KeralaNews

സിറിയയിൽ ഇസ്രയേലിൻ്റെ വ്യോമാക്രമണം; ലക്ഷ്യം വെച്ചത് പ്രധാന വിമാനത്താവളങ്ങളെയെന്ന് റിപ്പോർട്ട്

ഡമാസ്‌കസ്: ഹമാസുമായുള്ള ഏറ്റമുട്ടൽ തുടരുന്നതിനിടെ സിറിയയ്ക്കു നേരെ ഇസ്രയേല്‍ വ്യോമാക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലും വടക്കന്‍ സിറിയയുടെ ഭാഗമായ അലെപ്പോയിലെയും പ്രധാന വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയതായി സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിനെതിരെ സിറിയന്‍ വ്യോമസേന പ്രത്യാക്രമണം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അഞ്ച് ദിവസമായി തുടരുന്ന ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലിൽ ഇതുവരെ ഇരുപക്ഷത്തുമായി 3700-ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വ്യമാക്രമത്തിനു ശേഷം കരയുദ്ധത്തിലേക്ക് ഇസ്രയേൽ കടക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

12 വർഷത്തെ സിറിയൻ ആഭ്യന്തര യുദ്ധത്തിനിടെ ഇറാൻ പിന്തുണയുള്ള സായുധ സംഘടനകളേയും ഹിസ്ബുള്ളയേയും ലക്ഷ്യംവെച്ച് നൂറുകണക്കിന് വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയിട്ടുള്ളത്. ഗാസ മുനമ്പിൽ ഉപരോധം ശക്തിപ്പെടുത്തുന്നതിനിടയിലാണ് ഇസ്രയേൽ സിറിയയ്ക്കു നേരെയും ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച സിറിയ ലക്ഷ്യമാക്കി ഇസ്രയേൽ ഷെല്ലാക്രമണം നടത്തിയിരുന്നു.

ഹമാസ് തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാതെ അടിസ്ഥാനവിഭവങ്ങളോ മാനുഷികമായ മറ്റു സഹായങ്ങളോ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഗാസയ്ക്ക് അനുവദിക്കില്ലെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗാസയിലേക്കുള്ള വെള്ളം, ഇന്ധനം, വൈദ്യുതി തുടങ്ങിയവയുടെ വിതരണം ഇസ്രയേൽ തടഞ്ഞു.

ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് പലസ്തീന്റെ ഏക താപനിലയം ബുധനാഴ്ച അടച്ചുപൂട്ടുകയും ചെയ്തു. ഇതോടെ വൈദ്യുതി നിലച്ച് ഗാസ ഇരുട്ടിലായി. ഭക്ഷണവും വെള്ളവും വൈദ്യുതിയുമുൾപ്പടെയുള്ള അവശ്യവസ്തുക്കളുടെ വിതരണം വിച്ഛേദിക്കപ്പെട്ടതോടെ ഗാസയിലെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലായി. ഗാസയിൽ നിന്ന് രണ്ടരലക്ഷത്തോളം പേർ വീടൊഴിഞ്ഞതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker