തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ കോടതിവിധിയിൽ പ്രതികരണവുമായി അന്വേഷണ ഉദ്യോഗസ്ഥൻ കെജെ ജോൺസൺ. പ്രോസിക്യൂഷൻ്റെ എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചെന്നും പ്രതിക്ക് മാക്സിമം ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കെജെ ജോൺസൺ പറഞ്ഞു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുക മാത്രമല്ല, കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കെജെ ജോൺസൺ പറഞ്ഞു.
കേസിൻ്റെ അന്വേഷണത്തിനായി ആദ്യഘട്ടത്തിൽ ഒരു സ്പെഷ്യൽ സംഘത്തെ നിയമിച്ചിരുന്നു. മറ്റു തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്നത്. ഗ്രീഷ്മയുടെ ചാറ്റുകളും സംസാരവും വീഡിയോ കോളുകളും മറ്റു മൊഴികളും പരിശോധിച്ചു. തുടർന്നാണ് സംശയത്തിൻ്റെ നിഴലിലായിരുന്ന ഗ്രീഷ്മയെ പ്രതിയാക്കുന്നത്.
അന്വേഷണത്തിലാണ് മാരകമായ കീടനാശിനി കലർത്തി കഷായം നൽകിയതിനെ തുടർന്നാണ് ഷാരോൺ മരിക്കുന്നതെന്ന് കണ്ടെത്തിയത്. ആശുപത്രിയിലാവുന്നതിന് മുമ്പ് അവസാന ദിവസം ഷാരോൺ ഗ്രീഷ്മയുടെ വീട്ടിൽ പോയിരുന്നു. പിന്നീടാണ് ഛർദിച്ച് അവശനായത്. ഗ്രീഷ്മ ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. ഷാരോണിൻ്റെ ഭാഗത്തുനിന്നും യാതൊരു തരത്തിലുമുള്ള പീഡനവും ഉണ്ടായിട്ടില്ലെന്നും തെളിഞ്ഞുവെന്നും കെജെ ജോൺസൺ പറഞ്ഞു.
വിധിയിൽ സന്തോഷമുണ്ടെന്ന് ഡി ശില്പ ഐപിഎസ് പ്രതികരിച്ചു. അന്വേഷണ സംഘത്തെ ഗ്രീഷ്മ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചു. പല ഘട്ടങ്ങളിലും വെല്ലുവിളി ഉണ്ടായി. അന്വേഷണ സംഘം ഒരുമിച്ച് നിന്ന് പ്രവർത്തിച്ചു. മറ്റ് പ്രതികളുടെ ശിക്ഷാവിധി സംബന്ധിച്ച് നിയമപരമായി ആലോചിച്ച് മുന്നോട്ട് പോകുമെന്നും ശില്പ ഐപിഎസ് പറഞ്ഞു.