വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രയേലും ഹമാസും;പോരാട്ടം കനക്കുന്നു
ടെല്‍ അവീവ്: ഗാസയില്‍നിന്ന് നൂറുകണക്കിന് പേര്‍ക്ക് ഈജിപ്റ്റിലേക്ക് കടക്കുന്നതിന് സഹായകരമാകുംവിധം വെടിനിര്‍ത്തലിന് സമ്മതിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളി ഇസ്രയേല്‍. റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് നിഷേധിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഹമാസും വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
അതിനിടെ, ഹമാസ് ഇതുവരെ ബന്ദികളാക്കിയത് 199 പേരെയാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഞായറാഴ്ച 155 പേരെയാണ് ഹമാസ് ബന്ദികളാക്കിയതെന്ന് സൈന്യം പറഞ്ഞിരുന്നു. പിന്നാലെയാണ് എണ്ണത്തില്‍ മാറ്റമുണ്ടായതായി സൈനിക വക്താവ് ഡാനിയല്‍ ഹഗാരി വ്യക്തമാക്കിയത്. ബന്ദികളാക്കിയവരുടെ കുടുംബങ്ങളുമായി അധികാരികള്‍ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആയിരത്തിലധികം പലസ്തീനികള്‍ കുടുങ്ങിക്കിടക്കുന്നതായി ഹമാസ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, ലെബനന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ബെയ്‌റൂട്ടിലേക്ക് ആവശ്യമായ മെഡിക്കല്‍ സാമഗ്രികള്‍ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഏത് ആരോഗ്യ പ്രതിസന്ധികളോടും പ്രതികരിക്കാന്‍ തയ്യാറാകുന്നതിന് ആവശ്യമാകുന്ന രീതിയില്‍ മെഡിക്കല്‍ സാമഗ്രികളുടെ വിതരണം വേഗത്തിലാക്കി. പരിക്കേറ്റ 800 മുതല്‍ 1000 വരെ രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ ശസ്ത്രക്രിയ മരുന്നുകള്‍ ഉള്‍പ്പെടെ ബെയ്‌റൂട്ടിലെത്തിയതായും പ്രസ്താവനയില്‍ പറയുന്നു.