KeralaNews

പ്രതിയുടെ പ്രായം നോക്കിയല്ല ശിക്ഷ വിധിക്കേണ്ടത്; സൂരജിന് വധശിക്ഷ നല്‍കണമായിരുന്നെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: ഉത്രവധക്കേസില്‍ കോടതി വിധിക്കെതിരെ ജസ്റ്റിസ് കെമാല്‍ പാഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിക്കുന്ന കേസാണെങ്കില്‍ ജീവപര്യന്തം നല്‍കണമായിരുന്നെന്നും പ്രതിയുടെ പ്രായവും മുന്‍കാല ചരിത്രവും പരിഗണിച്ചത് കോടതിയുടെ തെറ്റായ നിരീക്ഷണമാണമെന്നും ജസ്റ്റിസ് കെമാല്‍ പാഷ പ്രതികരിച്ചു.

‘അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് പറയാവുന്ന കേസാണെങ്കില്‍ ഉത്രാവധക്കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമായിരുന്നു. ഇതുപോലെ വധശിക്ഷയ്ക്ക് അര്‍ഹതയുള്ള മറ്റൊരു കേസ് സമീപകാലത്തൊന്നും കണ്ടിട്ടില്ല. വലിയ ആസൂത്രണം നടന്നിട്ടുള്ള സംഭവമാണിത്.

പ്രതിയുടെ പിതാവിനെതിരെ തെളിവുനശിപ്പിക്കലിന് കേസെടുക്കാത്തത് എന്തുകൊണ്ടാണ് പ്രതിയുടെ കുടുംബത്തിനും കേസില്‍ പങ്കുണ്ട്. ഈ കേസിന് വധശിക്ഷ കൊടുത്തില്ലെങ്കില്‍ മറ്റേത് കേസിനാണ് കൊടുക്കേണ്ടത്. പ്രതിയുടെ പ്രായം, മുന്‍കാല ചരിത്രം എന്നിവ പരിഗണിച്ചത് കോടതിയുടെ തെറ്റായ നിരീക്ഷണമാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ക്രിമിനലാണ് സൂരജ്. പണ്ട് ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കില്‍ വധശിക്ഷ നല്‍കേണ്ടതില്ല എന്ന നിയമമൊന്നുമില്ല. വധശിക്ഷയെ എതിര്‍ക്കുന്നവരും അപരിഷ്‌കൃതമെന്ന് പറയുന്നവരുമുണ്ട്. സ്വന്തം വീട്ടില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോഴേ അവരൊക്കെ പഠിക്കൂ. വധശിക്ഷ നടപ്പാക്കുന്ന മറ്റ് രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ വളരെ കുറവാണ്’. ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പ്രതി സൂരജിന് തൂക്കുകയര്‍ എന്ന പരമാവധി ശിക്ഷ ലഭിക്കണമെന്നായിരുന്നു ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ ലഭിച്ചത് ഇരട്ട ജീവപര്യന്തമാണ്. അതിന് കാരണമായി കോടതി കണ്ടെത്തിയത് മൂന്ന് കാരണങ്ങളാണ്. പ്രതിക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ല. സമൂഹത്തിന് വെല്ലുവിളിയുയര്‍ത്തുന്ന കുറ്റവാളിയായി സൂരജിനെ കോടതി കണ്ടില്ല. ഒപ്പം പ്രതിയുടെ പ്രായവും കോടതി കണക്കിലെടുത്താണ് തൂക്കുകയര്‍ എന്ന പരമാവധി ശിക്ഷ ഒഴിവാക്കിയത്.

വിഷവസ്തു ഉപയോഗിച്ച് കൊല ചെയ്തതിന് 10 വര്‍ഷം, തെളിവ് നശിപ്പിച്ചതിന് 7 വര്‍ഷം എന്നിങ്ങനെ 17 വര്‍ഷം തടവ് ശിക്ഷയ്ക്ക് ശേഷമാണ് വധശ്രമത്തിനും, കൊലപാതകത്തിനു ഇരട്ട ജീവപര്യന്തം ശിക്ഷ. കോടതി വിധിയെ മാനിക്കുന്നുവെന്നും എന്നാല്‍ വിധിയില്‍ തൃപ്തരല്ലാത്തതിനാല്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നും വിധി കേട്ട ശേഷം ഉത്രയുടെ കുടുംബം പ്രതികരിച്ചു.

ഉത്രവധക്കേസില്‍ പ്രതിക്ക് തൂക്കുകയര്‍ ലഭിക്കേണ്ടിയിരുന്നുവെന്നും സര്‍ക്കാര്‍ അപ്പീലിന് പോകണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്ത കുറ്റാന്വേഷണചരിത്രത്തില്‍ തന്നെ സവിശേഷ പ്രധാന്യമുള്ള കേസാണിത്. ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയില്‍ ഉത്രക്കേസുണ്ട്. വധശിക്ഷനല്‍കേണ്ട അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് കോടതിയുടെ വിധിയിലും പറയുന്നുണ്ട്.

കേരളത്തിലെ പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കാന്‍ ഈ കേസില്‍ മാതൃകാപരമായ ശിക്ഷ പ്രതിക്ക് കിട്ടേണ്ടതുണ്ട്. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നാണ് ബിജെപിയുടെ ആഗ്രഹമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker