24.7 C
Kottayam
Sunday, May 19, 2024

ഗാസയിൽ താൽക്കാലിക വെടി നിർത്തൽ; ഖത്തറിന്റെ മധ്യസ്ഥതയിൽ തയ്യാറാക്കിയ കരാറിന് ഇസ്രയേലിന്റെ അനുമതി

Must read

ടെൽ അവീവ് : ഗാസ വെടി നിർത്തൽ കരാറിന് ഇസ്രയേൽ സർക്കാരിന്റെ അംഗീകാരം. ഖത്തറിന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച താൽക്കാലിക വെടിനിർത്തൽ കരാറിനാണ് ഇസ്രയേൽ അംഗീകാരം നൽകിയത്. ഹമാസ് ഇസ്രയേലിൽ നിന്ന് ബന്ദികളാക്കിയവരുടെയും ഇസ്രയേലിലെ പലസ്തീൻ തടവുകാരുടെയും മോചനം കരാറിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ താൽക്കാലിക വെടി നിർത്തലിന്റെ അർഥം യുദ്ധം അവസാനിച്ചു എന്നല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ മരണം 14000 കടന്നു. രണ്ട് പലസ്തീനിയൻ മാധ്യമപ്രവർത്തകരും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. ഇന്തോനേഷ്യൻ ഹോസ്പിറ്റൽ പരിസരത്തും ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തുള്ള ഖാൻ യൂനിസിലും ഉൾപ്പെടെ ഗാസയിലുടനീളം ഇസ്രയേലിന്റെ ശക്തമായ ബോംബാക്രമണം തുടരുകയാണ്.

ഗാസയിലെ താൽക്കാലിക വെടി നിർത്തലിന് പകരമായി ഹമാസ് ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കുമെന്ന വ്യവസ്ഥയിലാണ് നെതന്യാഹു സർക്കാർ കരാറിന് തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ. നാലോ അഞ്ചോ ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് പകരമായി ഗാസയിൽ തടവിലാക്കപ്പെട്ട 50 ഇസ്രയേലി സ്ത്രീകളെയും കുട്ടികളെയും വിട്ടയക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ 237 പേരെയാണ് ഇസ്രയേലിൽ നിന്ന് ഹമാസ് തടവിലാക്കിയിട്ടുള്ളത്. ഇതിൽ ഡസൻ കണക്കിന് ബന്ദികൾ ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ ഇതിനകം തന്നെ കൊല്ലപ്പെട്ടതായി ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്. 150 പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും ഇസ്രയേൽ ജയിലുകളിൽ നിന്ന് മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിദേശ പൗരന്മാർ പ്രധാന കരാറിന്റെ ഭാഗമാണോ എന്ന വ്യക്തമല്ല. എങ്കിലും പ്രത്യേക ഇടപാടുകളുടെ ഭാഗമായി താൽക്കാലിക വെടി നിർത്തൽ കാലയളവിൽ ഇവരെ വിട്ടയച്ചേക്കാം.

വെടിനിർത്തൽ ഇടവേളയിൽ ഓരോ ദിവസവും പത്ത് തടവുകാരെ വിട്ടയക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹമാസ് വിട്ടയയ്ക്കുന്ന ഓരോ 10 തടവുകാർക്കും ഒരു അധിക ദിവസത്തെ ഇടവേള നൽകാൻ ഇസ്രായേൽ തയ്യാറാണ്. ഈ കാലയളവിൽ ഇന്ധനങ്ങൾ ഉൾപ്പടെ 300 ഓളം ട്രക്കുകൾ ഗാസ മുനമ്പിലേക്ക് അനുവദിക്കും.

പ്രതിദിനം ആറ് മണിക്കൂർ ഡ്രോണുകൾ പറത്തില്ലെന്ന് ഇസ്രായേൽ സമ്മതിച്ചിട്ടുണ്ട്. ആക്രമണം നിർത്തുന്ന സമയത്ത് കൂടുതൽ രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുമെന്ന് ചർച്ചകൾക്കിടെ ഹമാസ് ആശങ്ക പ്രകടിപ്പിച്ചിരുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വെടി നിർത്തൽ ഇടവേളയിൽ, പലസ്തീനികളെ കുടിയിറക്കപ്പെട്ട വടക്കൻ ഗാസയിലെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്.

കരാറിന്റെ പൂർണ്ണ രൂപം ഇതുവരെ മാധ്യമങ്ങൾക്കോ പൊതുജനങ്ങൾക്കോ ലഭ്യമായിട്ടില്ല. അംഗീകാരം നൽകുന്നതിന് മുൻപ് കരാർ ഇസ്രായേലി ക്യാബിനറ്റിൽ വോട്ടെടുപ്പ് നടത്തിയിരുന്നു. കരാറിന് അംഗീകാരം ലഭിച്ചെങ്കിലും ഉടനടി വെടി നിർത്താലുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

കരാർ അംഗീകരിക്കാനുള്ള ഇസ്രയേൽ സർക്കാരിന്റെ സന്നദ്ധത ഖത്തറിനെ ഔദ്യോഗികമായി അടുത്ത ദിവസങ്ങളിൽ അറിയിക്കും. അതിന് ശേഷം കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം ഖത്തറിൽ ഉണ്ടാകും. പ്രഖ്യാപനത്തിന് ശേഷം അടുത്ത 24 മണിക്കൂർ നേരത്തേക്ക് സന്ധി കരാറിനെ എതിർക്കുന്ന ഏതൊരു ഇസ്രായേലിക്കും ഈ തീരുമാനത്തിനെതിരെ ഇസ്രയേൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാം. ഈ അപ്പീൽ കാലാവധി കഴിഞ്ഞതിന് ശേഷം തടവുകാരുടെ കൈമാറ്റം വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week