KeralaNews

സ്വര്‍ണ കള്ളക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണം; സാദിഖലി തങ്ങളോട് കെടി ജലീല്‍

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തും മലപ്പുറവുമായും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് തവനൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ കെടി ജലീല്‍. സ്വര്‍ണ കള്ളക്കടത്തില്‍ മുസ്ലീങ്ങള്‍ ഇടപെടരുത് എന്നൊരു മതവിധി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുറപ്പെടുവിക്കണം എന്ന് ജലീല്‍ പറഞ്ഞു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വെ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മലപ്പുറത്തിന്റെ മേലുള്ള അപകീര്‍ത്തികള്‍ ഇല്ലാതാക്കാന്‍ ഇതാണ് മാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വര്‍ണ കള്ളക്കടത്ത്, ഹവാല പണം തുടങ്ങിയ ഇടപാടുകളില്‍ മുസ്ലീം വിശ്വാസികള്‍ ഭാഗമാകരുത് എന്നും അത് മതനിഷിദ്ധമാണ് എന്നും മതവിധി പുറപ്പെടുവിക്കണം എന്നാണ് കെടി ജലീലിന്റെ ആവശ്യം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്….

'ഞാനൊരു മലപ്പുറംകാരന്‍ എന്ന നിലയിലും മുസ്ലീം എന്ന നിലയിലും എനിക്ക് പറയാനുള്ള കാര്യം ഇവിടത്തെ മതസംഘടനകള്‍, ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍.. ഞങ്ങളുടെ നൂറുകണക്കിന് പള്ളികളുടെ ഖാദിയാണ് മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. അദ്ദേഹം ഒരു മതവിധി പ്രഖ്യാപിക്കട്ടെ. സ്വര്‍ണ്ണ കള്ളക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനമായത് കൊണ്ട് അതില്‍ വിശ്വാസികള്‍ ഇനി മേലില്‍ ഇടപെടരുത്.

അതില്‍ ഇന്‍വോള്‍വ് ചെയ്യരുത്, അത് മതനിഷിദ്ധമാണ് എന്ന് ഹവാലപണത്തില്‍ കാരിയര്‍മാരാകുകയോ അക്കാര്യത്തില്‍ ഒരു ഇന്‍വോള്‍വ്‌മെന്റ് മുസ്ലീങ്ങളുടെ ഭാഗത്ത് നിന്ന്, വിശ്വാസികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയോ ചെയ്യരുത് എന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറയട്ടെ. അങ്ങനെ പറഞ്ഞാല്‍ മലപ്പുറത്തിന്റെ മേല്‍ ഇങ്ങനെയുള്ള അപകീര്‍ത്തികള്‍ ഉണ്ടാകുകയില്ല,' എന്നാണ് കെടി ജലീല്‍ പറയുന്നത്.

അതേസമയം മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണ് എന്ന പ്രചരണത്തേയും അദ്ദേഹം തള്ളി. 'ലീഗ് വിരുദ്ധ പ്രചരണം നടത്തണം എന്ന സിപിഎം തീരുമാനത്തെക്കുറിച്ച് ഞാനിത് വരെ കേട്ടിട്ടില്ല. മുസ്ലീം ലീഗ് ഒരു വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടിയാണ്. വര്‍ഗീയ പാര്‍ട്ടിയല്ല. സാമുദായിക പാര്‍ട്ടിയാണ് ലീഗ്,' ജലീല്‍ പറഞ്ഞു. എന്നാല്‍ ലീഗില്‍ തീവ്രനിലപാടുള്ള ഒരുവിഭാഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്‍വറിനൊപ്പം നില്‍ക്കാത്തതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. സമുദായത്തെ കൂടി പരിഗണിച്ചാണ് ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുന്നത്. കാലുമാറ്റം ദോഷം ചെയ്യുക സമുദായത്തിനാണ്. അന്‍വറിന്റെ വഴിക്ക് തന്നെ താനും പോയാല്‍ സമുദായത്തെ ആരെങ്കിലും വിശ്വസിക്കുമോ?, ജലീല്‍ ചോദിച്ചു. അന്‍വര്‍ ഉയര്‍ത്തിയ പല വിഷയങ്ങളോടും യോജിപ്പുണ്ടെങ്കിലും അന്‍വറിനൊപ്പമില്ല എന്ന് നേരത്തെ തന്നെ ജലീല്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ സ്വര്‍ണ കള്ളക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണം എന്ന ജലീലിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം രംഗത്തെത്തി. സ്വര്‍ണ്ണക്കടത്ത് എന്ന ക്രിമിനല്‍ പ്രവൃത്തിയെ മുസ്ലീങ്ങളുമായി മാത്രം ചേര്‍ത്തുവയ്ക്കുന്ന ജലീലിന്റെ ഈ വാദം ആരെ സഹായിക്കാനാണ് എന്ന് അദ്ദേഹം ചോദിച്ചു. മതേതര ജനാധിപത്യ ഭരണവും അന്വേഷണ ഏജന്‍സികളും കോടതികളുമൊക്കെ നിലനില്‍ക്കുന്ന രാജ്യത്ത് ക്രിമിനല്‍ കുറ്റങ്ങള്‍ക്കെതിരെ ഉയരേണ്ടത് മതവിധികളാണോ എന്നും അദ്ദേഹം ബല്‍റാം ചോദിച്ചു.

മുസ്ലീങ്ങള്‍ ജനാധിപത്യ വ്യവസ്ഥിതിയിലെ സംവിധാനങ്ങളേക്കാളും മതവിധികള്‍ക്കാണ് പ്രാധാന്യം നല്‍കുക എന്ന നറേറ്റീവ് സംഘപരിവാര്‍ പ്രൊപ്പഗാണ്ടയുടെ ഭാഗമാണ്. അതിനെ ശക്തിപ്പെടുത്തുകയാണ് ജലീല്‍ ചെയ്യുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker