കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ വനം വകുപ്പ് പരിശോധന. മ്യൂസീയത്തിന്റെ ദൃശ്യങ്ങളില്‍ ആനക്കൊമ്പിന്റെ ചിത്രങ്ങള്‍ കണ്ടതിന് പിന്നാലെയാണ് പരിശോധന. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ വകുപ്പുകള്‍ ഇവിടെ പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന മോന്‍സന്റെ പുരാവസ്തു ശേഖരത്തില്‍ രണ്ട് ആനക്കൊമ്പുകളുടെ ചിത്രം പുറത്തുവന്നിരുന്നു. ആ ദൃശ്യങ്ങളുടെ ഭാഗമായാണ് വനം വകുപ്പ് പ്രാഥമിക പരിശോധന നടത്തുന്നത്. ഈ ആനക്കൊമ്പ് യഥാര്‍ഥമാണോ, അങ്ങനെയെങ്കില്‍ എവിടെ നിന്നാണ് ലഭിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അറിയുകയാണ് പരിശോധനയുടെ ലക്ഷ്യം.
കൂടാതെ ആനക്കൊമ്പിന് പുറമെ മറ്റേതെങ്കിലും വന്യമൃഗങ്ങളുടെ കൊമ്പുകളും ശേഖരത്തിലുണ്ടോ എന്നറിയുകയും പരിശോധനയുടെ ലക്ഷ്യമാണ്.അതേസമയം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത മോന്‍സന്‍ മാവുങ്കലിനെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമായാല്‍ കോടതിയിലേക്ക് കൊണ്ടുപോകും.
മോന്‍സന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും കോടതി ഇന്ന് വിധി പ്രസ്താവിക്കും. രാവിലെ കോടതിയിലെത്തിക്കുന്നതിന് മുന്‍പ് നടത്തിയ വൈദ്യപരിശോധനയിലാണ് രക്തസമ്മര്‍ദ്ദം ഉയര്‍ന്നത്. തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കോവിഡ് ടെസ്റ്റും പൂര്‍ത്തിയാക്കി. അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാവശ്യപ്പെട്ടിട്ടുണ്ട്.