പഠിക്കാൻ കാനഡയിലെത്തി, പിന്നെ ‘കാണാനില്ല’ 20,000 ഇന്ത്യൻ വിദ്യാർത്ഥികൾ കോളേജിൽ ഹാജരായില്ലെന്ന് റിപ്പോർട്ട്
ഒട്ടാവ: കാനഡയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളിൽ 20,000 പേർ കോളജുകളിൽ ഹാജരായില്ലെന്ന് റിപ്പോർട്ട്. ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയാണ് (ഐആർസിസി) റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ എത്തിയവരുടെ കണക്കാണിത്.
പല രാജ്യങ്ങളിൽ നിന്നായി കഴിഞ്ഞ വർഷം കാനഡയിലെത്തിയ വിദ്യാർത്ഥികളിൽ ഏകദേശം 50,000 പേരാണ് കോളജുകളിൽ ഹാജരാവാതിരുന്നത്. ഇവരിൽ 20,000 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇത് മൊത്തം ഇന്ത്യൻ വിദ്യാർത്ഥികളുടെ 5.4 ശതമാനം വരും.
ഇന്‍റർനാഷണൽ സ്റ്റുഡന്‍റ് കംപ്ലയൻസ് റെജിമിന് കീഴിലാണ് ഈ കണക്കുകൾ ശേഖരിച്ചത്. സ്റ്റഡി പെർമിറ്റ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർഷത്തിൽ രണ്ടു തവണ എൻറോൾമെന്‍റിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യണം. 144 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കണക്കാണ് പുറത്തുവന്നത്. ഉദാഹരണത്തിന് ഫിലിപ്പീൻസിൽ നിന്ന് 688 പേരും (2.2 ശതമാനം) ചൈനയിൽ നിന്ന് 4,279 (6.4 ശതമാനം) പേരും കോളജുകളിൽ എത്തിയില്ല.
പഠിക്കാൻ എത്താത്ത വിദ്യാർത്ഥികൾ അവരുടെ സ്റ്റുഡന്‍റ് വിസ നിബന്ധനകൾ ലംഘിക്കുന്നു. ഇവർക്കെതിരെ കാനഡ ബോർഡർ സർവീസ് ഏജൻസി എൻഫോഴ്‌സ്‌മെന്‍റ് നടപടിയെടുക്കുമെന്നും തടങ്കലിലാക്കുന്നതിനും കാനഡയിൽ നിന്ന് നീക്കം ചെയ്യുന്നതിനും ഇടയാക്കുമെന്നും ഇമിഗ്രേഷൻ അഭിഭാഷകൻ സുമിത് സെൻ പറഞ്ഞു.
കാനഡ – യുഎസ് അതിർത്തിയിലൂടെ അനധികൃത കുടിയേറ്റം നടക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചില ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയിലെത്തി അനധികൃതമായി യുഎസിലേക്ക് കടക്കുന്നതിനായി സ്റ്റഡി പെർമിറ്റ് ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. കാനഡയിലെത്തി അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ സഹായിക്കുന്ന ഇന്ത്യയിലെ സ്ഥാപനങ്ങളെ കുറിച്ച് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.