ഒരാറ്റ മണിക്കൂര്‍; ഓഹരി വിപണിയില്‍ ഒലിച്ചുപോയത് എട്ടു ലക്ഷം കോടി രൂപ!
മുംബൈ: റഷ്യ യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചതോടെ ഒരു മണിക്കൂര്‍ കൊണ്ട് ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്കു നഷ്ടമായത് എട്ടു ലക്ഷം കോടിയിലേറെ രൂപ. വന്‍ ഇടിവാണ് ഇന്ത്യന്‍ ഓഹരി സൂചികകളില്‍ രാവിലെയുണ്ടായത്.
ഇന്നു രാവിലെ 10.15ന് മുംബൈ ഓഹരി വിപണിയുടെ മൂല്യം 2,47,46,960.48 കോടി രൂപയില്‍ എത്തി. ഇന്നലെ ക്ലോസിങ്ങില്‍ ഇത് 2,55,68,668.33 കോടി ആയിരുന്നു. 8.2 ലക്ഷം കോടിയുടെ കുറവാണ് ഇന്നു വ്യാപാരം തുടങ്ങി ഒരു മണിക്കൂറില്‍ താഴെ സമയം കൊണ്ടുണ്ടായത്. സെന്‍സെക്സ് വ്യാപാരത്തുടക്കത്തില്‍ തന്നെ രണ്ടര ശതമാനത്തിലേറെ താഴ്ന്നു.
നിഫ്റ്റിയും ഇടിവുണ്ടായി. സെന്‍സെക്സ് 1800 പോയിന്റോളവും നിഫ്റ്റി അഞ്ഞൂറിലേറെയും പോയിന്റാണ് ഇടിഞ്ഞത്. എല്ലാ മേഖലയിലുമുള്ള ഓഹരികള്‍ തകര്‍ച്ച നേരിട്ടു. എയര്‍ടെല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ എന്നിവയുടെ ഓഹരികളാണ് കൂടുതല്‍ താഴ്ന്നത്. ഈ ഓഹരികള്‍ ഒരു മണിക്കൂറിനകം എട്ടു ശതമാനത്തോളം ഇടിഞ്ഞു.
യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 680 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,480 രൂപ. ഗ്രാമിന് 85 രൂപ കൂടി 4685ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.റഷ്യന്‍ യു്രൈകനുമായി യുദ്ധം പ്രഖ്യാപിച്ചതോടെ രാജ്യാന്തര തലത്തില്‍ ഓഹരി വിപണിയിലുണ്ടായ ഇടിവാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. മൂലധന വിപണി തകര്‍ന്നതോടെ നിക്ഷേപകര്‍ സുരക്ഷിതമാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞെന്നാണ് വിലയിരുത്തല്‍.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചു കയറി. ബ്രെന്‍ഡ് ക്രൂഡ് നൂറു ഡോളറിനു മുകളില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ബ്രെന്‍ഡ് ക്രൂഡ് ബാരലിന് നൂറു ഡോളര്‍ കടക്കുന്നത്.