FeaturedHome-bannerKeralaNews

യുവാവിനെ വാഹനമിടിച്ചു വീഴ്ത്തിയ സംഭവം; കടവന്ത്ര എസ്എച്ച്ഒയ്ക്ക് സ്ഥലമാറ്റം

തോപ്പുംപടി: ഹാർബർ പാലത്തിൽ യുവാവിനെ വാഹനമിടിച്ചു വീഴ്ത്തിയ സംഭവത്തിൽ കടവന്ത്ര സ്റ്റേഷൻ ഇൻസ്പെക്ടർ ജി.പി. മനുരാജിന് സ്ഥലം മാറ്റം. കാസർകോട് ജില്ലയിലെ ചന്തേരയിലേക്കാണ് മനുരാജിനെ സ്ഥലംമാറ്റിയത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിറക്കി. മനുരാജ് ഓടിച്ച വാഹനമിടിച്ച് യുവാവിന് പരുക്കേറ്റ സംഭവം വിവാദമായതോടെ തോപ്പുംപടി പൊലീസ് കേസ് എടുത്തിരുന്നു. അന്വേഷണത്തിനു മട്ടാഞ്ചേരി എസിപി കെ.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയും നിയോഗിച്ചു.

മനുരാജും സുഹൃത്തായ വനിതാ ഡോക്ടറും സഞ്ചരിച്ച കാറിടിച്ച് പാണ്ടിക്കുടി ഇല്ലിപ്പറമ്പിൽ വിമൽ ജോളി (29) എന്ന യുവാവിനാണ് പരുക്കേറ്റത്. വനിതാ ഡോക്ടറുടെ പേരിലുള്ള വാഹനം അപകട സമയത്ത് ഓടിച്ചിരുന്നത് മനുരാജായിരുന്നു. അപകടത്തെ തുടർന്ന് വാഹനം നിർത്താതെ പോയത് വൻ വിവാദമായിരുന്നു. പൊലീസ് കേസെടുക്കാൻ വിമുഖത കാട്ടിയതും വിവാദമായി. സമ്മർദ്ദം കനത്തതോടെയാണ് ഒടുവിൽ തോപ്പുംപടി പൊലീസ് കേസെടുത്തത്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ എന്ന നിലയിലാണ് 279, 337, 338 വകുപ്പുകൾ ചുമത്തിയുള്ള കേസെന്നു തോപ്പുംപടി പൊലീസ് അറിയിച്ചു. എഫ്ഐആറിൽ തിരുത്തൽ വരുത്താനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകി.

അതേസമയം, അപകടത്തിൽ പരുക്കേറ്റ വിമൽ ജോളി നൽകിയ മൊഴിയിൽ പ്രതിയുടെ പേര് പറയാത്തതിനാലാണു പ്രഥമ വിവര റിപ്പോർട്ടിൽ ഇൻസ്പെക്ടറുടെ പേര് പരാമർശിക്കാതിരുന്നതെന്നാണു പൊലീസ് പറയുന്നത്. സംഭവത്തിനു ശേഷം സ്ഥലത്ത് എത്തിയ പൊലീസിന് അവിടെ നിന്നു രക്ഷപ്പെടാൻ ശ്രമിച്ച ഇൻസ്പെക്ടറെ മനസ്സിലായില്ലേ എന്ന ചോദ്യത്തിന് ഉത്തരമില്ല.

കഴിഞ്ഞ വ്യാഴം രാത്രി 9.30നാണ് ഹാർബർ പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് അപകടം ഉണ്ടായത്. പിറ്റേന്നു രാവിലെ വിമൽ ജോളി സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും പൊലീസ് കേസ് എടുക്കാത്തതു വിവാദമായിരുന്നു.ഇന്നലെ രാവിലെ വിമൽ ജോളിയെ വിളിച്ചു വരുത്തി ഹാ‍ർബർ പാലത്തിൽ എത്തിച്ച് പൊലീസ് മഹസർ തയാറാക്കി. എസിപി കെ.ആർ. മനോജ്, ഇൻസ്പെക്ടർ എ. ഫിറോസ്, എസ്ഐ സെബാസ്റ്റ്യൻ പി. ചാക്കോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. അപകടത്തിൽ കാര്യമായ പരുക്കേറ്റിട്ടുള്ളതിനാൽ കേസുമായി മുന്നോട്ടു പോകുമെന്നു വിമൽ ജോളി പറഞ്ഞു.

ഇലക്ട്രിക് സ്കൂട്ടറിൽ എറണാകുളം ഭാഗത്തു നിന്നു തോപ്പുംപടിയിലേക്കു വരികയായിരുന്നു വിമൽ. ബാറ്ററി ചാർജ് കുറവായതിനാൽ വേഗത കുറച്ചാണ് ഓടിച്ചിരുന്നതെന്നു വിമൽ പറഞ്ഞു.പെട്ടെന്നാണു എതിർദിശയിൽ നിന്നു വന്ന കാർ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു റോഡിൽ വീണു. നിർത്താതെ പോയ വാഹനത്തെ ചില യുവാക്കൾ പിന്തുടർന്നു തടഞ്ഞു. എന്നാൽ സ്ഥലത്തെത്തിയ പൊലീസ് വാഹനത്തിലുണ്ടായിരുന്നവരെ പോകാൻ അനുവദിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button