വിമാനത്താവളത്തില്‍ ഇസ്രായേല്‍ ബോംബാക്രമണം;ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സന: ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനം ഉണ്ടായിരുന്ന യെമനിലെ വിമാനത്താവളത്തില്‍ ആക്രമണം നടത്തി ഇസ്രയേല്‍. സനയിലെ രാജ്യാന്തര വിമാനത്താവളത്തില്‍ നടന്ന ബോംബാക്രമണത്തില്‍നിന്ന് ടെഡ്രോസും സംഘവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ടെഡ്രോസ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിമാനത്തിലേക്ക് കയറാന്‍ തുടങ്ങവേയാണ് പെട്ടെന്ന് ആക്രമണമുണ്ടായത്. അദ്ദേഹം യാത്ര ചെയ്യാനിരുന്ന വിമാനത്തിലെ ക്രൂ അംഗത്തിനും പരുക്കുണ്ട്.
ആക്രമണ വിവരം ടെഡ്രോസ് തന്നെയാണ് എക്‌സ് കുറിപ്പിലൂടെ പങ്കുവച്ചത്. താനും സഹപ്രവര്‍ത്തകരും സുരക്ഷിതരാണെന്നും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, ഡിപാര്‍ച്ചര്‍ ലോഞ്ച്, റണ്‍വേ എന്നിവിടങ്ങളില്‍ നാശം സംഭവിച്ചു.
ഡിപാര്‍ചര്‍ ലോഞ്ചിനു സമീപമാണു നിലയുറപ്പിച്ചിരുന്നതെന്നും അക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അപലപിച്ചു. രാജ്യാന്തര നിയമങ്ങള്‍ പാലിക്കണമെന്നും സാധാരണക്കാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഒരിക്കലും ലക്ഷ്യംവയ്ക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.
യെമനിലെ ഹൂതികളെയാണ് ലക്ഷ്യം വച്ചതെന്ന് ഇസ്രയേല്‍ അറിയിച്ചു. ഹൂതികള്‍ ആക്രമണത്തിനായി ഉപയോഗിക്കുന്ന അടിസ്ഥാന ഉപകരണങ്ങള്‍ നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇസ്രയേല്‍ പ്രതിരോധ സംഘം വ്യക്തമാക്കി. സനയിലെ വിമാനത്താവളത്തിനു പുറമേ അല്‍- ഹുദായദ്, സലിഫ് തുടങ്ങിയ പോര്‍ട്ടുകളും ഇസ്രയേല്‍ ലക്ഷ്യമിട്ടിരുന്നു.