മറ്റന്നാൾ അര്‍ധരാത്രി മുതൽ മിൽമയിൽ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരം
തിരുവനന്തപുരം: മറ്റന്നാൾ രാത്രി 12 മണിമുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കുമെന്ന് അറിയിപ്പ്. ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സമരം. നോട്ടീസ് കൊടുത്തിട്ടും ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് യൂണിയൻ നേതാക്കൾ ആരോപിക്കുന്നു.
പുതുക്കിയ ശമ്പളപരിഷ്‌കരണ കരാർ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മിൽമ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ യോഗത്തിൽ തീരുമാനമായിരുന്നു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, ജനറൽ സെക്രട്ടറി ഭുവനചന്ദ്രൻ നായർ, സിഐടിയു ജനറൽ സെക്രട്ടറി ബാബു, വൈസ് പ്രസിഡന്റ് ബിജു, എഐടിയുസി നേതാക്കളായ കെ പി രാജേന്ദ്രൻ, മോഹൻദാസ്, തിരുവല്ലം മധുസൂദനൻനായർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പാക്കിംഗും വിതരണവും നിറുത്തിവച്ച് കഴിഞ്ഞമാസവും മിൽമ തൊഴിലാളികൾ സമരം ചെയ്തിരുന്നു. തിരുവനന്തപുരം മേഖലാ യൂണിയന് കീഴിലുള്ള അമ്പലത്തറ, കൊല്ലം, പത്തനംതിട്ട ഡയറികളിലായിരുന്നു സമരം. ലക്ഷക്കണക്കിന് ലിറ്റർ പാലിന്റെ പ്രോസസിംഗ് തടസപ്പെട്ടിരുന്നു. മിൽമയുടെ പരാതിയിൽ ഐ.എൻ.ടി.യു.സി., സി.ഐ.ടി.യു. തൊഴിലാളികളുടെ പേരിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. കേസുകൾ പിൻവലിക്കണമെന്നും തൊഴിലാളികൾക്ക് സ്ഥാനക്കയറ്റം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം നടന്നത്.