CrimeKeralaNews

ഇന്ദുജയുടെ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ; ഭര്‍ത്താവ് അഭിജിത് കസ്റ്റഡിയില്‍

തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ നടന്ന പരിശോധനയിലാണ് മർദ്ദനമേറ്റ പാടുകൾ കണ്ടത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകൾ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് അഭിജിത് പൊലീസ് കസ്റ്റഡിയിലാണ്. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് അച്ഛൻ ശശിധരൻ ആരോപിച്ചു. 

ആദിവാസി സമൂഹത്തിൽ നിന്നുള്ള ഇന്ദുജയും അഭിജിത്തും രണ്ട്  വർഷത്തോളം പ്രണയത്തിലായിരുന്നു. പക്ഷെ ഇവരുടെ വിവാഹത്തിന് വീട്ടുകാർക്ക് സമ്മതമായിരുന്നില്ല. നാല് മാസം മുൻപ് ഇന്ദുജയെ വീട്ടിൽ നിന്ന് അഭിജിത്ത് വിളിച്ചിറക്കി. പിന്നീട് സമീപത്തെ അമ്പലത്തിൽ  പോയി താലി ചാർത്തിയ ശേഷം ഒരുമിച്ച് താമസിക്കുകയായിരുന്നു.

ഇവർ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ലെന്നാണ് വിവരം. സ്വന്തം വീട്ടുകാരുമായി ഇന്ദുജക്ക് കാര്യമായ ബന്ധം വിവാഹശേഷം ഉണ്ടായിരുന്നില്ല. അഭിജിത്തിൻ്റെ വീട്ടിലേക്ക് തങ്ങളെ കയറ്റാറില്ലെന്ന് ഇന്ദുജയുടെ അച്ഛൻ ശശിധരനും പറയുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ അഭിജിത്തിൻ്റെ വീട്ടിൽ രണ്ടാമത്തെ നിലയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിലാണ് ഇന്ദുജയെ കണ്ടെത്തിയത്. ഈ സമയത്ത് അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത് എന്നാണ് അഭിജിത്തിൻ്റെ മൊഴി. സംഭവത്തിൽ കൊലപാതകമെന്നടക്കം ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ പരിശോധന നടത്തിയത്.

മരണത്തിൽ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ അച്ഛൻ ശശിധരൻ കാണി പൊലീസിന് പരാതി നൽകി. തൻ്റെ സഹോദരി ആത്മഹത്യ ചെയ്യില്ലെന്ന് ഇന്ദുജയുടെ സഹോദരൻ ഷിനുവും പറഞ്ഞു. അഭിജിത്തിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker