KeralaNews

പത്മജ ബി.ജെ.പിയില്‍ പോയില്ലായിരുന്നെങ്കിൽ ജയിച്ചേനെ, സരിൻ മിടുക്കൻ അതാണല്ലോ ഒറ്റപ്പാലത്ത് നിർത്തിയത്: മുരളീധരൻ

പാലക്കാട്: പത്മജ കോണ്‍ഗ്രസ് വിട്ടുപോയില്ലായിരുന്നെങ്കില്‍ താന്‍ ജയിച്ചേനെ എന്ന് കെ. മുരളീധരന്‍. അമ്മയെ അധിക്ഷേപിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി കെ. മുരളീധരന്‍ വോട്ടുപിടിക്കുകയാണെന്ന് പത്മജ വേണുഗോപാല്‍ ആക്ഷേപിച്ചിരുന്നു. അതിനു മറുപടിയായാണ് മുരളീധരൻ പ്രതികരിച്ചത്.

‘പാര്‍ട്ടിയില്‍ നിന്ന് പോകുന്നതിന് മുമ്പ് തൃശ്ശൂരില്‍ പേര് കേള്‍ക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചിരുന്നു. അപ്പോള്‍ ഞാനതിന് മറുപടി പറഞ്ഞത് ഞാനിപ്പോള്‍ വടകര എം.പിയാണ് അവിടെ നിന്ന് മാറേണ്ട സാഹചര്യമില്ലെന്നാണ്. അവര്‍ പോയപ്പോഴാണോല്ലോ മാറേണ്ടി വന്നത്. അവര്‍ പോയില്ലായിരുന്നെങ്കില്‍ ഞാന്‍ വടകരയില്‍ തന്നെ നിന്നേനെ, എം.പിയായേനെ. അവര്‍ക്കും പാര്‍ട്ടിയില്‍ ഒരു അഡ്രസ് ഉണ്ടായേനെ. ഇപ്പോള്‍ എന്തായി പോയിട്ട് വല്ല മെച്ചമുണ്ടായോ, മുരളീധരൻ പറഞ്ഞു.

എ.കെ.ബാലൻ്റെ പരാമർശത്തിനു അദ്ദേഹം മറുപടി പറഞ്ഞു. ‘അഖിലേന്ത്യാ തലത്തില്‍ ഒന്നിച്ചാണല്ലോ അതായിരിക്കും ഉദ്ദേശിച്ചത്. ഡല്‍ഹിയിലെ കളി വേറെയാണ്. അവിടെ ഇരട്ടക്കൊമ്പനെ നേരിടാന്‍ എല്ലാവരും വേണ്ടെ. ആ നയം തന്നെയാണ് എനിക്കുമുള്ളത്. അതു തന്നെയാണ് പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധിയുടെയും നയം. കേരളത്തിന് പുറത്തുള്ള നിലപാട് വേറെയാണ്. ബിജെപി എല്ലായിടത്തും പൊതുശത്രുവാണ്’.

‘പെട്ടിയില്‍ പണമുണ്ടെങ്കില്‍ അത് കണ്ടുപിടിക്കേണ്ടതാരാ. റെയ്ഡിന് മുമ്പ് സ്‌ക്വാഡിനെ അറിയിക്കാഞ്ഞതെന്താ. സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുമ്പോള്‍ പുതിയ സ്ഥാനാര്‍ഥികള്‍ വരുമ്പോള്‍ തര്‍ക്കം സ്വഭാവികമാണ്. സ്ഥാനാര്‍ഥി ഫീല്‍ഡിലിറങ്ങിയാല്‍ പിന്നെ തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്ല. എല്ലാവരും മിടുക്കന്മാരണല്ലോ. മിടുക്കില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ നിക്കുമോ. സരിനും മിടുക്കനായ സ്ഥാനാർഥിയാണ്. സരിന്‍ കോണ്‍ഗ്രസിലുണ്ടായിരുന്നെങ്കില്‍ ഒറ്റപ്പാലത്ത് വീണ്ടും നിര്‍ത്തിയേനെ. അപ്പോഴേക്കും അദ്ദേഹത്തിന് ചില പിഴവ് സംഭവിച്ചു. കൈവിട്ടുപോയതിനെ കുറിച്ച് ഇനി പറയേണ്ട കാര്യമില്ല.’ മുരളീധരൻ പറഞ്ഞു.

യുഡിഎഫ് ഭരണ കാലത്ത് സിപ്ലെയിനിന് വേണ്ടി എല്ലാ നടപടികളും പൂർത്തിയാക്കിയതാണെന്ന് കെ മുരളീധരൻ. പതിനൊന്ന് വർഷം മുൻപ് വരേണ്ട പദ്ധതിയായിരുന്നു ഇത്. അതാണിപ്പോൾ പൊടി തട്ടി എടുത്ത് എൽഡിഎഫ് നടപ്പാക്കിയത്.

അന്ന് ഇത് തടസപ്പെടുത്താൻ സമരം ചെയ്ത മത്സ്യതൊഴിലാളികളെ ആരെയും ഇപ്പോൾ കാണാനില്ല, തടസപ്പെടുത്തിയവർ തന്നെ ഇപ്പോൾ അത് നടപ്പാക്കിയിട്ട് ഞങ്ങളാണ് വികസനം കൊണ്ടുവന്നതെന്ന് പറയുന്നുവെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.

“യൂഡിഎഫിന് വേണമെങ്കിൽ ഇന്ന് പ്രതിഷേധം നടത്താമായിരുന്നു. ഞങ്ങളുടെ കുട്ടി ആയതുകൊണ്ടാണ് ഞങ്ങൾ സമരം ചെയ്യാത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴാണ് പദ്ധതിക്കെതിരെ പ്രതിഷേധങ്ങൾ നടത്തിയത്. ഞങ്ങളുടെ ഒരു പദ്ധതി യാഥാർഥ്യമാക്കിയതിൽ സന്തോഷമുണ്ടെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ മൂന്നിടത്തും ശുഭപ്രതീക്ഷയുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.വയനാട്ടിൽ അഞ്ച് ലക്ഷത്തിന് മേൽ ഭൂരിപക്ഷം നേടും.ചേലക്കരയിൽ മുൻപില്ലാത്ത രീതിയിൽ പ്രചരണം നടന്നു, നല്ല ആത്മവിശ്വാസമാണ് ചേലക്കര മണ്ഡലത്തിൽ പാർട്ടിക്കുള്ളത്. പാരമ്പരാഗതമായി ചേലക്കര എൽഡിഎഫ് മണ്ഡലം എന്ന് പറയുന്നത് ശരിയല്ല. ഇത്തവണ ചേലക്കര തിരിച്ചുപിടിക്കുകതന്നെ ചെയ്യും.
പാലക്കാട്‌ നിലനിർത്തും, അവിടെ ബിജെപി വെല്ലുവിളി അല്ല. വികസനം പറഞ്ഞാണ് യുഡിഎഫ് വോട്ട് ചോദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker