പത്തനംതിട്ട: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകളാണ് ഉയര്‍ത്തിയത്. ഡാമിന്റെ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി 50 ക്യൂമെക്സ് വെള്ളം ഒഴുക്കിവിടും. ഡാമിന്റെ അപ്പര്‍ റൂള്‍ ലെവല്‍ കടന്നിരിക്കുകയാണ്.
കക്കി ഡാമിന്റെ പരമാവധി സംഭരണശേഷിയുടെ 93.98 ശതമാനം നിറഞ്ഞിരിക്കുന്നതായും പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്. ഇന്നും നാളെയും കൂടി ജില്ലയില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്.
അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പമ്പയാറിന്റെയും കക്കട്ടാറിന്റെയും തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. പ്രശ്നമേഖലകളിലുള്ളവര്‍ സുരക്ഷിതമായി ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
അതേസമയം ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ തീരുമാനം. നിലവില്‍ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകള്‍ 65 സെന്റിമീറ്ററായി ഉയര്‍ത്താനാണ് തീരുമാനം. രാവിലെ 11 മണിക്ക് ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് തമിഴ്നാട് അറിയിച്ചു. നിലവില്‍ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുന്നത്. നിലവില്‍ 3 ഷട്ടറുകള്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 825 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. ഇതിന് പകരം 1650 ഘനയടി വെള്ളം മൂന്നു ഷട്ടറുകളിലൂടെ ഒഴുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
നീരൊഴുക്ക് കൂടിജലനിരപ്പ് 139 അടിയിലേക്ക് ഉയരുകയാണ്. 138. 90 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ രാവിലെ അണക്കെട്ട് തുറക്കുമ്പോള്‍ 138.80 അടിയായിരുന്നു ജലനിരപ്പ്. നിലവില്‍ 138 അടിയാണ് അപ്പര്‍ റൂള്‍ കര്‍വ് ലെവല്‍. അണക്കെട്ടിലേക്ക് 3160 അടി ജലം ഒഴുകിയെത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2400 ക്യൂമെക്സ് ജലമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.
അണക്കെട്ട് തുറന്നിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ജലനിരപ്പ് റൂള്‍ കര്‍വ് ആയ 138 അടിയിലേക്ക് താഴാത്ത, സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകുകയോ, സ്പില്‍വേ വഴി തുറന്നു വിടുകയോ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്നാടിന് രേഖാമൂലം കത്തു നല്‍കിയതായും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു.