CrimeKeralaNews

ഒന്നര വർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; ഭാര്യ പൊലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട: പരുത്തിപ്പാറയില്‍ ഒന്നരവര്‍ഷമായി കാണാതായ ആളെ ഭാര്യ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ഭാര്യ നൂറനാട് സ്വദേശി അഫ്‌സാന സലീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കലഞ്ഞൂര്‍പാടം സ്വദേശിയായ നൗഷാദിനെ (36) ഒന്നരവര്‍ഷം മുന്‍പ് കാണാനില്ലായിരുന്നു.

ഒന്നരവര്‍ഷംമുന്‍പ് മൂന്നുമാസത്തോളം അടൂര്‍ ഏറത്ത് ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന പരുത്തിപ്പാറയില്‍ അഫ്‌സാനയോടൊപ്പം വാടകയ്ക്കു താമസിച്ചുവരികയായിരുന്നു നൗഷാദ്. 2021 നവംബര്‍ അഞ്ച് മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നൗഷാദിന്റെ മാതാപിതാക്കൾ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കൂടല്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.

ഇതിനിടെ ഒരുമാസംമുന്‍പ് ഭാര്യ അഫ്‌സാന നൗഷാദിനെ കണ്ടിരുന്നെന്ന് പോലീസിന് മൊഴിനല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ പോലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നൗഷാദിനെ കണ്ടെത്താനായില്ല. ഇതോടെ അഫ്‌സാനയുടെ മൊഴി കള്ളമാണെന്ന നിഗമനത്തില്‍ പോലീസെത്തി. പിന്നീട് ഇവരെ വിശദമായ ചോദ്യംചെയ്തതോടെയാണ് നൗഷാദിനെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്‌തെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ച് മൂടിയെന്നും പുഴയിലെറിഞ്ഞുവെന്നും ഭാര്യ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു. നിലവില്‍ ഭാര്യ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് ശാസ്ത്രീയ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ്

അഫ്സാനയുടെ മൊഴി പ്രകാരം ഇവര്‍ താമസിച്ചിരുന്ന വീടിനു തൊട്ടടുത്ത ആരാധനാലയത്തിലെ സെമിത്തേരിക്കടുത്ത് പോലീസ് പരിശോധന നടത്തിയെങ്കിലും മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്താനായില്ല. നേരത്തേ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button