ആര്‍ത്തവം എന്നത് പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ്. പല സ്ത്രീകളെയും സംബന്ധിച്ചിടത്തോളം ആര്‍ത്തവദിനങ്ങള്‍ വളരെ പ്രയാസം നിറഞ്ഞതാണ്. പലര്‍ക്കും ആ ദിനസങ്ങള്‍ ഒരു പേടി സ്വപ്നമാണ്. ഇപ്പോഴിതാ ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് പറയുകയാണ് ബോളിവുഡ് നടി ജാന്‍വി കപൂര്‍.
ആര്‍ത്തവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പരത്തുന്നതിന് പകരം കൂടുതല്‍ ആളുകളെ ബോധവത്കരിക്കൂ എന്നാണ് ജാന്‍വി പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് ജാന്‍വി പറഞ്ഞത്. സാനിറ്ററി പാഡുകള്‍ പോലുള്ള സൗകര്യങ്ങള്‍ രാജ്യത്തെ മുഴുവന്‍ സ്ത്രീകളിലേക്കുമെത്തണം.
തീര്‍ത്തും സ്വാഭാവികവും ആരോഗ്യകരവുമായ ശരീരത്തിലെ ഈ പ്രക്രിയയെക്കുറിച്ച് വിദ്യാഭ്യാസ തലങ്ങളില്‍ ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും ജാന്‍വി പറഞ്ഞു. ഇപ്പോഴും ആര്‍ത്തവത്തെ അശുദ്ധിയോടെ കാണുന്ന സാഹചര്യമുണ്ട്. സ്ത്രീകളെ പലപ്പോഴും ആര്‍ത്തവകാലങ്ങളില്‍ ദൈനംദിന ജോലികളില്‍ നിന്നെല്ലാം വിട്ടുനിര്‍ത്തുന്നുണ്ട്.
ആര്‍ത്തവം ശുദ്ധമാണെന്നോ അശുദ്ധമാണെന്നോ കരുതുന്നില്ല. ആര്‍ത്തവം സ്വാഭാവിക പ്രക്രിയ മാത്രം. തെറ്റായ ചിന്താഗതികളെയെല്ലാം ഇല്ലാതാക്കാന്‍ ആര്‍ത്തവ ശുചിത്വം എന്ന വിഷയത്തില്‍ കൂടുതല്‍ ബോധവത്കരണങ്ങള്‍ നടക്കണം’- ജാന്‍വി പറഞ്ഞു.
ആര്‍ത്തവശുചിത്വത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ജാന്‍വി ഓര്‍മ്മിപ്പിച്ചു. സാനിറ്ററി പാഡുകളുടെ കൃത്യമായ ഉപയോഗത്തെ കുറിച്ചും സ്ത്രീകള്‍ അറിഞ്ഞിരിക്കണം. നല്ല പാഡുകള്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കുകയും വേണമെന്ന് ജാന്‍വി പറയുന്നു.