ദുബായ്:ട്വന്റി 20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസീലൻഡിനോട് ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 111 റൺസ് വിജയലക്ഷ്യം 14.3 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു.ഗ്രൂപ്പിലെ രണ്ടാം തോൽവിയോടെ ഇന്ത്യയുടെ സെമി സാധ്യതകൾ അനിശ്ചിതത്വത്തിലായി. ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനോട് 10 വിക്കറ്റിന്റെ തോൽവി വഴങ്ങിയിരുന്നു.
35 പന്തുകൾ നേരിട്ട് മൂന്ന് സിക്സും നാല് ഫോറുമടക്കം 49 റൺസെടുത്ത ഡാരിൽ മിച്ചെലാണ് കിവീസ് ജയം ഏളുപ്പമാക്കിയത്. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസണൊപ്പം 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും മിച്ചെലിനായി.ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 31 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 33 റൺസോടെ പുറത്താകാതെ നിന്നു. ഡെവോൺ കോൺവെ രണ്ടു റൺസെടുത്തു.17 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 20 റൺസെടുത്ത മാർട്ടിൻ ഗുപ്റ്റിലാണ് പുറത്തായ മറ്റൊരു താരം.
നേരത്തെ ന്യൂസീലൻഡിനെതിരായ നിർണായക മത്സരത്തിൽ ബാറ്റിങ് മറന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 110 റൺസ് മാത്രമായിരുന്നു.അച്ചടക്കത്തോടെ പന്തെറിഞ്ഞ കിവീസ് ബൗളർമാർ ഇന്ത്യൻ ബാറ്റർമാരെ അനങ്ങാൻ അനുവദിച്ചില്ല. ഇന്നിങ്സിനിടെ 10 ഓവറുകളോളം ഒരു ബൗണ്ടറി പോലും നേടാൻ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്നത് കിവീസ് ബൗളർമാരുടെ മികവ് എടുത്ത് കാട്ടുന്നു.
19 പന്തിൽ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 26 റൺസോടെ പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. ഇഷാൻ കിഷൻ – കെ.എൽ രാഹുൽ ഓപ്പണിങ് സഖ്യത്തിന് കൂട്ടിച്ചേർക്കാനായത് 11 റൺസ് മാത്രം. നാലു റൺസെടുത്ത കിഷനെ മൂന്നാം ഓവറിൽ തന്നെ ട്രെന്റ് ബോൾട്ട് മടക്കി.
പിന്നാലെയെത്തിയ രോഹിത് ആദ്യ പന്തിൽ തന്നെ പുറത്താകേണ്ടതായിരുന്നെങ്കിലും താരത്തിന്റെ ക്യാച്ച് ആദം മിൽനെ നിലത്തിടുകയായിരുന്നു. തുടർന്ന് ആറാം ഓവറിൽ കെ.എൽ രാഹുലിനെ മടക്കി ടിം സൗത്തി ഇന്ത്യയെ ഞെട്ടിച്ചു. 16 പന്തിൽ നിന്ന് മൂന്ന് ഫോറടക്കം 18 റൺസ് മാത്രമാണ് രാഹുലിന് നേടാനായത്.ഇതിനു പിന്നാലെ പ്രതീക്ഷ നൽകിയ രോഹിത് ശർമ എട്ടാം ഓവറിൽ മടങ്ങിയതോടെ ഇന്ത്യ ശരിക്കും പ്രതിരോധത്തിലായി. 14 പന്തിൽ നിന്ന് ഒരു സിക്സും ഫോറുമടക്കം 14 റൺസെടുത്ത രോഹിത്തിനെ ഇഷ് സോദി മാർട്ടിൻ ഗുപ്റ്റിലിന്റെ കൈകളിലെത്തിച്ചു. പിന്നാലെ വിരാട് കോലിയേയും മടക്കിയ സോദി ഇന്ത്യയുടെ പ്രതീക്ഷകൾ ഇല്ലാതാക്കി. 17 പന്തിൽ നിന്ന് വെറും ഒമ്പത് റൺസ് മാത്രമാണ് കോലിക്ക് നേടാനായത്.
തുടർന്ന് ക്രീസിലൊന്നിച്ച ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയും ചേർന്ന് ഇന്ത്യയെ 70 റൺസ് വരെയെത്തിച്ചു. 19 പന്തുകൾ നേരിട്ട് 12 റൺസ് മാത്രമെടുത്ത ഋഷഭ് ആദം മിൽനെയുടെ പന്തിൽ ബൗൾഡായി മടങ്ങി.
ഇതിനിടെ ആറാം ഓവറിൽ ഒരു ബൗണ്ടറി കണ്ടെത്തിയ ഇന്ത്യയ്ക്ക് പിന്നീടൊന്ന് നേടാൻ 17-ാം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. ഹാർദിക് പാണ്ഡ്യയാണ് ഒടുവിൽ ഈ ബൗണ്ടറി വരൾച്ച അവസാനിപ്പിച്ചത്.24 പന്തിൽ നിന്ന് 23 റൺസെടുത്ത ഹാർദിക് പാണ്ഡ്യയെ 19-ാം ഓവറിൽ ബോൾട്ട് മടക്കി. ഒരു ബൗണ്ടറി മാത്രമാണ് വെടിക്കെട്ട് താരമായ ഹാർദിക്കിന് നേടാനായത്.
നാല് ഓവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടെൻഡ് ബോൾട്ടാണ് കിവീസ് ബൗളർമാരിൽ തിളങ്ങിയത്. നാല് ഓവറിൽ വെറും 17 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധിയും മികച്ച പ്രകടനം പുറത്തെടുത്തു.നേരത്തെ നിർണായക മത്സരത്തിലും ടോസ് നഷ്ടമായ ഇന്ത്യയ്ക്കെതിരേ ന്യൂസീലൻഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. പരിക്കേറ്റ സൂര്യകുമാർ യാദവിന് പകരം ഇഷാൻ കിഷനും ഭുവനേശ്വർ കുമാറിന് പകരം ഷാർദുൽ താക്കൂറും ടീമിലെത്തി. ന്യൂസീലൻഡ് നിരയിൽ ടിം സീഫർട്ടിനു പകരം ആദം മിൽനെ ഇടംനേടി.