ആവഞ്ചേര്‍സ് താരം ജെര്‍മി റെന്നറിൻ്റെ ശസ്ത്രക്രിയ കഴിഞ്ഞു, നടൻ ഗുരുതരാവസ്ഥയില്‍ തന്നെ
ഹോളിവുഡ്: മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സലിലെ ഹാള്‍ക്ക് ഐ എന്ന സൂപ്പര്‍ ഹീറോ കഥാപാത്രത്തിലൂടെ പ്രശസ്തനായ ജെര്‍മി റെന്നറുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസമാണ് ജെര്‍മി റെന്നര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. മഞ്ഞ് നീക്കം ചെയ്യുന്ന വാഹനം ഒടിക്കുന്നതിനിടെയാണ് അപകടം എന്നാണ് വിവരം.
പുതുവത്സര ദിനത്തിൽ നെവാഡയിലെ വീടിന് സമീപം സ്നോ പ്ലോ (ഐസ് നീക്കം ചെയ്യുന്ന വാഹനം) ഓടിക്കുന്നതിനിടെ 51 കാരനായ നടന് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഏറ്റവും പുതിയ വിവരം അനുസരിച്ച് അപകടത്തിൽ നെഞ്ചിലെ ആഴത്തിലുള്ള മുറിവും ഓർത്തോപീഡിക് പ്രശ്നങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
താരത്തിന്‍റെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് നടന്‍റെ ഏജന്‍റ് മാധ്യമങ്ങളോട് അറിയിച്ചത്. “ജെര്‍മിയെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും, നേഴ്സുമാര്‍ക്കും, ആശുപത്രി ജീവനക്കാര്‍ക്കും. അപകട സമയത്ത് ഇടപെട്ട ട്രക്കി മെഡോസ് ഫയർ ആൻഡ് റെസ്‌ക്യൂ, വാഷോ കൗണ്ടി ഷെരീഫ്, റെനോ സിറ്റി മേയർ, ഹിലരി സ്‌കീവ്, കാരാനോ, മർഡോക്ക് കുടുംബങ്ങൾ എന്നിവരോടും ജെര്‍മിയുടെ കുടുംബം നന്ദി അറിയിക്കുന്നു” – നടന്‍റെ വക്താവ് വ്യക്തമാക്കി.
ഈ അപകടവിവരം അറിഞ്ഞ ലോകമെങ്ങുമുള്ള ആരാധകരിൽ നിന്നുള്ള അന്വേഷണങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദിയുണ്ടെന്നും ഇദ്ദേഹത്തിന്‍റെ കുടുംബം വ്യക്തമാക്കി.
റെന്നറുടെ അയല്‍വാസി നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ടിഎംഇസഡ് നല്‍കുന്ന റിപ്പോര്‍ട്ടില്‍. ന്യൂ ഇയര്‍ രാത്രി വലിയതോതില്‍ സംഭവ സ്ഥലത്ത് മഞ്ഞുവീഴ്ചയുണ്ടായിരുന്നു. താരത്തിന്‍റെ വീട്ടില്‍ നിന്നും പുറത്തിറങ്ങാനുള്ള റോഡ് ഗതാഗത യോഗ്യം അല്ലായിരുന്നു. ഇതോടെ മഞ്ഞ് നീക്കം ചെയ്യുന്ന വണ്ടിയുമായി ജെര്‍മി റോഡില്‍ ഇറങ്ങുകയായിരുന്നു. ഇദ്ദേഹത്തിനും കുടുംബത്തിനും ഞായറാഴ്ച ഒരു ഇടം വരെ പോകാനുണ്ടായിരുന്നു എന്നും അയല്‍വാസി പറയുന്നു. എന്നാല്‍ ഈ വണ്ടി അപകടകത്തിലാകുകയും ജെര്‍മിയുടെ കാലില്‍ കൂടി വാഹനം കയറിയിറങ്ങിയെന്നുമാണ് അപടത്തിന്‍റെ ദൃസാക്ഷി പറയുന്നത്.
പരിക്കില്‍ നിന്നും ധാരാളം രക്തം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. അതെ സമയം ഡോക്ടറായ മറ്റൊരു അയൽക്കാരൻ പ്രഥമ ശ്രുശ്രൂഷ നല്‍കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. നെവാഡയിലെ മൗണ്ട് റോസ് സ്കീ താഹോ ഏരിയയിലെ താരത്തിന്‍റെ വീട്ടില്‍ പുതുവത്സരം ആഘോഷിച്ച ശേഷം ഒരു യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു താരം. കഴിഞ്ഞ മാസം ടാഹോ ലേക്കില്‍ വലിയ അളവിൽ മഞ്ഞ് പെയ്യുന്നതിനെ കുറിച്ച് താരം സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകളും, പോസ്റ്റുകളും ഇട്ടിരുന്നു.