കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു
മലപ്പുറം സ്വര്‍ണക്കടത്തിന്റെ കേന്ദ്രമെന്ന് പറഞ്ഞത് കെ.ടി. ജലീലാണെന്നും നമ്മുടെ കൂട്ടര്‍ സ്വര്‍ണക്കടത്ത് നടത്തരുതെന്ന് തങ്ങള്‍ പറയണമെന്ന് ആവശ്യപ്പെട്ടത് അദ്ദേഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മലപ്പുറമെന്ന് കേള്‍ക്കുമ്പോള്‍ ബി.ജെ.പിക്ക് ഹാലിളകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ സി.പി.എം തന്നെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടാന്‍ ശ്രമിച്ചുവെന്നും പക്ഷേ സത്യം ജയിച്ചുവെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. തനിക്കെതിരേ നടപടി സ്വീകരിക്കുന്ന സര്‍ക്കാര്‍ പക്ഷേ പ്രതിപക്ഷ നേതാവിനെതിരെ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വി.ഡി.സതീശന്റെ പുനര്‍ജനി തട്ടിപ്പ് അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കളെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലായിരുന്നു കാസര്‍കോട് സെഷന്‍സ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കുകയും ഇതിന് കോഴയായി രണ്ടരലക്ഷം രുപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു കേസ്.