തിരുവനന്തപുരം:കല്ലുവാതുക്കൽ വിഷമദ്യ ദുരന്ത കേസിലെ (Kalluvathukkal hooch tragedy) രണ്ടു തടവുകാർക്ക് ശിക്ഷ ഇളവ് നൽകി വിട്ടയക്കാൻ സർക്കാർ തീരുമാനം. വിനോദ് കുമാർ, മണികണ്ഠൻ എന്നീ പ്രതികള്‍ക്കാണ് ഇളവ് നൽകിയത്. ഇരുവരുടെയും ഭാര്യമാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന ജയിൽ ഉപദേശക സമിതിയോട് രണ്ടു പേരുടെയും ശിക്ഷ പരിശോധിച്ച് വിടുതൽ ചെയ്യുന്നതിൽ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.
തുറന്ന ജയിലിൽ കഴിയുന്ന പ്രതികള്‍ 20 വർഷത്തിലേറെയായി ശിക്ഷ അനുഭവിക്കുകയാണെന്ന് വിലയിരുത്തിയ ഉപദേശക സമിതി ഇരുവരെയും വിട്ടയക്കാൻ ശുപാർശ നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കല്ലുവാതുക്കൽ വിഷമദ്യ ദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചന്‍റെ സഹോദരൻമാരാണ് വിട്ടയക്കപ്പെടുന്ന തടവുകാർ. ജീവപര്യന്തം ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് വിനോദ് കുമാര്‍ ഒന്‍പത് തവണയും മണികണ്ഠന്‍ 12 തവണയും അപക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് തള്ളിയതിന് പിന്നാലെയാണ് ഇരുവരുടെയും ഭാര്യമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കേസിലെ ഏഴാം പ്രതിയായ മണിച്ചന്‍ ജയിലിലാണ്. മുഖ്യപ്രതികളില്‍ ഒരാളായ ഹൈറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ 2009 ല്‍ രോഗബാധിതയായി മരിച്ചു. 2000 ഒക്ടോബര്‍ 31 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മണിച്ചന്‍റെ ഗോഡൌണില്‍ നിന്ന് എത്തിച്ച് ഹൈറുന്നിസയുടെ വീട്ടില്‍ വിതരണം ചെയ്ത മദ്യം കഴിച്ച 31 പേര്‍ മരിയ്ക്കുകയായിരുന്നു.