തിരുവനന്തപുരം: കാര്യവട്ടം കാംപസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ പോലീസ്. കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. ആത്മഹത്യയാണെങ്കിൽ അയാൾ വിചിത്ര സ്വഭാവമുള്ളയാളാകാമെന്നാണ് പോലീസ് പറയുന്നത്. അങ്ങനെയാണെങ്കിലാണ് ഇത്തരമൊരു സ്ഥലവും ഈ രീതിയും തിരഞ്ഞെടുത്തതെന്നാണ് പോലീസ് പറയുന്നത്.
2021-ലാകണം സംഭവം നടന്നത്. കോവിഡ് ലോക് ഡൗൺ കാലമായതിനാൽ ഇവിടെ ജനത്തിരക്കുമുണ്ടാകില്ല. ജല അതോറിറ്റിയുടെ ഭൂനിരപ്പിലുള്ള പഴയ വാട്ടർ ടാങ്കിനുള്ളിൽ മുകളിലെ മാൻഹോളിന് താഴെയാണ് അസ്ഥികൂടം കണ്ടെത്തിയത്.
ദ്രവിച്ച ഒരു കയറും കിട്ടിയിരുന്നു. അലുമിനിയം ഏണിയും അകത്തേക്ക് കെട്ടിയിറക്കിയിട്ടുണ്ട്. ഇത്രയും ബുദ്ധിമുട്ടി ഒരാൾ ആത്മഹത്യ ചെയ്യണമോയെന്ന് പോലീസിനോട് ചോദിച്ചപ്പോഴാണ് അയാൾ ചിലപ്പോൾ വിചിത്ര സ്വഭാവമുള്ളയാളാകുമെന്ന മറുപടി നൽകിയത്.
മുൻപ് വാട്ടർ ടാങ്കിന് സമീപം വലിയ മതിലുണ്ടായിരുന്നില്ലെന്നും അടുത്തകാലത്താണ് പണിതതെന്നും യൂണിവേഴ്‌സിറ്റി അധികൃതർ പോലീസിനെ അറിയിച്ചിട്ടുണ്ട്. ടെക്‌നോപാർക്ക് ഭാഗത്തേക്ക് എളുപ്പമെത്താൻ മുൻപ് ഈ വഴി ആളുകൾ ഉപയോഗിച്ചിരുന്നുവെന്നും പറയുന്നു. ടെക്‌നോപാർക്കിന് സമീപമായതിനാൽ പോലീസ് സംശയിക്കുന്ന അവിനാശിന് ഈ സ്ഥലം പരിചയമുണ്ടാകാനിടയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
2021-ൽ മതിൽ ഇടിഞ്ഞുകിടക്കുകയായിരുന്നു. ആ സമയം ഈ കെട്ടിടം റോഡിൽ കൂടി പോകുന്നയാൾക്ക് കാണാമായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. അമ്പലത്തിൻകര-തൃപ്പാദപുരം റോഡ് വഴി ടെക്‌നോപാർക്ക് ബാക്ക് ഗേറ്റിലേക്ക് പോകാൻ ഈ വഴി പലരും ഉപയോഗിക്കാറുണ്ട്.
40 വർഷം മുൻപ് ഉപേക്ഷിച്ച, ഭൂനിരപ്പിലുള്ള വാട്ടർ ടാങ്കിനുള്ളിലാണ് മൃതദേഹം കണ്ടത്. പതിനഞ്ചടിയോളം താഴ്ചയുള്ള ടാങ്കിനു മുകളിൽ ആറ് മാൻഹോളുകളുണ്ട്. ഇതിൽ രണ്ടെണ്ണം തുറന്നുകിടക്കുകയാണ്. ഇതിലൊന്നിനു താഴെയാണ് അസ്ഥികൂടം കണ്ടത്. കൊലപ്പെടുത്തിയതിനു ശേഷം കെട്ടിത്തൂക്കിയതാവാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
സർവകലാശാലാ കാംപസിലേക്കു വെള്ളമെത്തിക്കാൻ 1980-കളിൽ സ്ഥാപിച്ചതാണ് വാട്ടർ ടാങ്കും ഒപ്പമുള്ള പമ്പ് ഹൗസും. നഗരപരിധി ഉള്ളൂർ വരെ മാത്രമായിരുന്ന സമയത്താണ് അരുവിക്കരയിൽനിന്ന് പള്ളിപ്പുറം സി.ആർ.പി.എഫ്. ക്യാമ്പിലേക്ക് വെള്ളമെത്തിക്കാൻ പൈപ്പിടുന്നത്.
ഇതിന്റെ ഭാഗമായാണ് കാംപസിൽ വെള്ളമെത്തിക്കാൻ ടാങ്ക് സ്ഥാപിച്ചത്. ഇവിടെനിന്നു വെള്ളം പമ്പുചെയ്താണ് ക്വാർട്ടേഴ്‌സുകളിലേക്കും സർവകലാശാലാ പഠനവിഭാഗങ്ങളിലേക്കും നൽകിയിരുന്നത്.തുടർന്ന് ഓവർഹെഡ് ടാങ്കുകൾ വന്നതോടെ ഇത് ഉപേക്ഷിച്ചു. രണ്ടുപതിറ്റാണ്ടിലേറെയായി ടാങ്ക് കാടുമൂടി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.
2018-ൽ ജല അതോറിറ്റി ഇവിടെ പുതിയ ഓഫീസ് പണിയാൻ ആരംഭിച്ചു. 30 സെന്റോളം സ്ഥലമാണുണ്ടായിരുന്നത്. എന്നാൽ, ഇതു തങ്ങളുടെ സ്ഥലമാണെന്നു ചൂണ്ടിക്കാട്ടി സർവകലാശാല രംഗത്തെത്തി. ജല അതോറിറ്റിക്ക് പമ്പ് ഹൗസ് കെട്ടാൻ മാത്രമാണ് അനുവാദം നൽകിയതെന്നും ഉടമസ്ഥാവകാശം തങ്ങൾക്കാണെന്നും സർവകലാശാല തെളിയിച്ചു.
ഇതോടെ ജല അതോറിറ്റിക്ക് പണി ഉപേക്ഷിക്കേണ്ടിവന്നു. വാട്ടർ ടാങ്ക് അപകടാവസ്ഥയിലാണെന്നും മേൽത്തട്ട് ബലക്ഷയം വന്ന് ഇടിഞ്ഞുവീഴാവുന്ന നിലയിലാണെന്നും അഗ്നിരക്ഷാസേന പരിശോധയിൽ കണ്ടെത്തി.ടാങ്ക് അടിയന്തരമായി പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് സർവകലാശാലയ്ക്കു കത്തുനൽകുമെന്ന് അധികൃതർ അറിയിച്ചു.