കള്ളന്മാരെ പിന്തുടര്‍ന്ന് പൊലീസ്,വാഹനങ്ങൾ കൂട്ടിയിടിച്ചു;കാനഡയില്‍ ഇന്ത്യൻ ദമ്പതികളും പേരക്കുട്ടിയും മരിച്ചു
ഒട്ടാവ: കാനഡയിലെ ഒന്റേറിയോയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികളും പേരക്കുട്ടിയും മരിച്ചു. മണിവണ്ണൻ, ഭാര്യ മഹാലക്ഷ്മി, ഇവരുടെ മൂന്നുമാസം പ്രായമായ പേരക്കുട്ടി എന്നിവരാണു മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ പരുക്ക് ഗുരുതരമാണ്.
പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ചെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകിയിട്ടുണ്ടെന്നും ടൊറന്റോയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അറിയിച്ചു. കാനഡ സന്ദർശിക്കാനെത്തിയതായിരുന്നു മണിവണ്ണനും ഭാര്യ മഹാലക്ഷ്മിയും.
Heartfelt condolences on tragic loss of Indian nationals Mr. Manivannan, Mrs. Mahalakshmi & their grandchild in the Highway 401 collision. CG met the bereaved family at the hospital & assured all possible assistance. We are in touch with Canadian authorities @MEAIndia @HCI_Ottawa
— IndiainToronto (@IndiainToronto) May 3, 2024
വിറ്റ്ബിയിലെ ഹൈവേ 401ൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച വാഹനത്തിലേക്ക് എതിർദിശയിൽനിന്ന് വരികയായിരുന്ന വാൻ ഇടിക്കുകയായിരുന്നു. മദ്യ വില്പനശാലയിൽ കവർച്ച നടത്തിയ പ്രതികളെ പൊലീസ് പിന്തുടർന്നു പിടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആറോളം വാഹനങ്ങൾ കൂട്ടിയിടിച്ചതായി റിപ്പോർട്ടുണ്ട്.
ഇന്ത്യൻ ദമ്പതികളും കുഞ്ഞും കവർച്ചക്കേസിലെ പ്രതിയെന്നു സംശയിക്കുന്ന ആളും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വാൻ ഓടിച്ചിരുന്ന 21കാരനായ ഡ്രൈവർക്കും വാനിലെ മറ്റൊരു യാത്രക്കാരനും പരുക്കുണ്ട്.