KeralaNews

കളമശ്ശേരി സ്ഫോടനം:പ്രതി ഡൊമിനിക് മാര്‍ട്ടിന്‍, സ്ഥിരീകരിച്ച് പൊലീസ്;മരിച്ച സ്ത്രീയെപ്പറ്റി ദുരൂഹത?

കൊച്ചി: കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരണം. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ആറുമാസം കൊണ്ട് ഇന്‍റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്ഫോടനം പഠിച്ചത്. സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തെ കൊടകര പൊലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്.

ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പ്രതി ഡൊമിനിക് മാര്‍ട്ടിനാണെന്ന് സ്ഥിരീകരിച്ചത്. ഡൊമിനിക് മാര്‍ട്ടിന്‍റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു. ഇയാളുടെ അവകാശവാദങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചു.

സ്ഫോടനം നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ റെക്കോഡ് ചെയ്തിരുന്നു. ഇതാണ് പൊലീസിന് കൈമാറിയത്. രാവിലെ 9.40ന് കണ്‍വെന്‍ഷന്‍ സെന്‍ററിലെത്തിയശേഷം രണ്ട് ഐഇഡി ബോംബുകള്‍ ബോക്സിലാക്കി വെക്കുന്നതിന്‍റെയും അവിടെവെച്ച് അല്‍പം മാറി റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ട്രിഗര്‍ ചെയ്തശേഷം ഡൊമിനിക് മാര്‍ട്ടിന്‍ ഓടിപ്പോവുന്നതുമെല്ലാം ദൃശ്യത്തിലുണ്ട്.

യഹോവ സാക്ഷികള്‍ കൂട്ടായ്മയോടുള്ള ആദര്‍ശപരമായ അഭിപ്രായ ഭിന്നതയെതുടര്‍ന്നുള്ള പ്രതിഷേധമായാണ് സ്ഫോടനം നടത്തിയതെന്ന പ്രതിയുടെ വെളിപ്പെടുത്തല്‍ സാധൂകരിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചു. ഇയാള്‍ക്ക് ഐഇഡി എവിടെനിന്ന് കിട്ടിയെന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരുകയാണ്. ഇതിനിടെ, സ്ഫോടക വസ്തുക്കള്‍ വാങ്ങിയ കടകളെ കുറിച്ചും വിവരം ലഭിച്ചു. ആറുമാസം കൊണ്ട് ഇന്‍റര്‍നെറ്റ് നോക്കിയാണ് ഇയാള്‍ സ്ഫോടക വസ്തു ഉണ്ടാക്കാന്‍ പഠിച്ചതെന്നും മൊഴി നല്‍കിയിട്ടുണ്ട്.

സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടിരുന്നു. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണ് സ്ഫോടനം നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായതായാണ് വിവരം. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെയെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്.

കളമശ്ശേരിയിലെ സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് തൃശ്ശൂര്‍ കൊടകര പൊലീസ്  സ്റ്റേഷനില്‍ കീഴടങ്ങിയ എറണാകുളം തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍റെ വീഡിയോ സന്ദേശവും നേരത്തെ പുറത്തുവന്നിരുന്നു. കീഴടങ്ങുന്നതിന് മുമ്പ് ഫേയ്സ്ബുക്ക് പേജിലിട്ട ലൈവിലാണ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഡൊമിനിക് മാര്‍ട്ടിന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മൂന്നു മണിക്കൂര്‍ മുമ്പാണ് ഡൊമിനിക് മാര്‍ട്ടിന്‍ ഫേയ്സ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്തിരിക്കുന്നത്. ബോംബ് വെച്ചത് താനെന്നാണെന്നാണ് ഇയാള്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്.

സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടു. യഹോവാ സാക്ഷികള്‍ രാജ്യദ്രോഹ സംഘടനയെന്ന് ആറു വര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞു. മറ്റുള്ളവര്‍ എല്ലാം നശിച്ചുപോകുമെന്നാണ് അവരുടെ പ്രചാരണം. തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കില്‍ തന്നെ പോലുള്ള സാധാരണക്കാര്‍ പ്രതികരിക്കുമെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നുണ്ട്.

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും കീഴടങ്ങാൻ സ്റ്റേഷനിലേക്ക് പോകുന്നുവെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.  എങ്ങനെ സ്ഫോടനം നടത്തിയെന്നത് മാധ്യമങ്ങള്‍ കാണിക്കരുതെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നുണ്ട്. അഞ്ചു ദിവസം മുമ്പുണ്ടാക്കിയ ഫേയ്സ്ബുക്ക് പേജിലൂടെയാണ് ഡൊമിനിക് വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. 

അതേസമയം, മരിച്ച സ്ത്രീയെപ്പറ്റിയുള്ള ദുരൂഹത തുടരുകയാണ്. സ്ത്രീ ചാവേറായി പൊട്ടിത്തെറിച്ചതാണോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker