29.5 C
Kottayam
Monday, May 6, 2024

കേരള കോണ്‍ഗ്രസ് ജോസഫ്-ജേക്കബ് വിഭാഗങ്ങള്‍ ലയിയ്ക്കുന്നു,അപ്രതീക്ഷിത നീക്കവുമായി പി.ജെ.ജോസഫ്

Must read

കോട്ടയം:കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ജോസഫ്-ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായി തുടരവെ പുതിയ രാഷ്ട്രീയ തന്ത്രങ്ങളുമായി ജോസഫ് വിഭാഗം.യു.ഡി.എഫിലെ തന്നെ മറ്റൊരു കേരള കോണ്‍ഗ്രസ് വിഭാഗമായ ജേക്കബ് ഗ്രൂപ്പുമായി കൂട്ടുകൂടുന്നതിനാണ് നീക്കം.ഒപ്പം ഇടതുമുന്നണിയിലുള്ള ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസിനെയും ഒപ്പം നിര്‍ത്തും.

പിറവം എംഎല്‍എയായ അനൂപ് ജേക്കബും ചെയര്‍മാന്‍ ജോണി നെല്ലൂരും ഉള്‍പ്പെടെയുള്ള ജേക്കബ് വിഭാഗവുമായി ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ച നടന്നു. അനൂപ് ജേക്കബ് കൂടി എത്തിയാല്‍ ജോസഫ് വിഭാഗത്തിന്റെ എംഎല്‍എമാരുടെ എണ്ണം നാലാകും. നിലവില്‍ ജോസ് കെ മാണിക്കൊപ്പം രണ്ട് എംഎല്‍എമാരാണുള്ളത്. അടുത്ത ദിവസം കോട്ടയത്ത് ചേരുന്ന ജേക്കബ് ഗ്രൂപ്പ് സംസ്ഥാന നേതൃയോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. ജോസഫും ജോസ് കെ മാണിയും തമ്മില്‍ തര്‍ക്കം രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് വിവിധ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെ ഒപ്പം ചേര്‍ത്ത് യുഡിഎഫിനുള്ളില്‍ കരുത്ത് തെളിയിക്കാന്‍ ജോസഫ് വിഭാഗം ശ്രമിക്കുന്നത്.

ഇടത് മുന്നണിക്കൊപ്പമുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്നും ഫ്രാന്‍സീസ് ജോര്‍ജിനെ മാത്രം അടര്‍ത്തി മാറ്റി ഒപ്പം നിര്‍ത്താനാണ് പി ജെ ജോസഫിന്റെ ശ്രമം. ഇക്കാര്യത്തിലും ചര്‍ച്ച അവസാന ഘട്ടത്തിലാണെന്നാണ് സൂചന. ലയനത്തിലൂടെ യുഡിഎഫിലെ ശക്തമായ കേരള കോണ്‍ഗ്രസ് വിഭാഗമായി മാറാനാണ് ജോസഫ് വിഭാഗത്തിന്റെ ലക്ഷ്യം. കുട്ടനാട് സീറ്റിന്റെ കാര്യത്തിലും ജോസ് കെ മാണി വിഭാഗത്തെ മറികടക്കാന്‍ ലയന നീക്കം ഗുണം ചെയ്യുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ പ്രതീക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week