തിരുവനന്തപുരം: വൻ വിവാദങ്ങൾക്കൊടുവിൽ സിൽവർലൈൻ പദ്ധതിയുടെ (Silver Line) ഡിപിആർ (DPR) പുറത്തുവിട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ (State Government). 2025-26ൽ കമ്മീഷൻ ചെയ്യുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ പ്രതിദിനം ആറു കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 1383 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. പദ്ധതി കേരളത്തെ രണ്ടായി മുറിക്കില്ലെന്ന് പറയുന്ന പദ്ധതി രേഖ, നിർമ്മാണഘട്ടത്തിൽ നീരൊഴുക്ക് തടസപ്പെട്ട് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്നു. നിയമസഭയുടെ വെബ് സൈറ്റിലാണ് 3776 പേജുള്ള ഡിപിആർ പ്രസിദ്ധീകരിച്ചത്.
ഡിപിആർ എവിടെ എന്ന ചോദ്യത്തിന് അതീവരഹസ്യ രേഖയെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ സർക്കാർ തന്നെയാണ് ഒടുവിൽ രേഖ പരസ്യപ്പെടുത്തിയത്. പാരിസ്ഥിതിക പഠനം അടക്കം ചേർത്ത് ആറ് വാല്യങ്ങളിലാണ് വിശദമായ പദ്ധതി രേഖ. ആറു ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. റെയിൽ-റോഡ് വ്യോമഗതാഗത പാതകളുമായി ബന്ധിപ്പിക്കും. ആദ്യഘട്ടത്തിൽ തന്നെ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കും. ആകെ ഏറ്റെടുക്കേണ്ടത് 1383 ഹെക്ടർ ഭൂമിയാണ്. ഇതിൽ 1198 ഹെക്ടർ സ്വകാര്യ വ്യക്തികളുടെതാണ്. 185 ഹെക്ടർ റെയിൽവെ ഭൂമിയും വരും. സംസ്ഥാന സർക്കാരിന്‍റെയും റെയിൽവേയുടെയും സംയുക്ത സംരംഭമായാണ് പദ്ധതി വിഭാവനം ചെയ്തത്. പ്രതിദിനം 79,934 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 2276 കോടിയാണ് പ്രതീക്ഷിക്കുന്ന വരുമാനം .ഘട്ടം ഘട്ടമായി ഇത് കൂടുമെന്നും വിശദ പദ്ധതി രേഖയിൽ പറയുന്നു.
ആകെയുള്ള 529 കിലോമീറ്ററിൽ 293 കിലോമീറ്ററിലാണ് എംബാങ്ക്മെൻറ്. ഭൂമിയുടെ നിരപ്പിൽ നിന്നും ഉയർത്തിക്കെട്ടിയാണ് ഈ ദൂരത്ത് പാതാ നിർമ്മാണം. അങ്ങനെയാണെങ്കിലും കേരളത്തെ രണ്ടായി മുറിക്കില്ലെന്നാണ് അവകാശവാദം. ഉയർത്തിക്കെട്ടിയ പാതകളുടെ അടിയിലൂടെ ടണലുകളുണ്ടാകുമെന്നതാണ് വിശദീകരണം. അതേ സമയം നിർമ്മാണ ഘട്ടത്തിൽ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടാം. ഇത് വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും കാരണമാകാം. പക്ഷെ പ്രവർത്തനം തുടങ്ങിയാൽ പിന്നെ ആശങ്ക വേണ്ട. ദുരന്ത നിവാരണ അതോറിറ്റി മാപ്പ് പ്രപകാരം പാത കടന്നുപോകുന്നത് പ്രളയസാധ്യത മേഖലയിലൂടെയാണ്.
കോഴിക്കോട് ഭൂഗർഭ സ്റ്റേഷനായിരിക്കും. കൊച്ചുവേളി, എറണാകുളം ,തൃശൂർ എന്നിവടങ്ങളിൽ ഭൂ നിരപ്പിൽ നിന്നു് ഉയരത്തിലാകും സ്റ്റേഷൻ കൊല്ലത്താണ് വർക്ക്ഷോപ്പ്. കാസർക്കോട് പരിശോധനാ കേന്ദ്രം ആദ്യം പരിഗണിച്ചത് എന്നാൽ തീര നിയന്ത്രണവും എല്ലാവർക്കും പ്രയോജനം കിട്ടില്ലെന്നുമുള്ള വിലയിരുത്തലാണ് മാറ്റാൻ കാരണം.
ടൂറിസ്റ്റ് ട്രെയിനുകളും വരും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകൾക്കായി പ്രത്യേക ട്രെയിൻ ഉണ്ടാകും. പൊളിക്കേണ്ട കെട്ടിടങ്ങളുടേയും ആരാധാനലയാങ്ങളുടേയും ചിത്രങ്ങൾ അടക്കമുള്ള വിശദാംശങ്ങളും ഡിപിആറിലുണ്ട്. നിലവിലെ റോഡ്-റെയിൽ വികസനത്തെക്കാൾ അതിവേഗ പാത നിർമ്മാണം നേട്ടമായിരിക്കും. ഒരു കിലോമീറ്റർ നിർമ്മാണത്തിന് വേണ്ടത് 2.4 ഹെക്ടർ. പക്ഷെ റോഡ്-റെയിൽ വികസനത്തിന് ഒരു കിലോ മീറ്ററിന് വേണ്ടിവരിക 6.5 ഹെക്ടർ എന്നാണ് ഡിപിആർ.
ഡിപിആർ പുറത്തുവന്നെങ്കിലും വിവാദം തീരുന്നില്ല. സാമൂഹ്യ ആഘാത പഠന റിപ്പോർട്ട് അടക്കം ഇനി വരാനുണ്ട്. റെയിൽവേ ബോർഡിന് നേരത്തെ കൈമാറിയ ഡിപിആർ കേന്ദ്രത്തിന്‍റെ അനുമതി കാത്തിരിക്കുന്നു.