ജോഷിമഠിൽ 12 ദിവസത്തിനിടെ ഭൂമി താഴ്ന്നത് 5.4 സെന്റീമീറ്റർ; സാറ്റലൈറ്റ് ചിത്രം ISRO പുറത്തുവിട്ടു
ന്യൂഡല്‍ഹി: ഭൂമി ഇടിഞ്ഞു താഴ്ന്നതിനു ശേഷമുള്ള ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരത്തിന്റെ ഉപഗ്രഹ ചിത്രം പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. 12 ദിവസത്തിനിടെ 5.4 സെന്റീമീറ്റര്‍ താഴ്ചയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. ഐ.എസ്.ആര്‍.ഒ.യുടെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററാണ് ഉപഗ്രഹ ചിത്രം പുറത്തുവിട്ടത്.
2022 ഡിസംബര്‍ 27 മുതല്‍ ജനുവരി എട്ടുവരെയുള്ള ദിവസങ്ങളിലാണ് ജോഷിമഠിലെ ഭൂമി ഇത്രയധികം താഴ്ന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയായി ഒന്‍പത് സെന്റീമീറ്റര്‍ ഭൂമി താഴ്ന്നിരുന്നു. ഇപ്പോള്‍ 12 ദിവസത്തിനിടെ മാത്രം 5.4 സെന്റീമീറ്റര്‍ താഴ്ന്നത് വലിയ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഇതുപ്രകാരം കണക്കാക്കിയാല്‍ കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ ജോഷിമഠ് 15 സെന്റീമീറ്ററോളം താഴേക്കുപോയി. ആര്‍മി ഹെലിപ്പാടും നര്‍സിങ് മന്ദിരവും ഉള്‍പ്പെടുന്ന സെന്‍ട്രല്‍ ജോഷിമഠില്‍ മാത്രമാണ് ഈ താഴ്ചയുള്ളതെന്ന്ഐ.എസ്.ആര്‍.ഒ. ഉപഗ്രഹ ചിത്രം വ്യക്തമാക്കുന്നു.
ജോഷിമഠിനെ ഭൂമി ഇടിഞ്ഞുതാഴുന്ന മേഖലയായി കഴിഞ്ഞ ദിവസം ചാമോലി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. വിള്ളലുണ്ടായതിനെത്തുടര്‍ന്ന് നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നത്. ഇതേത്തുടര്‍ന്ന് പ്രദേശത്തുനിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഇടക്കാല ആശ്വാസ പാക്കേജായി 1.5 ലക്ഷം രൂപയും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വകയിരുത്തി. പ്രദേശത്തെ കൂടുതലായി തകര്‍ന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടിയിലേക്ക് കടന്നു.
ജോഷിമഠ് നഗരത്തെ ശക്തിപ്പെടുത്തുന്ന വിധത്തില്‍ പദ്ധതികള്‍ രൂപവത്കരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി രംഗത്തെത്തി. ഇതിനായി ഒരു സ്വതന്ത്ര കമ്മിറ്റിയെ ചുമതലപ്പെടുത്താനും കോടതി നിര്‍ദേശിച്ചു.