ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മരിച്ച കെ എം.ബഷീറിന്റെ ഫോൺ അജ്ഞാതൻ ഉപയോഗിയ്ക്കുന്നു, വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് ലെഫ്റ്റായത് ഇന്നലെ, സർവത്ര ദുരൂഹത
തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ വന്‍ വഴിത്തിരിവ്.കെ. എം. ബഷീറിന്റെ ഫോണ്‍ അജ്ഞാതന്‍ ഉപയോഗിയ്ക്കുന്നു എന്നതായാണ് തെളിവ് ലഭിച്ചിരിയ്ക്കുന്നത്. ബഷീര്‍ മരിച്ചിട്ട് നാല് മാസമായെങ്കിലും മാധ്യമപ്രവര്‍ത്തകരുടേയും കുടുംബക്കാരുടേയും ഗ്രൂപ്പുകളില്‍ നിന്ന് ലെഫ്റ്റായത് ഇന്നലെ രാത്രി. ഇതോടെ ബഷീറിന്റെ ഫോണ്‍ മാറ്റാരോ ഉപയോഗിയ്ക്കുന്നുണ്ടെന്ന് വ്യക്തമായി.
അപകടം നടന്ന സ്ഥലത്തുനിന്നു കാണാതായ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നത് പൊലീസിന് ഇപ്പോള്‍ വലിയ തലവേദനയാണ് ഉണ്ടായിരിക്കുന്നത്. ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ബഷീര്‍ വാട്സാപ്പിനായി ഉപയോഗിച്ചിരുന്ന സിം കാണാതായ ഫോണിലായിരുന്നു. കേസ് അന്വേഷണത്തില്‍ ബഷീറിന്റെ ഫോണ്‍ നിര്‍ണായകമായതിനാല്‍ ക്രൈംബ്രാഞ്ച് ഹൈടെക് സെല്ലിന്റെയും മൊബൈല്‍ കമ്പനികളുടേയും സഹായം തേടി.
ഓഗസ്റ്റ് മൂന്നാം തീയതി രാത്രിയാണ് മ്യൂസിയം ജംഗ്ഷനു സമീപമുള്ള പബ്ലിക് ഓഫിസിനു മുന്നില്‍വച്ച് കെ. എം. ബഷീര്‍ വാഹനാപകടത്തില്‍ മരിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് ബഷീറിന്റെ ഫോണ്‍ കണ്ടെടുക്കാനായില്ല. അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഫോണിലേക്കു സഹപ്രവര്‍ത്തകര്‍ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. മറ്റേതെങ്കിലും സിം ഫോണില്‍ ഉപയോഗിക്കുന്നുണ്ടോയെന്നറിയാന്‍ ക്രൈംബ്രാഞ്ച് ഐഎംഇഐ നമ്പര്‍ പരിശോധിച്ചെങ്കിലും സഹായകരമായ വിവരങ്ങള്‍ ലഭിച്ചില്ല. അതിനിടയിലാണ് മരണം നടന്ന് നാലു മാസം പൂര്‍ത്തിയാകുന്ന വേളയില്‍ ബഷീറിന്റെ നമ്പര്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍നിന്ന് ‘ലെഫ്റ്റ്’ ആകുന്നത്.