ന്യൂഡൽഹി: ഇസ്രായേൽ – ലെബനൻ അതിർത്തിക്ക് സമീപം മിസൈൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദേശങ്ങളുമായി ഇസ്രായേലിലെ ഇന്ത്യൻ എംബസി. ഇസ്രായേലിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനാണ് നിർദേശം നൽകിയിരിക്കുന്നത്.
നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളും പ്രാദേശിക സുരക്ഷാ ഉപദേശങ്ങളും കണക്കിലെടുത്ത് ഇസ്രായേലിലെ എല്ലാ ഇന്ത്യൻ പൗരന്മാരും പ്രത്യേകിച്ച് വടക്ക് – തെക്ക് അതിർത്തി പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരും സന്ദർശകരായി എത്തിയവരും ഇസ്രായേലിനുള്ളിലെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറണമെന്നാണ് നിർദേശം. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേൽ എംബസി അധികൃതരുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ഇസ്രയേലിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള ഹെലൽ ഹെൽപ്പ് ലൈൻ നമ്പറും ഇമെയിൽ വിലാസവും എംബസി പങ്കുവച്ചു. +972-35226748 എന്ന നമ്പരിലും [email protected] എന്നീ വിലാസങ്ങളിലും ബന്ധപ്പെടാം. ഇസ്രായേലിലെ പോപ്പുലേഷൻ ആൻഡ് ഇമിഗ്രേഷൻ അതോറിറ്റിയുടെ ഹോട്ട്‌ലൈൻ നമ്പറായ 1700707889 എംബസി പങ്കുവച്ചു.
ഷെല്ലാക്രമണത്തിൽ കൊല്ലം വാടി കാർമൽ കോട്ടേജിൽ പത്രോസിൻ്റെ മകൻ നിബിൻ മാക്‌സ്‌വെൽ (31) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് ഗലീലി ഫിംഗറിൽ നടന്ന ആക്രമണത്തിലാണ് മരണം സംഭവിച്ചത്. കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയായിരുന്നു ഷെല്ലാക്രമണമുണ്ടായത്. രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇടുക്കി സ്വദേശികളായ ജോസഫ് ജോർജ്, പോൾ മെൽവിൻ എന്നിവരാണ് പരിക്കേറ്റ മലയാളികൾ.
മിസൈൽ ആക്രമണ സമയം മൂവരും കൃഷി തോട്ടത്തിലായിരുന്നുവെന്ന് ഇസ്രായേൽ എംബസി പ്രസ്താവനയിലൂടെ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും വേണ്ടി പ്രാർഥിക്കുകയാണ്. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സകൾ ഒരുക്കിയിട്ടുണ്ട്. തീവ്രവാദം ആക്രമണത്തിൽ പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന എല്ലാവരെയും ഒരുപോലെയാണ് ഇസ്രായേൽ പരിഗണിക്കുന്നത്. അവരുടെ കുടുംബത്തിനൊപ്പമുണ്ടാകും. സഹായങ്ങൾ ഉൾപ്പെടെ നൽകുമെന്നും ഇസ്രായേൽ എംബസി അറിയിച്ചു.
മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിൻ്റെ സഹോദരനുമായി സംസാരിച്ചതായി ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൗർ ഗിലോൺ പറഞ്ഞു. അദ്ദേഹത്തിനും കുടുംബത്തിനും അനുശോചനം അറിയിച്ചു. ഇസ്രായേൽ അവർക്കൊപ്പമുണ്ടാകുമെന്ന് ഞാൻ ഉറപ്പുനൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.