തിരുവനന്തപുരം: സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കുരുക്കായി എസ്.എഫ്.ഐ. മുന്‍ ജില്ലാ സെക്രട്ടറി ജെ.ജെ. അഭിജിത്തിന്റെ ഫോണ്‍ സംഭാഷണം. എസ്.എഫ്.ഐ. നേതൃത്വത്തില്‍ തുടരാന്‍ യഥാര്‍ഥ പ്രായം മറച്ചുവെക്കാന്‍ ആനാവൂര്‍ ഉപദേശിച്ചെന്ന് വെളിപ്പെടുത്തല്‍. ആര് ചോദിച്ചാലും 26 വയസായെന്നേ പറയാവൂ എന്ന് ആനാവൂര്‍ നാഗപ്പന്‍ നിര്‍ദ്ദേശിച്ചതായി അഭിജിത്ത് പറയുന്ന ശബ്ദരേഖ പുറത്തുവന്നു.
തനിക്ക് യഥാര്‍ഥ പ്രായം 30 ആണെന്നും പല പ്രായത്തിനുള്ള സര്‍ട്ടിഫിക്കറ്റ് തന്റെ കയ്യിലുണ്ടെന്ന് ഈ ശബ്ദസംഭാഷണത്തില്‍ അഭിജിത്ത് പറയുന്നു. പ്രായം മാറിമാറി പറയാനാണ് ഇത്തരം സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും ഇയാള്‍ പറയുന്നു. പാര്‍ട്ടിയിലിപ്പോള്‍ തനിക്ക് വെട്ടാന്‍ ആരുമില്ലെന്നും വെട്ടിക്കളിക്കാന്‍ ആരെങ്കിലുമൊക്കെ വേണമെന്നും ഇയാള്‍ ശബ്ദരേഖയില്‍ പറയുന്നുണ്ട്.
ലഹരിവിരുദ്ധ ക്യാമ്പയ്‌നില്‍ പങ്കെടുത്ത ശേഷം ബാറിലെത്തി മദ്യപിച്ചെന്ന് കാണിച്ച് അഭിജിത്തിനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. എന്നാല്‍, വനിതാ നേതാവിനോട് മോശമായി സംസാരിച്ചതിനാണ് നടപടിയെടുത്തത് എന്നാണ് പുറത്തുവരുന്ന വിവരം.
പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ നിന്ന്:
എനിക്കിപ്പോ എന്താ, മുപ്പത്. എന്റെ ഒറിജിനല്‍ പ്രായമാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ പറത്ത് പറയണ പ്രായമല്ല. ഈ സംഘടനയില്‍ ഞാന്‍ നിന്നത് അതുകൊണ്ടാണ്. 26 വരയേ എസ്.എഫ്.ഐയില്‍ നില്‍ക്കാന്‍ പറ്റുള്ളൂ. ഈ വര്‍ഷം 30 ആയി. ഞാന്‍ ’92 ആണ്. എന്റെ കയ്യില്‍ ’92 ഉണ്ട്, ’94 ഉണ്ട്, ’95 ഉണ്ട്, സര്‍ട്ടിഫിക്കറ്റുകളേ. എന്നോട് നാഗപ്പന്‍ സാറ് പറഞ്ഞതാണ് ആര് ചോദിച്ചാലും ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന്. പ്രദീപ് സാറും എന്നോട് പറഞ്ഞു.
എനിക്ക് ആര് ഇരിക്കുന്നു ഇവിടെ വെട്ടാന്‍. പണ്ടത്തെ പോലെ വെട്ടാന്‍ ആരും ഇല്ലാത്തതുകൊണ്ട് ഭയങ്കര സുഖം. ആരേലും വേണം വെട്ടിക്കളിക്കാനൊക്കെ.