
കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക്കില്‍നിന്ന് കഞ്ചാവ് പിടികൂടിയതില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച കൂടുതല്‍ ആളുകളെ കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. എട്ടോളം പൂര്‍വ വിദ്യാര്‍ത്ഥികള്‍ കോളജില്‍ കഞ്ചാവ് എത്തിച്ചു നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. അന്വേഷണം നീളുന്നത് കഞ്ചാവ് എത്തിച്ചു നല്‍കിയ സീനിയര്‍ വിദ്യാര്‍ഥികളിലേക്കാണ്.
കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് കേസില്‍ ലഹരി എത്തിച്ചു നല്‍കിയ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍ ഊര്‍ജിതം. കൊല്ലം സ്വദേശിയായ ഈ വിദ്യാര്‍ത്ഥിയാണ് പണമിടപാട് നടത്തിയതെന്ന് അറസ്റ്റിലായ മൂന്നു പേരും മൊഴി നല്‍കിയിട്ടുണ്ട്. ലഹരി എത്തിച്ച് നല്‍കിയ ഇതര സംസ്ഥാന തൊഴിലാളിയെയും ഉടന്‍ പിടികൂടും.
റിമാന്‍ഡിലുള്ള വിദ്യാര്‍ത്ഥി ആകാശിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ആകാശിനെ ചോദ്യം ചെയ്യുന്നതിലൂടെ ക്യാമ്പസ് ഹോസ്റ്റലില്‍ ലഹരി ഉപയോഗിക്കുന്ന കൂടുതല്‍ പേരുടെ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.
കൊച്ചിയില്‍ ലഹരിവേട്ട തുടരുകയാണ് പൊലീസ്. ഇന്നലെ രാത്രി വൈകി കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പിജി കളിലും പൊലീസ് മിന്നല്‍ പരിശോധന നടത്തി. ഹോസ്റ്റലുകളില്‍ നിന്ന് ചെറിയ അളവില്‍ കഞ്ചാവ് കണ്ടെത്തിയെന്ന് എസിപി പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചവരെയും പിടികൂടി.
കോഴിക്കോട് കാരന്തൂര്‍ ലഹരി കേസില്‍ അറസ്റ്റിലായ ടാന്‍സാനിയന്‍ സ്വദേശികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ച മലയാളികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നു. അക്കൗണ്ട് ഉടമകളെ കണ്ടെത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ലഹരി ഇടപാടിനു വേണ്ടിയാണു പണം അയച്ചതെന്ന നിഗമനത്തിലാണ് പൊലീസ് നടപടി.
റിമാന്‍ഡിലായ ടാന്‍സാനിയന്‍ സ്വദേശികള്‍ക്കായി പൊലീസ് ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ കേരളത്തിലേക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്ന പ്രധാന കണ്ണികളെ കുറിച്ച് വിവരം കിട്ടുമെന്നാണ് പൊലീസ് പറയുന്നത്.
ലഹരിക്കെതിരെയുള്ള പൊലീസും എക്‌സൈസും സംയുക്ത ഓപ്പറേഷനുകള്‍ക്കും ഒരുങ്ങുകയാണ്. വലിയ അളവ് ലഹരിയെക്കുറിച്ചു വിവരം ലഭിച്ചാല്‍ ഒരു സംഘമായിട്ടായിരിക്കും ഇനി ഓപ്പറേഷന്‍. ഇരു സേനകളുടെയും ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പങ്കുവയ്ക്കാനും കോള്‍ ഡേറ്റ റെക്കോര്‍ഡ്, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ എന്നിവ എക്‌സൈസ് ആവശ്യപ്പെടുമ്പോള്‍ താമസമില്ലാതെ കൈമാറാനും തീരുമാനിച്ചു. എഡിജിപി മനോജ് ഏബ്രഹാമിന്റെയും എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് പുതിയ നീക്കം തീരുമാനിച്ചത്.
ആദ്യപടിയായി എക്‌സൈസ് തയാറാക്കിയ സ്ഥിരം പ്രതികളുടെ പട്ടിക പൊലീസിനും കൈമാറും. സ്ഥിരം ലഹരി കടത്തുന്നവരെ കര്‍ശന നിരീക്ഷണത്തില്‍ വയ്ക്കാന്‍ 997 പേരുടെ പട്ടികയാണ് തയാറാക്കിയത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ടു പൊലീസും എക്‌സൈസും പിടികൂടുന്ന കേസുകളുടെ വിവരങ്ങളും പരസ്പരം പങ്കുവയ്ക്കും.
ഇതോടെ 2 വകുപ്പുകളിലെയും കേസുകള്‍ സംയോജിപ്പിച്ചു കാപ്പ നിയമവും പിറ്റ് എന്‍ഡിപിഎസ് നിയമവും ചുമത്താനാകും. കേസുകളുടെ എണ്ണം കുറഞ്ഞതുകൊണ്ടു സ്ഥിരം കുറ്റവാളികള്‍ കരുതല്‍ തടങ്കല്‍ നടപടിയില്‍നിന്നു ഒഴിവാകുന്നതും ഇതുവഴി തടയാനാകും.