രാജ്‌കോട്ട്: ഇംഗ്ലണ്ടിന് മുന്നില്‍ റണ്‍മല തീര്‍ത്ത് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ചുറിയുമായി യശസ്വി ജയ്‌സ്വാള്‍ കളം വാണതോടെ ഇന്ത്യ 556 റണ്‍സ് ലീഡ് നേടി. 98 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 430 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഇതോടെ 556 റണ്‍സ് ലീഡ് നേടി. റിട്ടയേഡ് ഹര്‍ട്ടായി കഴിഞ്ഞദിവസം മടങ്ങിപ്പോയ യശസ്വി ജയ്‌സ്വാളും (236 പന്തില്‍ 214) ടെസ്റ്റ് അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാനും (72 പന്തില്‍ 68) ആണ് ക്രീസില്‍.
12 സിക്‌സും 14 ഫോറും അകമ്പടി ചേര്‍ന്നതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. മൂന്ന് സിക്‌സും ആറ് ഫോറും ചേര്‍ന്നാണ് സര്‍ഫറാസിന്റെ അര്‍ധ സെഞ്ചുറി. 85-ാം ഓവറില്‍ ജയ്‌സ്വാള്‍, ജെയിംസ് ആന്‍ഡേഴ്‌സനെ ഹാട്രിക് സിക്‌സ് പറത്തി. 21 റണ്‍സാണ് ആ ഓവറില്‍ നേടിയത്. അതേസമയം ഹാട്രിക് പറത്തിയ ജയ്‌സ്വാളിനെ ആന്‍ഡേഴ്‌സന്‍ അഭിനന്ദിച്ചു.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് എന്ന നിലയില്‍ മൂന്നാംദിനം കളിയവസാനിപ്പിച്ച ഇന്ത്യക്ക്, നാലാംദിനത്തില്‍ സെഞ്ചുറി പ്രതീക്ഷയായ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. 151 പന്തില്‍ 91 റണ്‍സില്‍ നില്‍ക്കേ റണ്ണൗട്ടായി മടങ്ങുകയായിരുന്നു. ടോം ഹാര്‍ട്ട്‌ലിയുടെ പന്തില്‍ മിഡ് ഓണിലേക്ക് കുല്‍ദീപ് പായിച്ച പന്ത് ബെന്‍ സ്റ്റോക്‌സ് കൈവശപ്പെടുത്തി. ഉടന്‍തന്നെ ഹാര്‍ട്ട്‌ലിയിലേക്ക് എറിഞ്ഞുനല്‍കിയിരുന്നു. ഈ സമയം നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍നിന്ന് സിംഗിളിനായി ശ്രമിച്ച ഗില്‍, അത് പരാജയമാണെന്നറിഞ്ഞ് തിരിച്ചുവന്നപ്പോഴേക്ക് ഹാര്‍ട്ട്‌ലി സ്റ്റമ്പ് ചെയ്ത് പുറത്താക്കി. സെഞ്ചുറി കാണാതെ ഗില്‍ പവലിയനിലേക്ക്.
ഇതോടെ റിട്ടയേഡ് ഹര്‍ട്ടായി ശനിയാഴ്ച മടങ്ങിയ ജയ്‌സ്വാള്‍ തന്നെ വീണ്ടും മടങ്ങിയെത്തി. പിന്നാലെ 27 റണ്‍സെടുത്ത കുല്‍ദീപ് യാദവിനെയും നഷ്ടപ്പെട്ടു. ഇംഗ്ലണ്ടിനുവേണ്ടി ജോ റൂട്ട്, റിഹാന്‍ അഹ്‌മദ്, ടോം ഹാര്‍ട്ട്‌ലി എന്നിവര്‍ ഓരോന്നുവീതം വിക്കറ്റ് നേടി.
നേരത്തേ രോഹിത് ശര്‍മയുടെയും (131) രവീന്ദ്ര ജഡേജയുടെയും (112) സെഞ്ചുറി ബലത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 445 റണ്‍സ് കെട്ടിപ്പടുത്തിരുന്നു. അരങ്ങേറ്റക്കാരായ സര്‍ഫറാസ് ഖാനും (62) വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലും (46) മികച്ച പ്രകടനം നടത്തിയതിനെത്തുടര്‍ന്നായിരുന്നു ഇന്ത്യ ഈ സ്‌കോറിലെത്തിയത്. നാല് വിക്കറ്റ് നേടിയ ജോ റൂട്ടും രണ്ട് വിക്കറ്റ് നേടിയ റിഹാന്‍ അഹ്‌മദും ആണ് ഇംഗ്ലണ്ടിനുവേണ്ടി ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 319 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇന്ത്യക്ക് 126 റണ്‍സ് ലീഡ് ലഭിച്ചു. 153 റണ്‍സ് നേടിയ ഡക്കറ്റാണ് ഇംഗ്ലണ്ടിനെ മുന്നൂറ് കടത്തിയത്. ഓലീ പോപ്പ് (39), ക്യാപ്റ്റന്‍ സ്റ്റോക്‌സ് (41) എന്നിവരൊഴിച്ചാല്‍ വേറെയാരും 20-ന് മുകളില്‍ സ്‌കോര്‍ ചെയ്തില്ല. ഇന്ത്യക്കുവേണ്ടി മുഹമ്മദ് സിറാജ് നാലും കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ നേടി.