CrimeKeralaNews

കട്ടപ്പന ഇരട്ടക്കൊല: തുടർച്ചയായി മൊഴിമാറ്റി പ്രതി, നവജാതശിശുവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്താനായില്ല

കട്ടപ്പന: നവജാതശിശുവിനെയും മുത്തച്ഛൻ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിജയനെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ‌ ദുരൂഹത തുടരുന്നു. കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്താൻ കഴിഞ്ഞില്ല. അറസ്റ്റിലായ പ്രതി നിതീഷ് മൊഴിമാറ്റിപ്പറയുന്നതാണ് പ്രശ്നമാകുന്നത്. എട്ടുവർഷം മുമ്പ് നടന്ന കൊലപാതകമാണെങ്കിലും മുടിയുടെ അവശിഷ്ടങ്ങളും തലയോട്ടിയുടെ ഭാഗങ്ങളും കണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

കുഞ്ഞിനെ സാഗര ജങ്ഷന് സമീപമുള്ള വിജയന്റെ വീടിനോട് ചേർന്നുള്ള തൊഴുത്തിൽ കുഴിച്ചിട്ടുവെന്നായിരുന്നു നിതീഷിന്റെ ആദ്യ മൊഴി. വീടിനോട് ചേർന്നുള്ള തൊഴുത്തിന്റെ തറ പൊളിച്ചുപരിശോധിച്ചെങ്കിലും മൃതദേഹാവശിഷ്ടം കണ്ടെത്താൻ കഴിഞ്ഞില്ല.

മൃതദേഹം കത്തിച്ചുകളഞ്ഞെന്നും തിരിച്ചുകിട്ടാനാകാത്തവിധം നശിപ്പിച്ചെന്നും നിതീഷ് തിങ്കളാഴ്ച മൊഴി മാറ്റിയെന്നാണ് വിവരം. വിജയന്റെ മൃതദേഹം ഞായറാഴ്ച കാഞ്ചിയാറിലെ വാടകവീട്ടിലെ തറ കുഴിച്ച് കണ്ടെത്തിയിരുന്നു. 2016 ജൂലായിലാണ് കുട്ടിയെ കൊന്നത്. വിവാഹം കഴിക്കാതെ നിതീഷിന് വിജയന്റെ മകളിൽ ഉണ്ടായ ആൺകുട്ടിയെ ജനിച്ച് ഏതാനും ദിവസങ്ങൾക്കകം ദുരഭിമാനത്തിന്റെ പേരിൽ കൊലപ്പെടുത്തിയെന്നാണ് വിവരം. നിതീഷിനൊപ്പം വിജയനും മകൻ വിഷ്ണുവിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് എഫ്.ഐ.ആറിൽ ഉണ്ട്.

ഇരട്ടക്കൊലക്കേസിൽ കൊല്ലപ്പെട്ട നെല്ലാനിക്കൽ വിജയനും പ്രതിയായ വിഷ്ണുവും പ്രദേശവാസികളോട് നന്നായി ഇടപെട്ടിരുന്നുവെന്ന് നാട്ടുകാർ. നിതീഷ്, വിഷ്ണുവുമായി സൗഹൃദം സ്ഥാപിച്ചപ്പോൾ ബന്ധുക്കളും അയൽവാസികളും വിജയനും കുടുംബത്തിനും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ വിജയനും കുടംുബവും ഇത് പൂർണമായും അവഗണിച്ചു.

നിതീഷിൽനിന്നു വിജയന്റെ മകൾ ഗർഭിണിയായതോടെ ഇവർ നാട്ടുകാരിൽനിന്നു അകന്നു.മകൾ ഗർഭിണിയായ വിവരം പുറത്തറിയാതിരിക്കാൻ മകളുടെ കൈയ്ക്ക് മരപ്പാണെന്നും വിശ്രമത്തിലാണെന്നും അയൽവാസികളോട് പറഞ്ഞു.

ചികിത്സയില്ലേയെന്ന ചോദ്യത്തിന് ആശുപത്രിയിൽ പോകുന്നുണ്ടെന്നും പൂജകൾ ചെയ്യുന്നുണ്ടെന്നുമായിരുന്നു വിവരം.ഏറെക്കാലത്തിനുശേഷം നിതീഷിന് വിജയന്റെ മകളിൽ കുഞ്ഞുണ്ടായതായി അയൽവാസികളിൽ ചിലർ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

നഗരമധ്യത്തിൽ തന്നെ രണ്ടരയേക്കറോളം ഭൂമി വിജയന് കുടുംബസ്വത്തായി ലഭിച്ചിരുന്നു. പലപ്പോഴായി ഭൂമിയുടെ വലിയൊരുഭാഗം വിറ്റഴിച്ചു. പിന്നീട് വീടും കുറച്ച് സ്ഥലവും മാത്രമാണ് ഉണ്ടായിരുന്നത്. ഏഴുവർഷം മുൻപ് ഒരുകോടി രൂപയോളം വാങ്ങിയാണ് വീടും സ്ഥലവും വിൽക്കുന്നത്. ഇങ്ങനെ വിറ്റ പണത്തിൽ വലിയൊരു ഭാഗം നിതീഷ് കൈക്കലാക്കിയിരുന്നു. പുറത്തുനിന്നു ആളുകൾ വന്ന് മന്ത്രവാദം ചെയ്തതായും സൂചനയുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപ് കാഞ്ചിയാറിൽ ഇവരെ അയൽവാസികൾ കണ്ടപ്പോൾ എവിടെയാണ് താമസമെന്ന് ചോദിച്ചെങ്കിലും താമസസ്ഥലം വെളിപ്പെടുത്താൻ തയ്യാറായില്ല.

ഒട്ടേറെ സ്ഥലങ്ങളിൽ ഇവർ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. നരിയംപാറ ഭാഗത്ത് നഗരത്തിലെ ഒരു വ്യാപാരിയുടെ വീട്ടിൽ ഇവർ വാടകയ്ക്ക് താമസിച്ചിരുന്നു. ഏറെ സൗകര്യങ്ങളുള്ള വലിയ വീടിന്റെ വാടക കുടിശ്ശികയിനത്തിൽ ലക്ഷങ്ങൾ കൊടുക്കാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വീട്ടുടമ വാടക ചോദിച്ചപ്പോഴൊക്കെ മകൾ വിദേശത്താണെന്നും പണം ലഭിക്കാനുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. വിജയന്റെ മകളെ പുറത്തുകാണാത്ത വ്യാപാരി സംഭവം വിശ്വസിച്ചു. എന്നാൽ വാടക കിട്ടാതെ സഹികെട്ടതോടെ വ്യാപാരി ഇവരെ വീട്ടിൽനിന്നു ഇറക്കിവിട്ടു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker