ചെന്നൈ ഫഹദ് ഫാസില്‍ അപാര ടാലന്റുള്ള നടനാണെന്നും ദക്ഷിണേന്ത്യയുടെ സ്വത്താണെന്നും ഉലകനായകന്‍ കമല്‍ ഹാസന്‍. ‘വിക്ര’മില്‍ ഫഹദ് ഫാസിലും വിജയ് സേതുപതിയും തകര്‍ത്തഭിനയിക്കുമ്പോള്‍ ഞാന്‍ അവരില്‍നിന്ന് പഠിക്കുകയായിരുന്നു. അവരെവെച്ച് ചിത്രം സംവിധാനം ചെയ്യണമെന്നുപോലും ആഗ്രഹിച്ചുപോയി. ഫഹദ് അപാര ടാലന്റുള്ള നടനാണ്. കേരളത്തിന്റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെ സ്വത്താണ് ഫഹദ്. ഈ ചിത്രത്തിലേക്ക് ഫഹദിനെ തെരഞ്ഞെടുക്കാന്‍ കാരണം അദ്ദേഹത്തിന്റെ കഴിവ് മാത്രമാണ്. അല്ലാതെ മലയാളിയായതുകൊണ്ടല്ല -കമല്‍ പറഞ്ഞു.
അടുത്ത പത്ത് വര്‍ഷം പ്രേക്ഷകരുടെ മനസ്സില്‍ മായാതെ തങ്ങിനില്‍ക്കുന്ന സിനിമയായിരിക്കും വിക്രം എന്നും അദ്ദേഹം പഞ്ഞു. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് വിക്രം ഒരുക്കിയിരിക്കുന്നത്. സ്റ്റണ്ടിലും കൊറിയോഗ്രഫിയിലുമെല്ലാം സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
മലയാള സിനിമയില്‍ അഭിനയിക്കാന്‍ എപ്പോഴും തയാറാണ്. പക്ഷേ, അതിനൊത്ത കഥയും കഥാപാത്രവും സംവിധായകനും ഒത്തുവരുന്നില്ല എന്നതു മാത്രമാണ് പ്രശ്‌നം. മലയാളത്തിലും തമിഴിലും ഒരുപോലെ ഇറങ്ങുന്ന ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന സാധ്യത ഇപ്പോഴുണ്ട്. എന്നാല്‍, സംവിധായകര്‍ അതിന് തയാറാകുന്നില്ല. സിനിമയുടെ തന്മയത്വം പോകുമോ എന്നാണ് മലയാള സംവിധായകരുടെ പേടി. ഈ പേടി മാറ്റി അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞാല്‍ ഞാന്‍ മലയാള സിനിമയില്‍ ഇനിയുമെത്തും -കമല്‍ ഹാസന്‍ വ്യക്തമാക്കി.
കമല്‍ ഹാസന്റെ കരിയറിലെ ഏറ്റവും മികച്ച വിജയത്തിലേക്ക് കുതിക്കുകയാണ് വിക്രം . തമിഴ്‌നാടിനു പുറമെ രാജ്യത്തും പുറത്തുമായി റിലീസ് ചെയ്യപ്പെട്ട എല്ലാ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന പ്രതികരണം ഏതൊരു വിതരണക്കാരനെയും നിര്‍മ്മാതാവിനെയും കൊതിപ്പിക്കുന്ന ഒന്നാണ്.
ജൂണ്‍ 3ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയത് 5.02 കോടിയായിരുന്നു. ആദ്യ അഞ്ച് ദിനങ്ങളില്‍ 22.29 കോടിയും. ഇപ്പോഴിതാ ശനിയാഴ്ച വരെയുള്ള, അതായത് ആദ്യ 9 ദിനങ്ങളിലെ കളക്ഷന്‍ കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. വിക്രം കേരളത്തില്‍ നിന്ന് 9 ദിവസം കൊണ്ട് നേടിയത് 28.5 കോടി രൂപയാണെന്ന് ബോക്‌സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകള്‍ അറിയിക്കുന്നു. ചിത്രം കേരളത്തില്‍ നിന്ന് 25 കോടി ക്ലബ്ബില്‍ പ്രവേശിച്ച വിവരം പ്രമുഖ ട്രേഡ് അനലിസ്റ്റുകളും ട്വീറ്റ് ചെയ്തിരുന്നു.
ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യ രണ്ട് ദിവസം കൊണ്ടുതന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രവുമാണിത്. കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമാ വ്യവസായത്തിനു തന്നെ ആത്മവിശ്വാസം പകര്‍ന്നുകൊടുത്ത ചിത്രങ്ങളുടെ കൂട്ടത്തില്‍ വിക്രവും പെടും. മില്ലെനിയല്‍സ് എന്നു വിളിക്കപ്പെടുന്ന തലമുറയെ തിയറ്ററുകളില്‍ എത്തിച്ചു എന്നതാണ് വിക്രത്തിന്റെ ഒരു പ്രധാന നേട്ടമായി ട്രേഡ് അനലിസ്റ്റുകള്‍ കാണുന്നത്. ഒപ്പം സമീപകാലത്ത് ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ ലഭിച്ച ചിത്രവുമാണിത്.
രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ഡിസ്‌നി. ലോകേഷിനൊപ്പം രത്‌നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹകന്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി, ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്‌സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം സെന്തില്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് മഗേഷ് ബാലസുബ്രഹ്മണ്യം, സന്തോഷ് കൃഷ്ണന്‍, സത്യ, വെങ്കി, വിഷ്ണു ഇടവന്‍, മദ്രാസ് ലോഗി വിഘ്‌നേഷ്, മേക്കിംഗ് വീഡിയോ എഡിറ്റ് പി ശരത്ത് കുമാര്‍.