KeralaNews

'എല്ലാ സിനിമാക്കാരും കുഴപ്പക്കാരാണെന്ന് പറയാനാകില്ല; പരാതിയുള്ളവർക്ക് സർക്കാരിനെ സമീപിക്കാം'

ആലപ്പുഴ:ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന മുഴുവൻ കാര്യങ്ങളും താൻ വായിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയായതിന് ശേഷം സിനിമ മേഖലയിലുള്ള ഒരാളുടെ പരാതിയും തന്റെയടുത്ത് വന്നിട്ടില്ലെന്നും സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.

‘സിനിമ സീരിയൽ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് പരിഹാര നടപടികൾ ഉണ്ടാവണമെന്നത് ചില സംഘടനകളുടെ ആവശ്യമായിരുന്നു. അതിൻ്റെ ഭാ​ഗമായിട്ടാണ് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം കമ്മിറ്റി രൂപീകരിച്ചത്. ആ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുമ്പോൾ തന്നെ ഇതൊരു രഹസ്യ റിപ്പോർട്ടായി സൂക്ഷിക്കണമെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിരുന്നു. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നി​ഗമനങ്ങളും നിർദേശങ്ങളും നടപ്പിലാക്കാൻ സർക്കാർ മുൻകെെ എടുക്കണമെന്നും പറഞ്ഞു.

മന്ത്രി എന്ന നിലയിൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മുഴുവൻ വായിച്ചിട്ടില്ല. കാരണം റിപ്പോർട്ട് സർക്കാരിന്റെ മുൻപിൽ വന്നുകഴിഞ്ഞപ്പോൾ തന്നെ പുറത്തുവിടാൻ സാധിക്കില്ലെന്ന് പറഞ്ഞ് സീൽ ചെയ്ത് ബന്ധപ്പെട്ട ഇൻഫർമേഷൻ ഡിപ്പാർട്മെൻ്റിൽ പോയി. ഇൻഫർമേഷൻ ഡിപ്പാർട്മെൻ്റിൽ നിന്ന് ഞങ്ങളുടെ ആരുടേയും മുന്നിലേയ്ക്ക് ഈ ഫയൽ വന്നില്ല. നിർദ്ദേശങ്ങളും നി​ഗമനങ്ങളുമാണ് ഞങ്ങൾക്ക് ലഭിച്ചത്. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഉൾപ്പടെയുള്ള ചില കാര്യങ്ങൾ അവിടെ ഉണ്ട്. ഉണ്ടെന്നുള്ളത് നമ്മുടെ മുന്നിൽ വന്ന വിഷയമാണ്. പക്ഷേ ആര്, എന്ത് എന്നുള്ളത് ഇതിലില്ല.

ലൊക്കേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വേണം. താമസ സൗകര്യവും ടോയ്ലറ്റും ഒക്കെ വേണമെന്ന് റിപ്പോർട്ടിലുണ്ട്. ഈ പ്രശ്നങ്ങളിലെല്ലാം ആ മേഖലയുമായി ബന്ധപ്പെട്ട് പല റൗണ്ട് ചർച്ച നടത്തിയിട്ടുണ്ട്. മന്ത്രി വിളിച്ച ഒരു യോ​ഗത്തിൽ നിന്ന് ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ എല്ലാവരും പോയി എന്ന് WCC യിലെ ഒരു അംഗം പറയുന്നത് കേട്ടു. തീർത്തും തെറ്റായ കാര്യമാണ്. അവർക്ക് സിനിമയ്ക്കകത്ത് തമ്മിൽ പ്രശ്നങ്ങളുണ്ടെങ്കിൽ പരസ്പരം തീർക്കണം. അതിൽ സർക്കാരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല.

ഈ പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്യാൻ നിർമാതാക്കളുടേയും സംവിധായകരുടേയും യോഗം വിളിച്ചു. ലെെറ്റ് ബോയ്സിൻ്റെ സംഘടന മുതൽ അമ്മയുടെ ഭാരവാഹികളുമായി സംസാരിച്ചു. പതിനായിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന വലിയൊരു മേഖലയാണ് സിനിമ. അങ്ങനെയൊരു ഇൻഡസ്ട്രിയിൽ വരുന്ന പ്രശ്നം ലാഘവത്തോടെ കെെകാര്യം ചെയ്യാൻ പറ്റുമോ?. വളരെ പ്രാധാന്യത്തോടെയാണ് സർക്കാർ വിഷയം കെെകാര്യം ചെയ്തത്.

പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്ത് ഫെെനൽ ഡ്രാഫ്റ്റ് ഉണ്ടാക്കി. കെ.എസ്.എഫ്.ഡി.സി ചെയർമാൻ നേതൃത്വം നൽകുന്ന ഒരു കമ്മിറ്റി ഉണ്ട് ഇപ്പോൾ. രണ്ട് മാസത്തിനുള്ളിൽ കോൺക്ലേവ് നടത്തും. നിർദേശങ്ങൾക്ക് വ്യക്തമായ പരിഹാരം കാണും. ഈ മേഖലയിലുള്ള എല്ലാവരെയും ഒരുമിച്ചിരുത്തി ചർച്ച ചെയ്യും.

2021-ൽ ഞാൻ മന്ത്രിയായി. സിനിമ മേഖലയിലുള്ള ഒരാളുടെ പരാതിയും എന്റെയടുത്ത് വന്നിട്ടില്ല. മലയാള സിനിമയിലെ എല്ലാവരും അങ്ങനെയാണ് എന്നെനിക്ക് അഭിപ്രായമില്ല. എത്രയോ മാന്യന്മാരുണ്ട്. ഒറ്റപ്പെട്ട എന്തെങ്കിലും കേസുകളുണ്ടാകാം. അവർക്ക് കോടതിയെയോ സ‌‍ർക്കാരിനെയോ സമീപിക്കാം. സർക്കാരിനെ സമീപിച്ചിട്ട് നടപടി എടുത്തില്ലെങ്കിൽ അവർ പറയട്ടെ. അങ്ങനെയൊരു പരാതി വന്നിട്ടില്ല. തെളിവുകൾ ഉണ്ടെന്ന് മാധ്യമങ്ങൾ പറയുന്നു. ഞങ്ങൾ കണ്ടിട്ടില്ല. വിവരാവകാശ കമ്മീഷൻ മാത്രമാണ് കണ്ടത്, പിന്നെ ഹേമ കമ്മിറ്റി അം​ഗങ്ങളും. ഞങ്ങളുടെ മുൻപിൽ ഈ വിഷയങ്ങൾ വന്നിട്ടില്ല.

മൊഴികൾ പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിരുന്നു. സർക്കാരിന്റെ മുന്നിലേയ്ക്ക് മൊഴികൾ വന്നിട്ടില്ല. നമുക്ക് മൊഴി ആവശ്യമില്ല. കാരണം പലയാളുകൾ മൊഴി കൊടുത്തിട്ടുണ്ട്. ഇവർക്ക് പോലീസിൽ മൊഴി കൊടുക്കാം. ജസ്റ്റിസ് ഹേമയ്ക്ക് മൊഴിയുടെ പകർപ്പ് കോടതിയിലോ പോലീസിനോ കെെമാറാം. അത് ചെയ്തിട്ടില്ല. പൊതുസ്വഭാവമുള്ള റിപ്പോർട്ടാണ് അവർ സമർപ്പിച്ചത്. ഞങ്ങളുടെ മുൻപിൽ വന്ന നിർദേശങ്ങളിന്മേലാണ് സർക്കാർ തീരുമാനം എടുക്കാൻ പോകുന്നത്.

പരാതിയുള്ളവർക്ക് സർക്കാരിനെ സമീപിക്കാം. സർക്കാർ ഇരയോടൊപ്പമാണ്. അതിലൊരു സംശയവുമില്ല. വളരെ മാന്യമായി പ്രവർത്തിക്കുന്ന ഷൂട്ടിങ്ങ് സെറ്റുകളുമുണ്ട് . ജസ്റ്റിസ് ഹേമ ചൂണ്ടിക്കാണിച്ചത് പൊതുപ്രശ്നങ്ങളാണ്. കേരളത്തിലെ എല്ലാ സിനിമാക്കാരും കുഴപ്പക്കാരാണെന്ന് പറയാനാകില്ല. നടി ആക്രമിക്കപ്പെട്ട ഒരു കേസ് സർക്കാരിന് മുന്നിൽ വന്നപ്പോൾ സ്വീകരിച്ച നിലപാട് അറിയാമല്ലോ. ഒരു വിട്ടുവീഴ്ചയും ചെയ്തില്ലല്ലോ. എല്ലാവർക്കും ചേർന്ന് നമ്മുടെ സഹോദരിമാർക്ക് സംരക്ഷണം ഒരുക്കണം. റിപ്പോർട്ടിന് ഒപ്പമാണ് ഞങ്ങൾ’, സജി ചെറിയാൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker