കൊച്ചി: കാക്കനാട്ട് സ്വകാര്യ അപാര്‍ട്മെന്‍റില്‍ ലഹരി പാര്‍ട്ടിക്കെത്തി പിടിയിലായവർ എഞ്ചിനീയറിംഗ് ബിരുദധാരികളുൾപ്പടെയുള്ളവരെന്ന് പൊലീസ്. ഇന്നലെ രാത്രിയാണ് ഒരു യുവതി ഉള്‍പ്പെടെ ഒമ്പതു പേരെ പൊലീസ് ലഹരി പാർട്ടിക്കിടെ അറസ്റ്റ് ചെയ്തത്. പതിമൂന്ന് ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. പിടിയിലായ പ്രതികളുടെ എല്ലാവരുടേയും പ്രായം പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയിലാണെന്ന് പൊലീസ് പറഞ്ഞു.
എന്‍ജിനീയറിംഗിലും, മാനേജ്മെന്‍റിലും ഉന്നത ബിരുദം നേടിയവര്‍ മുതല്‍ ബിരുദ വിദ്യാര്‍ഥികള്‍ വരെയുണ്ട് കൂട്ടത്തില്‍. കാക്കനാട്ടെ സ്വകാര്യ അപാര്‍ട്മെന്‍റില്‍ കഴിഞ്ഞ ദിവലം രാത്രി നടന്ന റെയ്ഡിലാണ് എല്ലാവരും കുടുങ്ങിയത്. പലരും ഒന്നിച്ചു പഠിച്ചവരും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കൂടി പരിചയപ്പെട്ടവരുമാണ്. ലഹരി ഉപയോഗമാണ് എല്ലാവരെയും തമ്മില്‍ തമ്മില്‍ ഒന്നിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ലഹരി ഉപയോഗത്തിനൊപ്പം ലഹരി വില്‍പനയും സംഘം ലക്ഷ്യമിട്ടിരുന്നെന്നും പൊലീസ് പറയുന്നു.
കൊച്ചിയില്‍ ബിരുദ വിദ്യാര്‍ഥിനിയായ പതിനെട്ടു വയസു മാത്രം പ്രായമുളള ഒരു പെണ്‍കുട്ടിയും സംഘത്തില്‍ ഉണ്ടായിരുന്നു. സുഹൃത്തിനൊപ്പം അബദ്ധത്തില്‍ ഫ്ളാറ്റില്‍ എത്തിയതാണെന്നും ലഹരി ഉപയോഗവുമായി ബന്ധമില്ലെന്നുമാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി.
സാദിഖ് ഷാ, സുഹൈല്‍ ടി.എന്‍, രാഹുല്‍ കെഎം, ആകാശ് കെ, അതുല്‍കൃഷ്ണ, മുഹമ്മദ് റംഷീഖ്, നിഖില്‍ എംഎസ്, നിധിന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുളളവര്‍. തൃശൂര്‍, പാലക്കാട് സ്വദേശികളാണ് അറസ്റ്റിലായവരെല്ലാം.
അറസ്റ്റ് ചെയ്ത് കോടതിയിലേക്ക് പോകും വഴി മാധ്യമ പ്രവര്‍ത്തകരെ നോക്കി പ്രതികളിലൊരാള്‍ ഭീഷണിയും മുഴക്കിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. യുവാക്കളെ കൂടാതെ ലഹരി പാർട്ടിയിൽ ഉൾപ്പട്ടെവരുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.