കൊച്ചി:രണ്ടാഴ്ച മാത്രം പരിചയമുള്ള 22 വയസ്സുകാരനെ കൊലപ്പെടുത്താൻ മതിയായ കാരണമെന്താണ്? കൊലപാതക വിവരം പുറത്തറിഞ്ഞതിനു പിന്നാലെ, പ്രതിയെന്നു സംശയിക്കുന്ന കോഴിക്കോട് പയ്യോളി സ്വദേശി അർഷാദ് ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോയത് എന്തിനാണ്? കാസർകോടുനിന്നും പിടിയിലായ അർഷാദിൽനിന്ന് പൊലീസ് ഉത്തരം നേടുന്നത് നിരവധി ചോദ്യങ്ങൾക്കാണ്. കാക്കനാട് ഇൻഫോപാർക്കിനടത്തുള്ള 20 നില ഫ്ലാറ്റിന്റെ 16-ാം നിലയിൽ നിലമ്പൂർ വണ്ടൂർ സ്വദേശി സജീവ് കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത മാറ്റാനാകാതെ കുഴങ്ങുകയാണു പൊലീസ്.
കാര്യമറിയാതെ സമീപവാസികളും ആശങ്കയിലാണ്. ചൊവ്വാഴ്ച ഒക്സോണിയ ഇൻഫോസിറ്റി എന്ന ഫ്ലാറ്റിന്റെ 16–ാം നിലയിൽനിന്നു മാലിന്യക്കുഴലിന്റെ ഡക്റ്റിൽ തള്ളിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുകളിലെ നിലയിൽ കുടുംബമായി താമസിച്ചിരുന്ന സുഹൃത്തിന്റെ വീട്ടിൽ വന്നു താമസിക്കുകയായിരുന്നു അർഷാദെന്ന് സജീവിന്റെ ഫ്ലാറ്റിൽ താമസിച്ചിരുന്ന അംജത് പറയുന്നു. അർഷാദ് അതിഥിയായെത്തിയ കുടുംബവുമായി 16ാം നിലയിൽ താമസിച്ചിരുന്നവർക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അവിടെ പോയി ഭക്ഷണമുണ്ടാക്കുന്നതും അവർ താഴെ ഇവർക്കൊപ്പം വരുന്നതും പതിവായിരുന്നു.
അർഷാദ് താഴെ താമസിച്ചിരുന്നവരുമായും നല്ല അടുപ്പമാണ് പുലർത്തിയിരുന്നത്. ബാല്യകാല സുഹൃത്താണ് അർഷാദ് എന്നാണു പരിചയപ്പെടുത്തിയിരുന്നത്. ഇതിനിടെയാണ്, സജീവ് ഒഴികെയുള്ള സംഘം കഴിഞ്ഞയാഴ്ച അവസാനം കൊടൈക്കനാലിലേക്കു വിനോദയാത്ര പോയത്. ഈ സമയം സജീവിനൊപ്പം അർഷാദും താമസിക്കാനെത്തി. ഇക്കാര്യം പലപ്പോഴും ഫോൺ വിളിക്കുമ്പോൾ വ്യക്തമായതാണെന്ന് സജീവിന്റെ ഒപ്പം താമസിച്ചിരുന്ന സംഘം പറഞ്ഞു. കൊലപാതകം നടന്നെന്നു കരുതുന്ന ദിവസത്തിന്റെ തലേന്നു രാത്രി 11.50 വരെയും സജീവുമായി സംസാരിച്ചിരുന്നതായി സംഘത്തിലെ അംജത് പറയുന്നു.
ചൊവ്വാഴ്ച മുതൽ സജീവിനെ വിളിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ലഭിച്ചില്ല. സജീവന്റെ ഫോണിൽനിന്നു സന്ദേശങ്ങൾ ലഭിക്കുന്നുണ്ടായിരുന്നു. സാധാരണ സജീവ് അയയ്ക്കുന്ന രീതിയിലുള്ള സന്ദേശങ്ങൾ അല്ലായിരുന്നു എന്നത് സംശയമുണ്ടാക്കി. താൻ മറ്റൊരു സുഹൃത്തിന്റെ മുറിയിലാണെന്നും എത്താൻ വൈകുമെന്നും മെസേജ് ലഭിച്ചു. ഇടയ്ക്കു ഫോൺ ഓഫാകുകയും ഓൺ ആകുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ പലവട്ടം ശ്രമിച്ചിട്ടും കോൾ എടുത്തിരുന്നില്ല. ഇതോടെയാണ് കെയർ ടേക്കറോട് താക്കോലെടുത്തു മുറി തുറക്കാൻ ആവശ്യപ്പെട്ടത്. മുറിയിലേക്കു ആളുകൾ വരുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് മുറിയിലില്ല എന്നു പറഞ്ഞു മെസേജ് അയച്ചിരുന്നതെന്നു കരുതുന്നതായി അംജത് പറഞ്ഞു.
അംജദിന്റെ ബൈക്ക് വാങ്ങിയിരുന്ന അർഷാദ് അതിലാണു മുങ്ങിയത്. ഇയാൾക്കായി പൊലീസ് പയ്യോളിയിലെ വീട്ടിലും മറ്റു ബന്ധുവീടുകളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീടാണ് കാസർകോടുനിന്ന് കണ്ടെത്തിയത്. കൊല ചെയ്തത് അർഷാദാണ് എന്നു പൊലീസ് തറപ്പിച്ചു പറഞ്ഞിട്ടില്ലെങ്കിലും സംശയമുന നീളുന്നത് ഇയാളിലേക്കാണ്. എന്താണ് കൊലപാതകത്തിന്റെ കാരണം എന്ന കാര്യത്തിലാണ് സംശയം. മുകൾനിലയിൽ താമസിച്ചിരുന്ന സുഹൃത്തുക്കളുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണങ്ങളുണ്ടോ? നേരത്തേ പദ്ധതിയിട്ട പ്രകാരമാണോ അർഷാദ് ഇവിടെ വന്നു താമസം തുടങ്ങിയത് തുടങ്ങിയ കാര്യങ്ങളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ബെഡ്ഷീറ്റും ബ്ലാങ്കറ്റും ഉപയോഗിച്ചു വരിഞ്ഞുമുറുക്കി പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനു രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കഴുത്തിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. തലയിലും ദേഹത്താകമാനവും മുറിവുകളും ക്ഷതങ്ങളുമുണ്ട്. വണ്ടൂർ അമ്പലപ്പടി പുത്തൻപുര രാമകൃഷ്ണന്റെ മകനാണു മരിച്ച സജീവ്. മാതാവ് ജിഷ ഐസിഡിഎസ് സൂപ്പർവൈസറാണ്. അര്‍ഷാദ് രണ്ടുമാസം മുന്‍പ് വീടുവിട്ടുപോയതാണെന്ന് പിതാവ് കെ.കെ.റസാഖ് പറഞ്ഞു. പത്തുദിവസം മുന്‍പ് അര്‍ഷാദ് ഭാര്യയ്ക്ക് സന്ദേശമയച്ചിരുന്നു. തിരികെ വരാന്‍ 500 രൂപ വേണമെന്നായിരുന്നു ആവശ്യം. പണം കൊടുത്തെങ്കിലും അര്‍ഷാദ് തിരിച്ചെത്തിയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും റസാഖ് വ്യക്തമാക്കി.
നാലംഗ സംഘം വിനോദയാത്ര പോയതു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഒരാൾക്കു മാത്രം ഇത്തരത്തിൽ കൊലപാതകം നടത്തി മൃതദേഹം പൊതിഞ്ഞു കെട്ടാൻ സാധിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് എന്നാണ് വിലയിരുത്തുന്നത്. ഇതാണു കൊലപാതകം ലക്ഷ്യമിട്ടാണോ അർഷാദ് ഇവിടെ വന്നു താമസിച്ചത് എന്ന സംശയം ഉയരുന്നത്.