക്കിട്ടു. രാജേശ്വരിയമ്മയെ സ്റ്റൂളിൽ കയറ്റി നിർത്തുകയും കഴുത്തിൽ കുരുക്കു മുറുക്കിയ ശേഷം സ്റ്റൂളെടുത്ത് മാറ്റുകയുമായിരുന്നു.
മരണം ഉറപ്പാക്കിയശേഷം സ്കൂട്ടറിൽ ശ്രീവത്സൻ രക്ഷപ്പെട്ടു. പിന്നീട്, വെട്ടിക്കോട് ഷാപ്പിൽനിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. നേരത്തേ അപകടത്തിൽ പരിക്കേറ്റ ഇയാൾക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. സയന്റിഫിക് ഓഫീസർ, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി. കായംകുളം ഡിവൈ.എസ്.പി. ബാബുക്കുട്ടന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.