കാസര്‍ഗോഡ്: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുൾഗഫൂർ ഹാജി വധവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണത്തിൽ ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. കേസിലെ രണ്ടാം പ്രതി ഷമീന മന്ത്രവാദത്തട്ടിപ്പ് നടത്തി അബ്ദുൾ ഗഫൂർ ഹാജിയെ ഇതിനു മുൻപും പറ്റിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ചൈനയിൽ എം.ബി.ബി.എസിന് പഠിക്കുന്ന ബന്ധുവിന് പരീക്ഷ പാസാകാൻ മന്ത്രവാദം നടത്തിയാൽ മതിയെന്ന് ഷമീന പറഞ്ഞു. ഇത് വിശ്വസിച്ച് അതുപോലെ കാര്യങ്ങൾ നടത്തുകയും ചെയ്തു.
മന്ത്രവാദത്തിനുള്ള പ്രതിഫലമായി ഡയമണ്ട് നെക്ലേസാണ് ഷമീനയെന്ന ജിന്നുമ്മ കൈക്കലാക്കിയത്. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന നെക്ലേസ് തനിക്ക് സമ്മാനമായി നൽകിയതാണെന്നാണ് ഷമീന അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. സ്വർണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പലതവണയായി ഗഫൂർ ഹാജിയിൽനിന്ന് ഷമീന വാങ്ങിയ സ്വർണം കുടത്തിലിട്ട് അടച്ചുവച്ചുവെന്ന് പറഞ്ഞ് ബോധിപ്പിച്ചു.
കൊല നടന്ന ദിവസവും ഗഫൂർ ഹാജി സ്വർണം നൽകിയെന്ന് പ്രതികൾ മൊഴി നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥൻ ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. കെ.ജെ.ജോൺസൺ പറഞ്ഞു. ആറുമാസത്തിനുള്ളിൽ കുടം തുറന്നാൽ അതിനകത്തെ സ്വർണം മണ്ണാകുമെന്നും വിശ്വസിപ്പിച്ചു. ഇതൊന്നും ഷമീനയല്ല ഗഫൂർ ഹാജിയോട് പറയുന്നത്. മന്ത്രവാദത്തിനിടെ പാത്തൂട്ടിയെന്ന പെൺകുട്ടിയായി ഇവർ മാറും. പാത്തൂട്ടിയുടെ സ്വരത്തിലും ശരീരഭാഷയിലുമാണ് സംഭാഷണം.
പ്രതികളുടെ വാട്‌സാപ്പ് ചാറ്റുകളിലെ ശബ്ദസന്ദേശത്തിൽ പറയുന്ന വിഷയങ്ങളിലേക്കിറങ്ങി, പോലീസ് സമർഥമായാണ് ഓരോരുത്തരെയും ചോദ്യംചെയ്തത്. ഫോണിൽനിന്ന് ഈ ശബ്ദസന്ദേശങ്ങളെല്ലാം ഡിലീറ്റ് ചെയ്തിരുന്നെങ്കിലും അതെല്ലാം പോലീസ് റിക്കവർ ചെയ്തു.
പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ ദുരൂഹ മരണത്തില്‍ ആദ്യം സംശയിച്ചത് ഹണിട്രാപ് ആയിരുന്നു. ഹാജിയുടെ വീട്ടിലെ സന്ദര്‍ശകയായിരുന്ന മന്ത്രവാദിനി ജിന്നുമ്മ ഹണി ട്രാപ്പിലടക്കം നിരവധി തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട ക്രിമിനല്‍ ആയതാണ് സംശയം ഉയരാന്‍ കാരണം.
ജിന്നുമ്മ എല്ലായ്‌പ്പോഴും ഇരകളാക്കിയത് സമ്പന്നരെ ആയിരുന്നു. കാരണം തട്ടിപ്പുനടന്നതായി തിരിച്ചറിഞ്ഞാലും മാനം പോകുമെന്ന് ഭയന്ന് ഒന്നും പുറത്തുപറയാതെ സമ്പന്നര്‍ വിഴുങ്ങും. കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് ചൗക്കിയിലേക്ക് കൊണ്ടുപോയി ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തിലും, ഉദുമ സ്വദേശിയുടെ 16 പവന്‍ തട്ടിയെടുത്ത സംഭവത്തിലും ജിന്നുമ്മ പ്രതിയായിരുന്നു.
കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി വലയില്‍പ്പെടുത്തി വശീകരിച്ച് കാസര്‍കോട്ടെത്തിച്ച ശേഷം ഭീഷണിപ്പെടുത്തി വസ്ത്രമഴിപ്പിച്ച് ഫോട്ടോയെടുത്ത് ചിത്രങ്ങള്‍ പരസ്യപ്പെടുത്താതിരിക്കാന്‍ 30ലക്ഷം രൂപ ആവശ്യപ്പെട്ട കേസിലാണ് ജിന്നുമ്മ ആദ്യം പ്രതിയായത്. കേസില്‍ 14 ദിവസം യുവതി ജയിലില്‍ കിടന്നിരുന്നു. അന്ന് ഒപ്പംനിന്നവരാണ് ഇപ്പോഴത്തെ ആത്മീയതട്ടിപ്പ് സംഘത്തിലുള്ളതെന്നും പോലീസ് പറയുന്നു.
കാശുണ്ടെന്ന് കണ്ടാലേ ജിന്നുമ്മയും സംഘവും നോട്ടമിടും. വിശദവിവരങ്ങള്‍ ആദ്യം തന്നെ ഇവര്‍ ശേഖരിക്കും. കുടുംബപശ്ചാത്തലം അടക്കമുള്ള സകലവിവരങ്ങളും ഇതിലുണ്ടാകും. ശേഷം ജിന്നുമ്മയുടെ സവിശേഷതകള്‍ ഇരകളെ അറിയിക്കാനാകും ശ്രമം. സമ്പന്നരുടെ വീടുകളിലെത്തി മന്ത്രവാദിനിയായ ജിന്നുമ്മയാണ് തങ്ങളുടെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കിയതെന്ന് സംഘത്തിലെ ചിലര്‍ സാക്ഷ്യം പറയും. കാസര്‍കോട് ജില്ലയിലെ ഒട്ടേറെ പണക്കാരുടെ വീടുകളില്‍ ഈ സംഘം ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.
സമ്പന്നരായ ഇരകള്‍ തട്ടിപ്പില്‍ വീഴുന്നതോടെ ഘട്ടംഘട്ടമായി സ്വര്‍ണവും പണവും കൈക്കലാക്കുന്നതാണ് പ്രതികളുടെ രീതി. സ്വര്‍ണനിറമുള്ള കടലാസില്‍ അറബി മന്ത്രം എഴുതിയുള്ള തകിടിന് 55,000 രൂപയാണ് മന്ത്രവാദിനിയായ ജിന്നുമ്മ ഈടാക്കിയിരുന്നത്. ഇതിനുപുറമേ കൂടോത്രം കുഴിച്ചെടുക്കലും തകിട് കുഴിച്ചിടലുമെല്ലാം ഇതില്‍ ഉള്‍പ്പെടും. അര്‍ദ്ധരാത്രിയിലാണ് ഇതെല്ലാം നടത്തുന്നത്. ഈ മന്ത്രവാദത്തിന് ശേഷം ജിന്നുമ്മ ‘പാത്തൂട്ടി’യായി ഉറഞ്ഞുതുള്ളും.
മലയാളം സംസാരിക്കുന്ന കര്‍ണാടകക്കാരിയാണ് പാത്തൂട്ടിയെന്നും പാത്തൂട്ടിയുടെ ആത്മാവാണ് ജിന്നുമ്മയുടെ ശരീരത്തില്‍ പ്രവേശിച്ചിരിക്കുന്നതെന്നും ഇവര്‍ വിശ്വസിപ്പിക്കും. പാത്തൂട്ടിയായി ഉറഞ്ഞുതുള്ളുന്ന ജിന്നുമ്മ ഈ ഘട്ടത്തിലാണ് അവസാനത്തെ പരിഹാരക്രിയകള്‍ നിര്‍ദേശിക്കുക. ഇതിനുശേഷവും പ്രതികള്‍ സ്വര്‍ണവും പണവും കൈക്കലാക്കും. മന്ത്രവാദത്തിന്റെ എല്ലാ ഘട്ടങ്ങളും അവസാനിക്കുമ്പോഴേക്കും വന്‍തുകയുടെ സ്വര്‍ണമാകും പ്രതികള്‍ തട്ടിയെടുത്തിരിക്കുന്നത്. തട്ടിപ്പിനിരയാകുന്നവരെല്ലാം സമ്പന്നരും സമൂഹത്തില്‍ അറിയപ്പെടുന്നവരും ആയതിനാല്‍ ആരും പരാതിയൊന്നും നല്‍കാറില്ല. ഇതായിരുന്നു പ്രതികളുടെ ആത്മവിശ്വാസവും.
അബ്ദുള്‍ ഗഫൂറിന്റെ കൊലപാതകത്തില്‍, മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭര്‍ത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണ്ണം ഇരട്ടിച്ച് നല്‍കാമെന്ന് പറഞ്ഞ് അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തിയെന്ന് പൊലീസ് കണ്ടെത്തി. സ്വര്‍ണ്ണം മുന്നില്‍ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വര്‍ണ്ണം തിരിച്ച് നല്‍കേണ്ടി വരുമെന്ന് കരുതിയായിരുന്നു കൊലപാതകം. 596 പവന്‍ സ്വര്‍ണ്ണമാണ് മന്ത്രവാദ സംഘം തട്ടിയത്.