
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച തരൂരിനെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തരൂരിന്റെ ആത്മാർഥതയെ അഭിനന്ദിക്കുന്നതായും മറ്റു കോൺഗ്രസുകാരിൽനിന്ന് താങ്കൾ വ്യത്യസ്ഥനാണെന്നും സുരേന്ദ്രൻ എക്സിൽ കുറിച്ചു.
‘പ്രിയപ്പെട്ട ശശി തരൂർ ജി, ഞാൻ എപ്പോഴും നിങ്ങളുടെ ആത്മാർഥതയെ അഭിനന്ദിക്കുന്നു. ആദ്യം താൻ അതിനെ എതിർക്കുന്നുവെന്ന് പ്രതികരിക്കുകയും ഇപ്പോൾ മോദിപ്ലോമസിയുടെ വിജയമാണ് റഷ്യ-യുക്രൈൻ വിഷയത്തിലിണ്ടായതെന്നും പറയുന്ന താങ്കളുടെ നിലപാട് പ്രശംസനീയമാണ്. മറ്റു കോൺഗ്രസുകാരിൽനിന്ന് വ്യത്യസ്ഥനായി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യയുടെ ആഗോള ഉയർച്ച നിങ്ങൾ കാണുന്നു’, സുരേന്ദ്രൻ എക്സ് പോസ്റ്റിൽ പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചുക്കൊണ്ടുള്ള ശശി തരൂരിന്റെ പരാമർശം കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. രാജ്യ തലസ്ഥാനത്ത് നടന്ന ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു തരൂരിന്റെ പരാമർശം.
‘2022 ഫെബ്രുവരിയിൽ പാർലമെന്ററി ചർച്ചയിൽ ഇന്ത്യൻ നിലപാടിനെ വിമർശിച്ച ഒരാളാണ് ഞാൻ. അന്നത്തെ മണ്ടത്തരം ഞാന്‍ തിരുത്തുന്നു. റഷ്യ, യുക്രൈൻ യുദ്ധം ആരംഭിച്ചപ്പോൾ, റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ താൻ പാർലമെന്റിൽ വിമർശിച്ചിരുന്നു. എന്നാൽ തന്റെ അന്നത്തെ നിലപാട് തെറ്റായിരുന്നുവെന്ന് ബോധ്യമായി.
ഒരേസമയം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിക്കും സ്വീകര്യനായ നേതാവായി മാറാൻ നരേന്ദ്രമോദിക്ക് കഴിഞ്ഞു. രണ്ടിടത്തും അംഗീകരിക്കപ്പെടാൻ കഴിയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ട്, എന്നായിരുന്നു ശശി തരൂരിന്റെ പ്രശംസ. തരൂരിന്റെ പ്രസ്താവനയോട് പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം ഇതുവരെ തയാറായിട്ടില്ല.