ബ്രിസ്ബെയ്ൻ: ഗാബ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഓസീസിനെ 445 റൺസിന് പുറത്താക്കിയ ഇന്ത്യയ്ക്ക്, ഇന്നിങ്സിന്റെ തുടക്കത്തിൽത്തന്നെ തിരിച്ചടി. ഇരട്ടപ്രഹരവുമായി ഇടംകയ്യൻ പേസർ മിച്ചൽ സ്റ്റാർക്ക് ഒരിക്കൽക്കൂടി കരുത്തുകാട്ടിയതോടെ, സ്കോർ ബോർഡിൽ ആറു റൺസ് എത്തുമ്പോഴേയ്ക്കും ഇന്ത്യയ്ക്ക് നഷ്ടമായത് രണ്ടു വിക്കറ്റ്. 22 ല്‍ മൂന്നാം വിക്കറ്റും പോയിഓപ്പണർ യശസ്വി ജയ്സ്വാൾ (4), ശുഭ്മൻ ഗിൽ (ഒന്ന്)വിരാട് കോഹ്ലി(3) എന്നിവരാണ് പുറത്തായത്. കളി ഉച്ചഭക്ഷണത്തിനായ പിരിയുമ്പോള്‍ 7.2 ഓവറില്‍ 22 റണ്‍സിന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യ
നേരത്തേ, ഏഴു വിക്കറ്റ് നഷ്ടത്തിൽ 405 റൺസുമായി മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയ, 117.1 ഓവറിലാണ് 445 റൺസിന് പുറത്തായത്. ഇന്ന് 40 റൺസ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ഓസീസിന് ശേഷിച്ച മൂന്നു വിക്കറ്റുകളും നഷ്ടമായി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര ആറു വിക്കറ്റ് വീഴ്ത്തി. 28 ഓവറിൽ 76 റൺസ് വഴങ്ങിയാണ് ബുമ്രയുടെ ആറു വിക്കറ്റ് നേട്ടം. മുഹമ്മദ് സിറാജ് രണ്ടും ആകാശ്ദീപ് ഒരു വിക്കറ്റും വീഴ്ത്തി.
അർധസെഞ്ചറി നേടിയ അലക്സ് കാരി (88 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 70), മിച്ചൽ സ്റ്റാർക്ക് (30 പന്തിൽ 18), നേഥൻ ലയോൺ (30 പന്തിൽ രണ്ട്) എന്നിവരാണ് ഇന്ന് പുറത്തായത്. ജോഷ് ഹെയ്സൽവുഡ് (0) പുറത്താകാതെ നിന്നു. നേരത്തേ, ഇന്ത്യയ്ക്കെതിരായ മത്സരങ്ങളിൽ ബാറ്റിങ്ങിൽ വീര്യമേറുന്ന ട്രാവിസ് ഹെഡും (152) സ്റ്റീവ് സ്മിത്തും (101) സെഞ്ചറികളുമായി തിളങ്ങിയതോടെയാണ് ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ഓസീസ് പിടിമുറുക്കിയത്. രണ്ടാംദിനം അവസാനിക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 405 റൺസെന്ന മികച്ച സ്കോറിലായിരുന്നു ആതിഥേയർ.
ഒരുവർഷം മുൻപ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യൻ കിരീട പ്രതീക്ഷകൾ തച്ചുടച്ച ഹെഡ‍്–സ്മിത്ത് കൂട്ടുകെട്ട് ഇന്നലെ ഒരിക്കൽക്കൂടി ഇന്ത്യയുടെ വില്ലൻമാരായി. 2023ലെ ഫൈനലിൽ 285 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഹെഡും സ്മിത്തും ഇന്നലെ നാലാം വിക്കറ്റിൽ കുറിച്ചത് 241 റൺസ്. ടെസ്റ്റിൽ തുടർച്ചയായ രണ്ടാം സെഞ്ചറിയും ഇന്ത്യയ്ക്കെതിരായ മൂന്നാം സെഞ്ചറിയും നേടിയ ട്രാവിസ് ഹെഡ്, തന്റെ ‘പതിവ്’ തുടർന്നപ്പോൾ 25 ഇന്നിങ്സുകൾക്കും 535 ദിവസങ്ങൾക്കുശേഷം ടെസ്റ്റ് സെഞ്ചറി നേടിയ സ്റ്റീവ് സ്മിത്ത് തന്റെ തിരിച്ചുവരവ് പ്രഖ്യാപിക്കുകയായിരുന്നു. കരിയറിലെ 33–ാം ടെസ്റ്റ് സെഞ്ചറി നേടിയ സ്മിത്ത് ഇന്ത്യയ്ക്കെതിരെ കൂടുതൽ സെഞ്ചറികളെന്ന നേട്ടത്തിൽ (10) ഇംഗ്ലണ്ട് താരം ജോ റൂട്ടിന് ഒപ്പമെത്തി.
മഴയുടെ ഭീഷണിയില്ലാതെ മാനം തെളിഞ്ഞുനിന്ന ദിവസം വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസുമായാണ് ഓസ്ട്രേലിയ ബാറ്റിങ് ആരംഭിച്ചത്. നാലാം ഓവറിൽ ഉസ്മാൻ ഖവാജയെ(21) പുറത്താക്കി ആതിഥേയർക്ക് ആദ്യ പ്രഹരമേൽപിച്ച ബുമ്ര, 2 ഓവറിനുള്ളിൽ സഹ ഓപ്പണർ നേഥൻ മക്സ്വീനിയുടെയും (9) വിക്കറ്റ് വീഴ്ത്തി.
5 ഇന്നിങ്സുകൾ മാത്രം ദൈർഘ്യമുള്ള തന്റെ ടെസ്റ്റ് കരിയറിൽ ഇതു നാലാം തവണയാണ് മക്സ്വീനി ബുമ്രയ്ക്കു മുന്നിൽ വീഴുന്നത്. മാർനസ് ലബുഷെയ്നെ (12) നിതീഷ് റെഡ്ഡിയും പുറത്താക്കിയതോടെ ഓസീസിന് 3ന് 75 എന്ന നിലയിൽ പരുങ്ങി. ഇന്ത്യ, മത്സരത്തിൽ മേധാവിത്വം നേടുമെന്നു കരുതിയ ഈ ഘട്ടത്തിലാണ് സ്മിത്തും ഹെഡും ക്രീസിൽ ഒന്നിച്ചത്.
രവീന്ദ്ര ജഡേജയ്ക്കെതിരെ 44 റൺസ്, സിറാജിനെതിരെ 34, ബുമ്രയ്ക്കെതിരെ 33… ഇന്ത്യൻ ബോളർമാരെയെല്ലാം അളന്നുതൂക്കി പ്രഹരിച്ചാണ് ട്രാവിസ് ഹെഡ് റൺസ് നേടിയത് ആകാശ് ദീപിന്റെയും സിറാജിന്റെയും ഷോർട് ബോൾ, ബൗൺസർ കെണികളെ അതിജീവിച്ച ഹെഡ് ഓഫ് സൈഡിലൂടെയാണ് കൂടുതൽ റൺസ് നേടിയത്. മോശം ഫോമിന്റെ തുടർച്ചയെന്നോളം തുടക്കത്തിൽ താളം കണ്ടെത്താൻ പാടുപെട്ട സ്മിത്തിനു ഭാഗ്യവും തുണയായി. ആദ്യ 128 പന്തിൽ അർധ സെഞ്ചറി പിന്നിട്ടതോടെ ഫോമിലായ സ്മിത്തിനു തുടർന്ന് സെഞ്ചറിയിലെത്താൻ വേണ്ടിവന്നത് 57 പന്തുകൾ മാത്രമായിരുന്നു.
3ന് 316 എന്ന നിലയിൽ മുന്നേറിയ ഓസീസ് സ്കോറിങ്ങിനു ബ്രേക്ക് ഇടാൻ സെക്കൻഡ‍് ന്യൂബോളുമായി ജസ്പ്രീത് ബുമ്ര എത്തേണ്ടിവന്നു. സ്റ്റീവ് സ്മിത്ത്, മിച്ചൽ മാർഷ് (5), ട്രാവിസ് ഹെഡ് എന്നിവരെ തന്റെ 12 പന്തുകൾക്കുള്ളിൽ പുറത്താക്കിയ ബുമ്ര ഇന്ത്യയ്ക്കു താൽക്കാലിക ആശ്വാസം നൽകിയെങ്കിലും ഏഴാമനായെത്തിയ അലക്സ് ക്യാരിയും (45 നോട്ടൗട്ട്) ക്യാപ്റ്റൻ പാറ്റ് കമിൻസും ചേർന്ന് (20) ഓസീസ് സ്കോർ 400 കടത്തി. ഒടുവിൽ ഇരുവരെയും ഇന്ത്യൻ ബോളർമാർ മടക്കുമ്പോഴേയ്ക്കും സ്കോർ 445ൽ എത്തിയിരുന്നു.