കൊച്ചി: കൊച്ചിയിൽ നടിയെ ആകമിച്ച കേസിൽ കാവ്യ മാധവന് വീണ്ടും നോട്ടീസ്. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഈ മാസം ആറിന് കാവ്യക്ക് നോട്ടീസ് നൽകിയത്. വീട്ടിൽ വെച്ചുമാത്രമേ തന്നെ ചോദ്യം ചെയ്യാവൂ എന്ന നിലപാട് കാവ്യ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഹാജരാകുന്ന സ്ഥലം അറിയിക്കണമെന്നും നോട്ടീസിൽ അന്വേഷണ സംഘം ആവശ്യപ്പെടുന്നു. ഇതനുസരിച്ച് ആലുവയിലെ പത്മ സരോവരം വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ മറുപടി നൽകിയതായാണ് വിവരം. എന്നാൽ ഇതിന് ക്രൈംബ്രഞ്ച് മറുപടി നൽകിയിട്ടില്ല.
നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഡാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് കാവ്യയ്ക്ക് നോട്ടീസ് നൽകിയിരുന്നത്. നേരത്തെയും ദിലീപിന്‍റെ പത്മ സരോവരം വീട്ടിൽ വെച്ച് ചോദ്യംചെയ്യലാകാമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചിരുന്നത്.
എന്നാൽ പദ്മസരോവരം വീട്ടിൽ പോയി ചോദ്യം ചെയ്യേണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. പ്രോജക്ടർ ഉപയോഗിച്ച് ചില ദൃശ്യങ്ങൾ കാണിച്ചും സംഭാഷണ ശകലങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയിൽ നിന്ന് വിവരങ്ങൾ തേടാൻ തീരുമാനിച്ചിരുന്നത്. പദ്മസരോവരം വീട് ഇതിന് പറ്റിയ ഇടമല്ല എന്നാണ് വിലയിരുത്തൽ.
അതേ സമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് 30 തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. കേസിന്‍റെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു.
ദിലീപിനെതിരായ ഗൂഡാലോചനക്കുറ്റം തെളിയിക്കാൻ പറ്റിയ സാക്ഷികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കേസിൽ നിർണായകമെന്ന് കരുതുന്ന ഇവരുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും. നടിയെ ആക്രമിച്ചതിന് പിന്നാലെ ഒളിവിൽപ്പോയ മുഖ്യപ്രതി പൾസർ സുനി പിന്നീട് കൊച്ചിയിലെ കാവ്യാ മാധവന്‍റെ ലക്ഷ്യ എന്ന വസ്ത്രസ്ഥാപനത്തിലെത്തിയിരുന്നു. ദിലീപിനെ അന്വേഷിച്ചായിരുന്നു സുനി സ്ഥാപനത്തിലെത്തിയത്. എന്നാൽ വിസ്താര ഘട്ടത്തിൽ സാക്ഷിയായ സാഗർ മൊഴിമാറ്റി. സാക്ഷികളെ കൂറുമാറ്റാൻ ദിലീപും ഒപ്പമുളളവരും ശ്രമിച്ചതിന്‍റെ തെളിവുകൾ അന്വേഷണസംഘത്തിന്‍റെ പക്കലുണ്ട്. ഇത് മുൻനിർത്തിയാണ് വീണ്ടും വിളിച്ചുവരുത്തുന്നത്. കേസിന്‍റെ വിസ്താരം പുനരാരംഭിക്കുമ്പോൾ ഈ തെളിവുകൾ നിരത്തി സാക്ഷികൾ കൂറുമാറിയതിന്‍റെ കാരണം കോടതിയെ ധരിപ്പിക്കാനാണ് നീക്കം.