ചാറ്റ് ജിപിടിയ്ക്ക് നിരോധനം,ചാറ്റ്ബോട്ടിനെ ഇറ്റലി നിരോധിച്ചത് സ്വകാര്യത ആശങ്കകളെത്തുടർന്ന്
റോം: എഐ ചാറ്റ്ബോട്ട് ചാറ്റ് ജിപിടിയെ നിരോധിച്ച് ഇറ്റലി. ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്ന ആദ്യത്തെ പാശ്ചാത്യ രാജ്യമായിരിക്കുകയാണ് ഇറ്റലി. സ്വകാര്യത സംരക്ഷിക്കുന്നതിന്‍റെ ഭാഗമാണ് ഇത്തരം ഒരു നീക്കം എന്നാണ് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ് പിന്തുണയോടെ യുഎസ് സ്റ്റാർട്ടപ്പ് ഓപ്പൺഎഐ സൃഷ്ടിച്ച എഐ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി സ്വകാര്യത ആശങ്കകളുണ്ടെന്നാണ് ഇറ്റാലിയൻ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി നിരോധനത്തിനെക്കുറിച്ച് പറയുന്നു.
ഉടന്‍ നിരോധനം നിലവില്‍ വരും എന്നാണ് ഇറ്റാലിയൻ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി പറയുന്നത്. എന്നാല്‍ തങ്ങള്‍ എല്ലാതരത്തിലുള്ള സ്വകാര്യതാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നാണ് ഓപ്പൺഎഐ ഇറ്റലിയിലെ ചാറ്റ് ജിപിടി നിരോധനം സംബന്ധിച്ച് ബിബിസിയോട് പ്രതികരിച്ചത്.
അതേ സമയം ഇറ്റാലിയൻ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ സംശയങ്ങളില്‍ ഉത്തരം നല്‍കാന്‍ ഓപ്പൺഎഐക്ക് 20 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.
അതേ സമയം അയര്‍ലാന്‍റിലും ചാറ്റ് ജിപിടിക്കെതിരെ നിരോധന നീക്കം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലിയിലെ ചാറ്റ് ജിപിടി നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ ഇറ്റാലിയൻ റെഗുലേറ്ററുമായി ബന്ധപ്പെട്ടു വരികയാണെന്ന് ഐറിഷ് റെഗുലേറ്റര്‍ അതോററ്ററി അറിയിച്ചു.
യുകെയുടെ സ്വതന്ത്ര ഡാറ്റാ റെഗുലേറ്ററായ ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ്, AI-യിലെ സംഭവവികാസങ്ങളെ “പിന്തുണയ്ക്കുമെന്ന്” ബിബിസിയോട് പറഞ്ഞു, എന്നാൽ ഡാറ്റ സംരക്ഷണ നിയമങ്ങൾ പാലിക്കാത്തതിനെ വെല്ലുവിളിക്കാൻ തങ്ങൾ തയ്യാറാണെന്നും പറഞ്ഞു.
കഴിഞ്ഞ നവംബറിലാണ് ഓപ്പണ്‍ എഐ ചാറ്റ് ജിപിടി 3.5 എന്ന എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചത്. ചെറിയ കാലത്തിനുള്ളില്‍ തന്നെ സൈബര്‍ ലോകത്ത് ചാറ്റ് ജിപിടി ഒരു തരംഗമായി മാറി എന്നതാണ് നേര്. ചാറ്റ്ജിപിടി (ചാറ്റ് ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ) നല്‍കുന്ന ചോദ്യങ്ങള്‍ വിശദമായി മനുഷ്യന്‍ പ്രതികരിക്കും പോലെ മറുപടി നല്‍കുന്ന എഐ ടൂളാണ്. ഇതിന് ചില പരിമിതികള്‍ ഉണ്ടെങ്കിലും ഇന്നുവരെ ഉണ്ടാക്കിയ ഏറ്റവും മികച്ച എഐ ടൂളുകളില്‍ ഒന്നാണ് ചാറ്റ് ജിപിടി എന്ന് പറയാം.
കഴിഞ്ഞ മാസം ജിപിടി 4 അവതരിപ്പിച്ചിരുന്നു. നേരത്തെ ഇറക്കിയ ചാറ്റ് ജിപിടി 3.5 ന്‍റെ പരിഷ്കരിച്ച പതിപ്പാണ് ഇത്.
മുന്‍ഗാമിയേക്കാള്‍ സുരക്ഷിതവും കൂടുതല്‍ കൃത്യതയും ഉണ്ടാവും പുതിയ പതിപ്പായ ജിപിടി 4ക്ക് എന്നാണ് ഓപ്പണ്‍ എഐ പറയുന്നത്. ഓപ്പണ്‍ എഐ സൈറ്റില്‍ ഏതെല്ലാം വിധത്തില്‍ പഴയ ചാറ്റ് ജിപിടിയില്‍ നിന്നും ജിപിടി 4 വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്.
ഏതെങ്കിലും കുറച്ച് പച്ചക്കറികളും, മറ്റ് പൊടികളുടെയും ചിത്രം കൊടുത്ത് ഇതില്‍ നിന്ന് എന്ത് കഴിക്കാന്‍ ഉണ്ടാക്കും എന്ന് ചോദിച്ചാല്‍ അതിന് ഉത്തരവും ജിപിടി 4 നല്‍കും. ഒപ്പം തന്നെ ഏതെങ്കിലും ലിങ്ക് കൊടുത്ത് അതില്‍ നിന്നും നമ്മുക്ക് വേണ്ട ഭാഗത്ത് നിന്നും എതെങ്കിലും ലേഖനം തയ്യാറാക്കി നല്‍കാന്‍ പുതിയ ജിപിടി പതിപ്പിന് സാധിക്കും. ക്രിയേറ്റിവിറ്റിയും, റീസണിംഗ് ശേഷിയും ജിപിടി 4ല്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഓപ്പണ്‍ എഐ അവകാശപ്പെടുന്നത്.