KeralaNews

‘ഇനിയും മത്സരിക്കും, പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹം’: ഇന്നസെന്റ്

തിരുവനന്തപുരം: എല്ലാവരും കൂടി നിര്‍ബന്ധിച്ചാല്‍ ഇനിയും തെരഞ്ഞെടുപ്പ് രംഗത്തുണ്ടാകുമെന്നും പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നും നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. മഴവില്‍ മനോരമ ചാനലില്‍ നടന്‍ ജഗദീഷ് അവതാരകനായിട്ടുള്ള ‘പണം തരും പടം’ എന്ന പരിപാടിയിലായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം.

പരിപാടിക്കിടെ ‘എനിക്കുള്ള ആഗ്രഹം ഒരു എംപി ആകണം എന്ന് മാത്രമല്ല’ എന്ന് ഇന്നസെന്റ് പറയുമ്പോള്‍ കേന്ദ്ര മന്ത്രിയാകണോ? എന്ന് അവതാരകനായ ജഗദീഷ് ചോദിക്കുന്നുണ്ട്, അതുമല്ല പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹം എന്നാണ് ഇന്നസെന്റ് പറയുന്നത്. ഇതിന് ശേഷം ‘ഇയാള്‍ക്ക് ഭ്രന്താണെന്ന് നീ വിചാരിക്കുന്നുണ്ടാകും’ എന്ന് ഇന്നസെന്റ് ജഗദീഷിനോട് ചോദിക്കുമ്പോള്‍, ‘ചേട്ടാ കലി യുഗമാണ് എന്തും സംഭവിക്കാം’ എന്നായിരുന്നു ജഗദീഷിന്റെ മറുപടി.

‘എം.പിയായത്, ഒരു സമയത്ത് അങ്ങനെ സംഭവിച്ചതാണ്. ഇടക്ക് ഞാന്‍ ആലോചിക്കാറുണ്ട്, ഇനി ഞാന്‍ കോടിക്കണക്കിന് കാശ് ഉണ്ടാക്കിയതിന് ശേഷം പാര്‍ലമെന്റില്‍ പോയി ഇരിക്കണമെന്ന് ആഗ്രഹിച്ചാല്‍ എനിക്ക് സാധിക്കില്ല. ഇതൊക്കെ വല്ലപ്പോഴും വന്നുചേരുന്ന ഒന്നാണ്. ആദ്യത്തെ പ്രാവശ്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ എനിക്ക് വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. രണ്ടാമത്തെ പ്രാവശ്യം ഞാന്‍ ഇല്ല എന്ന് പറഞ്ഞ് മാറിയതാണ്. പക്ഷേ, എന്നെ പിടിച്ചുനിര്‍ത്തിയതാണ്.

അത്തവണ വോട്ട് എണ്ണിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ തോല്‍ക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. അതില്‍ എനിക്ക് ഒരു മാനസിക വിഷമവും ഉണ്ടായില്ല. അതിനുള്ള കാരണം എനിക്ക് ഇങ്ങനെയുള്ള ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്,’ ഇന്നസെന്റ് പറഞ്ഞു. 2014 മേയില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി ഇന്നസെന്റ് തെരഞ്ഞെടുക്കപ്പെട്ടത്.

എന്നാല്‍ ഇതേ മണ്ഡലത്തില്‍ നിന്ന് 2019ലെ തെരഞ്ഞെടുപ്പിലും ഇന്നസെന്റ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസിന്റെ ബെന്നി ബെഹനാനോടായിരുന്നു ഇന്നസെന്റ് പരാജയപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker