‘ഇവിടെ പച്ചപിടിച്ചില്ല… അതുകൊണ്ട് തമിഴിലേക്ക് പോയി, സൈബർ അറ്റാക്ക് നല്ലതാണ്’; കാളിദാസ് ജയറാം പറയുന്നു!
കൊച്ചി:തെന്നിന്ത്യൻ സിനിമയിലെ ഭാവി വാഗ്ദാനമാണ് കാളിദാസ് ജയറാം ചെറുപ്പത്തിൽ ബാലതാരമായി മനോഹരമായ കഥാപാത്രങ്ങൾ ചെയ്ത് വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് കാളിദാസ് ജയറാം. നായകനായി മലയാളത്തിലും നിരവധി സിനിമകൾ കാളിദാസ് ചെയ്തിട്ടുണ്ട്.
പക്ഷെ നായകൻ എന്ന രീതിയും നടനെന്ന രീതിയിലും കാളിദാസ് ക്ലിക്കായത് തമിഴിലെത്തിയ ശേഷമാണ്. ഇപ്പോൾ തമിഴിലെ മുൻനിര യുവതാരമാണ് കാളിദാസ് ജയറാം. ഇന്നുവരെ സിനിമാ ആസ്വാദകന് പരിചിതമല്ലാത്ത കാളിദാസ് ജയറാമിനെയായിരുന്നു പാവകഥൈകൾ എന്ന ആന്തോളജിയിലെ തങ്കം എന്ന സിനിമയിൽ കാണാൻ സാധിച്ചത്.
സത്താറായി അരമണിക്കൂര്‍ സ്ക്രീനില്‍ കാളിദാസ് പകര്‍ന്നാട്ടം നടത്തി. സുധ കൊങര സംവിധാനം ചെയ്‌ത തങ്കം സിനിമയിലെ ഹൈലൈറ്റും കാളിദാസിന്‍റെ പ്രകടനം തന്നെയായിരുന്നു. കൈയ്യടക്കത്തോടെ കാളിദാസ് സത്താറിനെ മനോഹരമാക്കി.
വളരെ ചെറിയ പ്രായത്തിൽ തന്നെ അവാർഡുകളും ഒരുപാട് പ്രശംസകളുമൊക്കെ ലഭിച്ചിട്ടും മുതിർന്ന് കഴിഞ്ഞുള്ള രണ്ടാം വരവിൽ ഒരുപാട് പഴികളും പരിഹാസങ്ങളും കേൾക്കേണ്ടി വന്നിട്ടുള്ള നടന്‍ കൂടിയാണ് കാളിദാസ്. നല്ല സംവിധായകരുടെ കൈയിൽ കിട്ടിയാൽ ഞെട്ടിക്കും എന്ന് തങ്കം സിനിമയിലൂടെ വീണ്ടും കാളിദാസ് തെളിയിച്ചു.
ഇപ്പോഴിത കാളിദാസ് തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ പാ.രഞ്ജിത്തുമായി ചേർന്ന് വീണ്ടും പ്രേക്ഷകരെ അതിശയിപ്പിക്കാനെത്തുകയാണ്. നച്ചത്തിരം നഗർഗിരത് എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന് എ സെർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രം ആഗസ്റ്റ് 31നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും അടുത്തിടെ പുറത്തുവിട്ടിരുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് നച്ചത്തിരം നഗര്‍ഗിരത്. ദുഷാര വിജയനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പാ രഞ്ജിത്തിന്റെ തന്നെ ചിത്രമായ സർപട്ട പരമ്പരൈയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത നടിയാണ് ദുഷാര വിജയൻ.
കാളിദാസ് ജയറാം, ദുഷാര വിജയൻ എന്നിവരെ കൂടാതെ ഹരികൃഷ്‍ണൻ, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിൻ റോസ്, ദാമു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രമോഷന് വേണ്ടി പാ.രഞ്ജിത്തിനും മറ്റ് അണിയറപ്രവർത്തകർക്കുമൊപ്പം കേരളത്തിൽ എത്തിയ കാളിദാസ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
മലയാളത്തില്‍ തനിക്ക് പച്ച പിടിക്കാനായില്ലെന്ന് കാളിദാസ് ജയറാം. തമിഴിലാണ് താന്‍ ചിന്തിക്കുന്നതെന്നും അതുകൊണ്ടായിരിക്കും അവിടെ കൂടുതല്‍ പ്രോജക്റ്റുകള്‍ ചെയ്യുന്നതെന്നും കാളിദാസ് പറഞ്ഞു.
‘ഞാന്‍ ആദ്യമായിട്ടാണ് രഞ്ജിത്ത് സാറിന്റെ സിനിമയില്‍ അഭിനയിക്കുന്നത്. കലയും ഷബീറും നേരത്തെ തന്നെ സാറിന്റെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കിട്ടുന്ന അവസരങ്ങളിലൂടെയാണല്ലോ കേറി പോകുന്നത്. ഇവിടെ മാത്രം പച്ച പിടിച്ചില്ല.’
‘ഞാന്‍ താമസിക്കുന്നതൊക്കെ ചെന്നൈയിലാണ്. ഞാന്‍ ചിന്തിക്കുന്ന ഭാഷ തമിഴാണ്. അതുകൊണ്ടാരിക്കും കുറച്ചുകൂടി പ്രോജക്റ്റ് തമിഴില്‍ കിട്ടുന്നത്. ചിലപ്പോള്‍ ഞാന്‍ തന്നെ ഇവിടെ എഫേര്‍ട്ട് എടുക്കാത്തതുകൊണ്ടാവും.’
‘ഒരു ടീമുമായി കംഫര്‍ട്ടബിള്‍ ആകുമ്പോഴല്ലേ സിനിമ ചെയ്യാന്‍ പറ്റൂ. ആ ടീമുമായി ബോണ്ട് ക്രിയേറ്റ് ചെയ്യണം അല്ലെങ്കില്‍ ആ ഫിലിം മേക്കറുടെ ഐഡിയോളജിയുമായി സെറ്റായി പോയാലേ നമുക്ക് സിനിമ ചെയ്യാന്‍ പറ്റുകയുള്ളൂ.’
‘സാധാരണ ചെയ്യുന്ന ജോണറില്‍ നിന്ന് മാറി രഞ്ജിത്ത് സാറിന്റെ സ്‌റ്റൈല്‍ ബ്രേക്ക് ചെയ്തുകൊണ്ട് പുതിയ ഐഡിയ എടുത്തുവെക്കുമ്പോള്‍ ശരിക്കും സര്‍പ്രൈസ്ഡായി. ആ സിനിമയുടെ എഫേര്‍ട്ടിന്റെ ഭാഗമാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു.”സൈബർ അറ്റാക്കൊന്നും പേടിയില്ല. ഒരുപാട് അറ്റാക്ക് കിട്ടിയിട്ടുള്ളതല്ലെ. അതൊക്കെ എഞ്ചോയ് ചെയ്യും. അത്തരക്കാരോട് ഒന്നും പറയാനുമില്ല’ കാളിദാസ് ജയറാം പറഞ്ഞു.