ചെന്നൈ: മരണക്കിടക്കയില്‍ വെച്ച് സൈനികനായ ഭര്‍ത്താവ് പറഞ്ഞ വാക്ക് പാലിക്കാനായി കഠിനധ്വാനം ചെയ്ത് ഒടുവില്‍ 32ാം വയസില്‍ കരസേനയില്‍ ഓഫീസറായി ചേര്‍ന്നിരിക്കുകയാണ് ജ്യോതി എന്ന ഈ യുവതി. വീട്ടമ്മയായി ഒതുങ്ങിക്കഴിഞ്ഞിരുന്ന ജ്യോതി നൈവാള്‍ ഒടുവില്‍ കഠിനമായി പരിശ്രമിച്ചാണ് സൈന്യത്തില്‍ ഓഫീസര്‍ പദവിയിലെത്തിയിരിക്കുന്നത്.
ചെന്നൈയില്‍ നടന്ന ഓഫീസേഴ്സ് പാസിങ് ഔട്ട് പരേഡിലാണ് ഡെറാഡൂണില്‍ നിന്നുള്ള ജ്യോതി നൈവാള്‍ താരമായത്. 2018 ല്‍ കാശ്മീരിലെ സൈനിക നടപടിക്കിടെയാണു ജ്യോതിയുടെ ഭര്‍ത്താവ് നായിക് ദീപക് നൈവാള്‍ ഭീകരരുടെ വെടിയേറ്റു വീരമൃത്യു വരിച്ചത്.
ഭര്‍ത്താവ് ദീപകിന്റെ വിയോഗമാണ് 2018ല്‍ അഞ്ചും എട്ടും വയസുള്ള മക്കളുടെ അമ്മയായി ഒതുങ്ങിക്കഴിഞ്ഞ ജ്യോതിയുടെ നിയോഗം മാറ്റിയെഴുതിയത്. ഭര്‍ത്താവ് ദീപകിന് മരണക്കിടക്കയില്‍ നല്‍കിയ വാക്കുപാലിക്കാനായാണ് ജ്യോതി സൈനിക കുപ്പായമണിഞ്ഞത്.
ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ദുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ദീപക് ആവശ്യപ്പെട്ടത് തനിക്കു ശേഷം ഭാര്യ രാജ്യത്തെ സേവിക്കണമെന്നായിരുന്നു. ദീപകിന്റെ മരണശേഷം പ്രയാസമേറിയ എഴുത്തുപരീക്ഷയ്ക്കും അതിലേറെ കഠിനമായ കായിക പരീക്ഷയ്ക്കും ജ്യോതി തയ്യാറാടെുത്തു. മുന്നില്‍ മൂന്നുതവണ തോറ്റു പതറിയ ജ്യോതി പക്ഷേ നാലാം തവണ വാക്കുപാലിച്ചു.
പിന്നീട് ചെന്നൈയില്‍ ഒരു വര്‍ഷം നീണ്ട കഠിന പരിശീലനക്കാലം. പുലര്‍ച്ചെ മൂന്നരയ്ക്കു എണീറ്റായിരുന്നു ജ്യോതിയുടെ കായിക പരിശീലനം. ഇംഗ്ലീഷ് പഠിക്കാനായും മാസങ്ങള്‍ ചെലവഴിച്ചു. മൂന്നുതലമുറകളായി സൈനിക സേവനം ചെയ്യുന്ന നൈവാള്‍ കുടുംബത്തിലെ ആദ്യ സൈനിക ഓഫീസര്‍ കൂടിയാണ് ജ്യോതി.