പത്തനംതിട്ട: കോന്നി എംഎൽഎയും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ കെ യു ജനീഷ്കുമാർ ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. രണ്ടുദിവസം മുൻപായിരുന്നു കുടുംബസമേതം എംഎൽഎയുടെ ക്ഷേത്രദർശനം. റാന്നിയിലെ കേരള കോൺഗ്രസ് (എം) എംഎൽഎ പ്രമോദ് നാരായണനും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. മേൽമുണ്ട് പുതച്ചും കുറിയണിഞ്ഞും എംഎൽഎ ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രം പുറത്തുവന്നു.
എംഎല്‍എയുടെ ക്ഷേത്രസന്ദർശനം പാർട്ടിക്കുള്ളില്‍ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. പാർട്ടി ഭാരവാഹികളും പ്രധാന നേതാക്കളും വിശ്വാസവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്ന കേന്ദ്രകമ്മിറ്റിയുടെ തിരുത്തൽ രേഖയ്ക്ക് വിരുദ്ധമാണ് ജനീഷ്കുമാറിന്റെ ക്ഷേത്രദർശനമെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. മണ്ഡലത്തിനു പുറത്തുള്ള ക്ഷേത്രത്തിൽ എംഎൽഎ ദർശനം നടത്തിയതു വിശ്വാസപരമായല്ലേ കാണേണ്ടതെന്നും ഇവർ ചോദിക്കുന്നു.
നേരത്തെ ജനീഷിന്റെ ശബരിമല ദർശനവും സിപിഎമ്മിൽ വിമർശനത്തിന് കാരണമായിരുന്നു. എംഎൽഎയുടെ സ്ഥിരം ശബരിമല ദർശനം തെറ്റായ സന്ദേശം നൽകുന്നുവെന്നാണ് വിമർശനം ഉയർന്നത്. ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്തെ പാർട്ടി നിലപാടുകൾക്ക് വിപരീതമാണ് എംഎൽഎയുടെ സമീപനമെന്നും വിമർശനമുയർന്നു. എംഎൽഎ സന്നിധാനത്ത് പോയി കൈക്കൂപ്പി നിൽക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ഡിവൈഎഫ്‌ഐ പ്രതിനിധികൾ ചോദിച്ചിരുന്നു.
ക്ഷേത്ര ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ച ജനീഷ് കുമാർ പാർട്ടിയുടെ വിലക്കോ നിർദേശമോ ഒന്നും തന്നെ ഇക്കാര്യത്തിൽ ഇല്ലെന്ന് വ്യക്തമാക്കി. ക്ഷേത്രദർശനം നടത്തിയെന്നതു ശരിയാണ്. ക്ഷേത്രദർശനത്തിനു പാർട്ടിയുടെ വിലക്കോ, വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽനിന്നു വിട്ടുനിൽക്കണമെന്ന നിർദേശമോ ഇല്ല. പോയതു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണോ എന്നതു വ്യക്തിപരമായ കാര്യമാണ്- എംഎൽഎ പ്രതികരിച്ചു.
മുൻപ് കേന്ദ്രകമ്മിറ്റിയംഗം ഇ പി.ജയരാജന്റെയും സംസ്ഥാന സമിതിയംഗം കടകംപള്ളി സുരേന്ദ്രന്റെയും ക്ഷേത്രദർശനം പാർട്ടിയിൽ ചർച്ചയായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം നഷ്ടമായ ശേഷമായിരുന്നു കണ്ണൂരിലെ ക്ഷേത്രത്തിൽ ഇ പി ദർശനം നടത്തിയത്.