കോഴിക്കോട്:കര്‍ണാടകയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായെന്ന് കരുതപ്പെടുന്ന കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിൽ വലിയ കാലതാമസമുണ്ടായിട്ടുണ്ടെന്ന് ബന്ധുക്കൾ. വളരെ പരിമിതമായ സൗകര്യം വെച്ചാണ് അവർ രക്ഷാപ്രവർത്തനം നടത്തുന്നത്. കേരളത്തിലാണെങ്കിൽ ഒരുപാട് സംവിധാനങ്ങളുണ്ട്, ജനങ്ങൾ സഹായിക്കും. ഇതൊന്നും അവിടെയില്ല.
രക്ഷാപ്രവർത്തനത്തിനും കൂടുതൽ ഹൈവേ വൃത്തിയാക്കാനാണ് അവർ ശ്രമിക്കുന്നത്. ജിപിഎസ് സിഗ്നല്‍ ഒടുവിലായി ലഭിച്ചത് മണ്ണിടിച്ചിലുണ്ടായ അതേസ്ഥലത്തുനിന്നാണ്, വണ്ടി അവിടെ തന്നെയാണ് എന്നെല്ലാം ഞങ്ങൾ പറയുന്നുണ്ട്. പക്ഷേ അങ്ങനെയൊരു വണ്ടിയില്ലെന്നും നിങ്ങൾക്കു തോന്നുന്നതാണെന്നുമാണ് അവിടെയുള്ളവർ പറയുന്നതെന്നും ബന്ധുക്കൾ വ്യക്തമാക്കി.
ആധുനിക സംവിധാനങ്ങളുള്ള വണ്ടിയാണ് അർജുന്റേത്, അതിൽ അവൻ അതിജീവിക്കുന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. വ്യാഴാഴ്ച രാത്രിവരെ വണ്ടിയുടെ എൻജിൻ ഓണാണെന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരം. പക്ഷേ രക്ഷാപ്രവർത്തകർ അവിടെ എത്തിയാൽ മാത്രമേ രക്ഷപ്പെടാനാവൂവെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു.