CrimeKeralaNews

ആദ്യം ശിഷ്യ, പിന്നെ ഭാര്യ;36കാരി സ്വാത്‍വയെ 75 കാരൻ കൊലപ്പെടുത്തിയത് കഴുത്തറുത്ത്

കൊല്ലം: ഇസ്രയേൽ സ്വദേശിയായ യുവതിയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജീവനൊടുക്കാൻ ശ്രമിച്ച മലയാളിയായ ഭർത്താവിനെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്രയേൽ സ്വദേശി രാധ എന്നു വിളിക്കുന്ന സത്‌വ (36) ആണു കൊല്ലപ്പെട്ടത്.

ഇവരുടെ ഭർത്താവായ കൃഷ്ണചന്ദ്രൻ (ചന്ദ്രശേഖരൻ നായർ– 75) ആണു ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ഇന്നലെ വൈകിട്ട് 3.30നു ഡീസന്റ് ജംക്‌ഷനിലെ കോടാലിമുക്കിനു സമീപത്തെ റേഷൻ കടയ്ക്ക് എതിർവശത്തുള്ള തിരുവാതിര എന്ന വാടകവീട്ടിലാണു സംഭവം നടന്നത്.

രവികുമാറും ഭാര്യ ബിന്ദുവുമാണ് ഇവിടെ വാടകയ്ക്കു താമസിക്കുന്നത്. ബിന്ദുവിന്റെ പിതൃസഹോദരനാണ് കൃഷ്ണചന്ദ്രൻ. രവികുമാറും ബിന്ദുവും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണു സംഭവമെന്നു പൊലീസ് പറഞ്ഞു. 16 വർഷമായി കൃഷ്ണചന്ദ്രനും സത്‌വയും ഒരുമിച്ചാണു കഴിഞ്ഞിരുന്നത്. 

ഋഷികേശിൽ യോഗ അധ്യാപകനായിരുന്ന കൃഷ്ണചന്ദ്രന്റെ ശിഷ്യ ആയിരുന്നു ഇവർ. പിന്നീട് വിവാഹം കഴിച്ച ഇരുവരും ഒരു വർഷം മുൻപാണു കേരളത്തിലെത്തിയത്.ആയുർവേദ ചികിത്സക്കായി എത്തിയതെന്നായിരുന്നു കൃഷ്ണചന്ദ്രൻ എല്ലാവരോടും പറഞ്ഞിരുന്നത്. 

ആരോഗ്യപ്രശ്നങ്ങളെത്തുടർന്നു കുറച്ചുനാളുകളായി ജീവനൊടുക്കാനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നതായും ഇന്നലെ ഉച്ചയ്ക്കു ഭക്ഷണം കഴിച്ച ശേഷം സത്‌വ ആദ്യം സ്വയം കുത്തിയെങ്കിലും മരിക്കാത്തതിനാൽ തന്നോട് ആവശ്യപ്പെട്ടതുപ്രകാരം കുത്തിയതാണ് എന്നും പിന്നീടു സ്വയം ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നും കൃഷ്ണചന്ദ്രൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

വിദേശവനിത ഒരുവര്‍ഷമായി പോലീസ് സ്റ്റേഷനില്‍നിന്ന് ഏറെ ദൂരെയല്ലാത്ത മുഖത്തല കോടാലിമുക്കില്‍ താമസമായിട്ടും സ്‌പെഷ്യല്‍ ബ്രാഞ്ചിനോ പോലീസിനോ വിവരം ലഭിച്ചില്ല. ഇത് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ഗുരുതരവീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിദേശികളെത്തിയാല്‍ താമസിക്കുന്നതിനു തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നാണ് നിയമം. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന കൃഷ്ണചന്ദ്രനെ ചോദ്യംചെയ്താല്‍ മാത്രമേ ഇസ്രയേല്‍ വനിതയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker