കൊച്ചി:ആർ. ഗോപാലകൃഷ്‌ണൻ എന്ന പേര് സിനിമാ ലോകത്ത് പ്രസിദ്ധമാണ്. ജയറാം, പാർവതി, ആനി, ഗണേശ് കുമാർ തുടങ്ങിയവരുടെയെല്ലാം സിനിമയിലെ ആദ്യ ചിത്രം പകർത്തിയത് ആർ. ഗോപാലകൃഷ്‌ണനാണ്. ഗാനഗന്ധർവൻ യേശുദാസിന്റെ ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ ഇദ്ദേഹം എടുത്തിട്ടുള്ളത്. ഇന്ന് നമ്മൾ കാണുന്ന യേശുദാസിന്റെ പല വിന്റേജ് ചിത്രങ്ങളും പകർത്തിയതും ഗോപാലകൃഷ്‌ണന്റെ ക്യാമറയാണ്.
നടി മോനിഷയുടെ മരണവുമായി ബന്ധപ്പെട്ട് ചില അനുഭവങ്ങൾ പങ്കുവയ‌്ക്കുകയാണ് അദ്ദേഹം. പോപ്പഡോം എന്ന യൂട്യൂബ് ചാനലിലെ പ്രത്യേക അഭിമുഖത്തിലാണ് ജീവിതാനുഭവങ്ങൾ ഗോപാലകൃഷ്‌ണൻ പങ്കുവച്ചത്.
”മോനിഷയുടെ ചിത്രം ആദ്യം എടുക്കുന്നത് നഖക്ഷതങ്ങളിലാണ്. മോനിഷ മരിക്കുന്നതിന് ഒരു മാസം മുമ്പാണ് മോഹൻലാലിനൊപ്പമുള്ള ഗൾഫ് യാത്ര സംഘടിപ്പിച്ചത്. മോഹൻലാൽ, രേവതി, എം.ജി ശ്രീകുമാർ, നെടുമുടി വേണു, ഇന്നസെന്റ്, മോനിഷ, ഉഷ, ആലപ്പി അഷ്‌റഫ് എന്നിവരൊക്കെ യാത്രയിൽ ഉണ്ടായിരുന്നു. 40 ദിവസം നീണ്ട വലിയൊരു യാത്രയായിരുന്നു അത്. അക്കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായിരുന്നു മോനിഷ. അതുകൊണ്ടുതന്നെ ഞങ്ങളുടെയെല്ലാം പെറ്റായിരുന്നു. തിരികെ വന്നപ്പോൾ ചെപ്പടി വിദ്യ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിലാണ് മോനിഷ ജോയിൻ ചെയ‌്തത്.
പിറ്റേന്ന് മണിയൻ പിള്ള രാജുവാണ് മോനിഷ മരിച്ചുവെന്ന് വിവരം വിളിച്ചു പറയുന്നത്. ഞങ്ങൾ ഉടൻ ചേർത്തയിലേക്ക് തിരിച്ചു. മൃതദേഹം കൊണ്ടുപോകുന്നത് ബാംഗ്ളൂരിലേക്കാണെന്ന് ആംബുലൻസിൽ കയറിയപ്പോഴാണ് അറിഞ്ഞത്. ബോഡി എംബാം ചെയ്‌തിരുന്നില്ല. പോകുന്ന വഴിക്ക് ഐസ് വാങ്ങി വയ‌്ക്കണേ എന്ന് പലരും പറഞ്ഞു. തൃശ്ശൂർ എത്തിയപ്പോൾ ഐസ് വിൽക്കപ്പെടും എന്ന ബോർഡ് കണ്ടു.
ബ്രാഹ്മണർ താമസിക്കുന്ന തെരുവായിരുന്നു അത്. ആംബുലൻസ് കണ്ടപ്പോൾ ബോഡി അതിനകത്തേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. തുടർന്ന് മോനിഷയാണ് മരിച്ചതെന്ന് അറിയിച്ചതോടെ കുറച്ചു സ്ത്രീകൾ ഓടി വന്നു. ഐസ് വയ‌്ക്കുന്നതിനായി മിൽമയുടെ കവർ കുറേ സംഘടിപ്പിച്ച് അവർ തന്നെ കഴുകി തന്നു. ഐസ് അലിഞ്ഞുപോകാതിരിക്കാനായി അറക്കപ്പൊടി വച്ച് നിറച്ചാണ് അവർ തന്നത്.
പിന്നീടുള്ള ഞങ്ങളുടെ യാത്ര മിൽമ കവറിൽ ഐസ് നിറച്ചാണ് തുടർന്നത്. മരിച്ചിട്ട് കുറച്ചു സമയമായിരുന്നതിനാൽ മോനിഷയുടെ ബോഡി നല്ല ചൂടുണ്ടായിരുന്നു. വയ‌്ക്കുന്നതിന് മുമ്പുതന്നെ ഐസ് അലിഞ്ഞിരുന്നു. ആരും ഉറങ്ങാതെ ഇടയ‌്ക്കിടെ ഐസ് തുടർച്ചയായി വച്ചാണ് ബോഡി ബാംഗ്ളൂരിൽ എത്തിച്ചത്.”